TRENDING

പരീക്ഷയ്ക്കെത്താന്‍ പറയുന്നത് ന്യായമല്ല; നീറ്റ്-ജെഇഇ പരീക്ഷകള്‍ മാറ്റിവെയ്ക്കണം: ഗ്രേറ്റ തുന്‍ബര്‍ഗ്

കാലാവസ്ഥ പ്രതിസന്ധിക്കും ആഗോളതാപനത്തിനുമെതിരെ സമരം നയിക്കുന്ന ആ പതിനാറ് വയസ്സുകാരിയായ ഗ്രേറ്റ തുന്‍ബര്‍ഗിനെ ആരും തന്നെ മറന്നുകാണില്ല. എല്ലാ വെള്ളിയാഴ്ചകളിലും സ്‌കൂളില്‍ നിന്ന് അവധി എടുത്ത് സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരം ഇരുന്നാണ് ഗ്രേറ്റയെ ലോകം ശ്രദ്ധിച്ചത്. മാത്രമല്ല യു.എന്‍ കാലാവസ്ഥ ഉച്ചകോടിയല്‍ ക്ഷണിക്കപ്പെട്ട ഈ മിടുക്കി നടത്തിയ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

പറയുന്ന വാക്കിലെ വിശ്വാസ്യതയും ധൈര്യവും തന്നെയാണ് ഈ കൊച്ചുമിടുക്കിയിലെ മിടുക്കും. ഇപ്പോഴിതാ ഈ കോവിഡ് കാലത്ത് ഇന്ത്യയില്‍ നീറ്റ്-ജെഇഇ പ്രവേശന പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകയായ ഈ സ്വീഡിഷ് പെണ്‍കുട്ടി.

ട്വിറ്ററിലൂടെയാണ് ഗ്രേറ്റ തന്റെ പിന്തുണ അറിയിച്ചത്. കോടിക്കണക്കിന് ജനങ്ങളെ മഹാമാരിയും പ്രളയവും ബാധിച്ചിരിക്കുന്ന കാലത്ത് വിദ്യാര്‍ഥികളോട് പരീക്ഷയ്ക്കെത്താന്‍ പറയുന്നത് ന്യായമല്ല. പ്രവേശന പരീക്ഷകള്‍ മാറ്റിവെക്കാനുള്ള പ്രതിഷേധങ്ങളില്‍ താനും പങ്കുചേരുന്നുവെന്ന് ഗ്രേറ്റ ട്വീറ്റ് ചെയ്തു.

രാജ്യത്ത് ജെഇഇ മെയിന്‍ പരീക്ഷ സെപ്തംബര്‍ ആദ്യവാരവും നീറ്റ് പ്രവേശന പരീക്ഷ സെപ്തംബര്‍ 13നും നടത്താനാണ് നിലവിലെ തീരുമാനം. ജെഇഇ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഇതിനകം പുറത്തിറക്കി.

ഇതിനെതിരെ വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നും രാഷ്ട്രീയ,സാമൂഹ്യ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും പ്രതിഷേധമുയരുന്നുണ്ട്. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, സുബ്രഹ്മണ്യന്‍ സ്വാമി, ആദിത്യ താക്കറെ, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്.

8,58,273 കുട്ടികള്‍ ജെഇഇ മെയിനിനായും, 16 ലക്ഷത്തോളം നീറ്റിനായും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡിനിടയില്‍ ഇത്രയധികം വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തുന്നതില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Back to top button
error: