TRENDING

അച്ഛന്റെ മടക്കയാത്ര ഓർക്കാതെ ഞാനെങ്ങനെ ഓണത്തെ ഓർക്കും-ശോഭ സുരേന്ദ്രന്റെ ബ്ലോഗ്

ഈ ഓണക്കാലത്ത് അച്ഛന്റെ ഓർമകളിൽ ബ്ലോഗെഴുത്തിലേക്കു കടക്കുകയാണ്. എനിക്കെന്നും ഓണക്കാലം തീഷ്ണമായ ഓർമ്മകളുടേതാണ്. നഷ്ടപ്പെട്ട കാലത്തിന്റെ ഓര്‍മകള്‍ തിരിച്ചു നല്‍കുന്നതുകൊണ്ടു
കൂടിയാണല്ലോ ഓണം നമുക്കു പ്രിയപ്പെട്ടതാകുന്നത്‌. മാവേലി നാടുവാണ കാലത്തിന്റെ നന്‍മകള്‍ പ്രകീര്‍ത്തിച്ചു മതിവരില്ല ആർക്കും. പക്ഷേ, എവിടെ ആയിരുന്നാലും മലയാളിക്ക് കൈവിട്ടുകളയാന്‍ ആഗ്രഹിക്കാത്ത ഓണത്തിന്റെ ഓർമ്മകൾ ഇത്തവണ മുന്‍കാലങ്ങളിലെപ്പോലെ നമുക്കൊപ്പമില്ല. മാസങ്ങളായി നമുക്കു നഷ്ടപ്പെടുന്ന എല്ലാ ആഘോഷങ്ങളും കൊവിഡ്‌ മഹാമാരിയുടെ പിടിയില്‍ നിന്നു രക്ഷപ്പെട്ടിട്ടു തിരിച്ചുപിടിക്കണം നമുക്ക്‌; പൊന്നോണവും. ജീവിതത്തെ പിടിച്ചുലച്ച വലിയൊരു വിയോഗത്തിന്റെ ഓര്‍മകളുടെ വാര്‍ഷികം കൂടിയാണ്‌ എനിക്ക്‌ ഓണം; അമ്മയ്‌ക്കും സഹോദരങ്ങള്‍ക്കും അത്‌ അങ്ങനെ തന്നെയാണ്‌.

അഛന്റെ വിയോഗം. മുപ്പത്തിമൂന്നു വര്‍ഷം മുമ്പ്‌ ചോതി ദിനത്തിലാണ്‌ എന്റെ ഉള്ളിലെ ഓണപ്പൂക്കളത്തില്‍ എന്നേക്കുമായി കണ്ണീര്‍ വീണത്‌. ആ വര്‍ഷവും അത്തത്തിനും ചിത്തിരയ്‌ക്കും മുറ്റത്തു പൂക്കളമിട്ടിരുന്നു. അര്‍ബുദത്തിന്റെ വേദനയില്‍ നിന്ന്‌ ആശുപത്രിവിട്ട്‌ അഛന്‍ തിരിച്ചുവരുമെന്നാണ്‌ കൗമാരക്കാരിയായ ഞാന്‍ പ്രതീക്ഷിച്ചത്‌. തൃശൂര്‍ അമലാ ആശുപത്രിയിലേക്കു പോകുമ്പോള്‍ എന്നെ കൂടെക്കൂട്ടാതിരുന്ന ചേച്ചിയും അമ്മയും എനിക്കുതന്നെ ഉറപ്പ്‌ അതായിരുന്നു, അഛനിങ്ങോട്ടു വരുമല്ലോ. വന്നു, അഛന്‍ വന്നു. ശബ്ദിക്കാതെ, ചിരിക്കാതെ, എല്ലാവരെയും കരയിച്ചുകൊണ്ട്‌. പിന്നീടെന്നും ഓണം തിരിച്ചു വരാത്ത അഛനേക്കുറിച്ചുള്ള ഓര്‍മകളുടേതുമാണ്‌.

മനസ്സടങ്ങില്ല ആ ഓര്‍മകളില്‍; അഛന്‍ അത്രക്ക്‌ സ്‌നേഹിച്ചിരുന്നു, തിരിച്ചു ഞങ്ങളും. പൂവിടുന്നതു നോക്കി വാതില്‍പ്പടിയിലിരുന്ന്‌, ആറു മക്കളില്‍ ഇളയവളായ എന്നോടുള്ള വാല്‍സല്യമത്രയും വാക്കുകളില്‍ നിറച്ച്‌ കളിവാക്കുകള്‍ പറഞ്ഞിരുന്ന അഛന്‍. നമുക്കൊരു നല്ല കാലം വരുമ്പോള്‍ ഓണം കൂടുതല്‍ നന്നായി ആഘോഷിക്കാം എന്ന്‌ കലര്‍പ്പില്ലാത്ത വാഗ്‌ദാനം നല്‍കിയിരുന്ന അഛന്‍. പതിമൂന്നു വയസ്സു വരെ അഛനായിരുന്നു ഞങ്ങളുടെ ഓണം, അതിനു ശേഷം ഇന്നോളം ഓര്‍മകളുടെ കനലാണ്‌ ഓണം. കുട്ടിക്കാലത്തെ ഓണം ഓര്‍മകള്‍ തുടങ്ങുന്നിടത്തു നിന്ന്‌ അഛന്റെ മടക്കയാത്ര വരെ; പിന്നീട്‌ അന്നു മുതല്‍ ഇനി എന്നും. അങ്ങനെ രണ്ടു ഘട്ടങ്ങളുണ്ട്‌ എന്റെ ഓണത്തിന്‌.

പാടത്ത്‌ കന്നിനെവച്ച്‌ പൂട്ടാന്‍ പോയി മടങ്ങിയ ഒരു ദിവസമാണ്‌ അഛന്റെ കാലിനടിയില്‍ ഒരു കറുത്തപാട്‌ ആദ്യം കണ്ടത്‌. എന്തോ കുത്തി എന്നാണ്‌ ആദ്യം പറഞ്ഞത്‌. നോക്കുമ്പോള്‍ ചെറുവിരല്‍ വലിപ്പത്തിലൊരു കറുത്ത പാട്‌.
ഒന്നും കടിച്ചതായിരുന്നില്ല, അതൊരു തോന്നലായിരുന്നു. പരിശോധനാഫലം ഞെട്ടലായാണ്‌ വന്നു പതിച്ചത്‌. കാന്‍സര്‍ ഇന്നത്തെപ്പോലെ സര്‍വസാധാരണ രോഗമായിരുന്നില്ല. ഒരു പൈസ കൈയില്‍ നീക്കിയിരിപ്പില്ലാത്ത കുടുംബത്തിന്‌
തിരുവനന്തപുരത്തേക്കു ചികില്‍സയ്‌ക്കായുള്ള യാത്രയേക്കുറിച്ചുള്ള ആലോചന പോലും സങ്കടപ്പെടുത്തിയിരുന്നത്‌ പതിമൂന്നുകാരിയുടെ ഓര്‍മകളിലുണ്ട്‌. മനസ്സിലെ നോവുകളാകും കൗമാരം കൂടുതല്‍ തീവ്രമായി പില്‍ക്കാലത്തേക്കു ബാക്കിവയ്‌ക്കുക എന്ന്‌ പിന്നീട്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌.

അഞ്ച്‌ പെങ്ങമ്മാരുടെ ഒരേയൊരു ഏട്ടന്‍ അഛനുമായി തിരുവനന്തപുരത്തേക്കു പോയി.ഭേദമായി എന്ന ആശ്വാസത്തോടെയാണ്‌ ഒരു മാസത്തോളം കഴിഞ്ഞു തിരിച്ചു
വന്നത്‌. പക്ഷേ, അങ്ങനെയൊന്നും പോകാനായിരുന്നില്ല കാന്‍സര്‍ അഛന്റെയടുത്തു വന്നത്‌. മൂന്നു മാസമാകുന്നതിനു മുമ്പ്‌ വേദന സഹിക്കാനാകാതെയായി. അങ്ങനെയാണ്‌ അമലയില്‍, ഇന്നും ഓരോവതവണ കാണുമ്പോഴും എന്നെ അഛന്റെ ഓര്‍മകളുടെ തീരാവേദനകളിലേക്കു കൊണ്ടുപോകുന്ന ആശുപത്രിയില്‍ അഡ്‌മിറ്റാകുന്നത്‌.
അഛനെ ആശുപത്രിയിലേക്കു കൊണ്ടുപോയതിന്റെ അടുത്ത ദിവസങ്ങളില്‍ ഓണത്തിലേക്കു നാടുണര്‍ന്നു കഴിഞ്ഞിരുന്നു. കുട്ടികള്‍ പലയിടത്തു നിന്ന്‌ സന്തോഷത്തോടെ നുള്ളിക്കൊണ്ടുവരുന്ന എത്രയെങ്കിലും പൂക്കള്‍ കൊണ്ടുള്ള പൂക്കളങ്ങളുടെ ആഹ്ലാദിപ്പിക്കുന്ന നിറങ്ങളിലേക്ക്‌. ഓണമാകുമ്പോഴേക്കും അഛന്‍ തിരിച്ചു
വരുമെന്നതില്‍ ഞങ്ങള്‍ക്കു സംശയവുമുണ്ടായിരുന്നില്ല. പൂവിടാന്‍ തുടങ്ങുമ്പോള്‍ അഛന്‍ ചവിട്ടുപടിയില്‍ ഇരിക്കുന്നുണ്ടാകും; അഛനുള്ള കാലത്ത്‌ അങ്ങനെയല്ലാത്ത ഒരൊറ്റ ഓണവും ഓര്‍മയിലില്ല. ആദ്യം മുക്കുറ്റിയാണ്‌ ഞാന്‍ വയ്‌ക്കുന്നതെങ്കില്‍,മോളേ, കാശിത്തുമ്പയല്ലേ ആദ്യം വയ്‌ക്കേണ്ടിയിരുന്നത്‌ എന്നു പറയും. പിറ്റേന്ന്‌ അഛന്‍
പറഞ്ഞതുപോലെ ആദ്യം ആ പൂവ്‌ വച്ചാല്‍, അതല്ലല്ലോ മുക്കുറ്റിയല്ലേ ആദ്യം വയ്‌ക്കുക എന്നു പറയും. വാല്‍സല്യത്തിന്റെ നിറവില്‍ കളിപ്പിക്കുന്നതാണ്‌.അഛന്‍ ആശുപത്രിയിലായിരുന്ന അത്തത്തിനും അടുത്ത
ദിവസവും വാതില്‍പ്പടിയിലിരുന്ന്‌ കളി പറഞ്ഞ്‌ ശുണ്‌ഠി പിടിപ്പിക്കാന്‍ അഛനില്ല എന്ന സങ്കടം കണ്ണുനനയിച്ചിരുന്നു. ന്റെ കുട്ടിക്ക്‌ തെറ്റുപറ്റീന്ന്‌ അഛന്‍ പറയുന്നത്‌ തെറ്റു പറ്റിയതുകൊണ്ടല്ല, അഛന്‍ ദാ, നിന്നെ നോക്കിത്തന്നെ അടുത്തിരിക്കുന്നുണ്ട്‌ എന്ന ഓര്‍മിപ്പിക്കലായിരുന്നു.
അത്‌ അങ്ങനെയായിരുന്നു എന്നു തിരിച്ചറിഞ്ഞ്‌ അഛനെ കൂടുതല്‍ക്കൂടുതല്‍ മനസ്സിലാക്കിത്‌ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലാണ്‌ എന്നതാണ്‌ സത്യം. അങ്ങനെ മനസ്സിലാക്കുന്തോറും ഉള്ളില്‍ അഛന്‍ നിറയുന്നതാണ്‌ അനുഭവം. അതുകൊണ്ട്‌ മുപ്പത്തിമൂന്നു വര്‍ഷംകൊണ്ട്‌ അഛന്റെ വിയോഗദുഖം കുറയുകയല്ല വലുതാവുകയാണ്‌ ചെയ്‌തത്‌. അഛന്റെ അഭാവം വല്ലാതെ നിറയും ഉള്ളില്‍.

അഛന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്‌തിരുന്നില്ല, മല്‍സ്യവും മാംസവും കഴിക്കാതെ സസ്യഭുക്കായി ജീവിച്ചു. കഷ്ടപ്പാടുകള്‍ക്കിടയിലും ജീവിതത്തിന്റെ അച്ചടക്കം കൈവിടാതിരുന്ന കണ്ടമ്പുള്ളി കൃഷ്‌ണന്‌ എങ്ങനെ ഈ
രോഗം വന്നു എന്ന്‌ അത്ഭുതപ്പെട്ടിരുന്നത്രേ ആളുകള്‍. എല്ലാവരും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്‌തിരുന്നു അഛനെ. അതുകൊണ്ട്‌ അഛന്റെ
രോഗം അവരെയൊക്കെ സങ്കടപ്പെടുത്തി. അഛന്‍ നഷ്ടപ്പെട്ടെങ്കിലും ഒരുപാട്‌ ആളുകള്‍ക്ക്‌ വാര്‍ധക്യത്തിന്റെ പ്രയാസങ്ങളില്‍ ഒരു കാക്കക്കാലിന്റെയെങ്കിലും തണലായി മാറാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്‌ എന്നതാണ്‌ അഭിമാനം. അത്‌ അങ്ങനെയൊരു ദൃഢനിശ്ചയത്തിന്റെ ഭാഗം കൂടിയാണ്‌.
ഇപ്പോഴും കുട്ടികളേക്കാള്‍ വീട്ടില്‍ പൂവിടുന്നതില്‍ ശ്രദ്ധ
വയ്‌ക്കുന്നതും അതില്‍ നമ്മള്‍ പൊട്ടിച്ചെടുത്ത പൂവുകള്‍ കുറച്ചെങ്കിലും വേണമെന്നും നിര്‍ബന്ധം പിടിക്കുന്നതും ഞാനാണ്‌. പക്ഷേ, അത്തം എത്തുമ്പോഴും ഓണത്തിന്റെ ആഹ്ലാദത്തിലും അഛന്‍ സ്‌നേഹമായും കളി പറയലായും
നല്ല കാലത്തിന്റെ പ്രതീക്ഷ നല്‍കുന്ന വാക്കുകളായും നെഞ്ചില്‍ വന്നു നിറയും. വേര്‍പാടിന്റെ ആ വേദന ഓര്‍മയില്‍ നിന്ന്‌ മായില്ല; അതുകൊണ്ട്‌ ഒരു സന്തോഷവും പരിധി വിടുകയുമില്ല. അഛനാണ്‌ എന്റെ ആഹ്ലാദങ്ങളുടെ പരിധിയും വിശുദ്ധിയും. ആ ഓര്‍മകളിലാണ്‌ ഞാന്‍ എന്നെ അറിയുന്നത്‌; അമ്മയെയും കൂടെപ്പിറപ്പുകളെയും അറിയുന്നത്‌. പല പ്രസിദ്ധീകരണങ്ങളും പലപ്പോഴും ഓണം
ഓര്‍മകള്‍ അഭിമുഖങ്ങളായും മറ്റും ചോദിച്ചപ്പോഴൊക്കെ ഒഴിഞ്ഞു മാറിയിട്ടേയുള്ളു. ഓര്‍മകളിലെ ഓണത്തില്‍ അഛന്റെ മടക്കത്തിന്റെ കണ്ണീരുണ്ട്‌ എന്നതുതന്നെയാണു കാരണം. അതെ, ഓണത്തിന്റെ ഓര്‍മകളില്‍ അഛന്റെ മടക്കത്തിന്റെ നോവത്രയുമുണ്ട്‌.

Back to top button
error: