NEWS

പട്ടിയുടെ വാൽ പന്തീരാണ്ടു കൊല്ലം ഓടക്കുഴലിൽ ഇട്ടാലും വളഞ്ഞു തന്നെ ഇരിക്കും: മാതൃഭൂമിയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് മന്ത്രി കെ.ടി ജലീൽ

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഏറനാട് വള്ളുവനാട് താലൂക്കുകളിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് ഈ ആഗസ്റ്റ് 20 ന് 100 വയസ്.

1921 ആഗസ്റ്റ് 20നാണ് ആ പോരാട്ടം പാരമ്യതയിലെത്തിയതിൻ്റെ വെടിപൊട്ടിയത്. ധീരമായ ആ സമരത്തിൻ്റെ നൂറാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ദിനമാണിന്ന്. ഒരു ചരിത്ര വിദ്യാർത്ഥിയായത് കൊണ്ടാകണം രാവിലെ പത്രങ്ങളിലെല്ലാം അതിൻ്റെ വാർത്തകൾ പരതി. ദേശാഭിമാനിയല്ലാതെ മറ്റൊരു പത്രവും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീരമായ ആ ചെറുത്തുനിൽപ്പ് അനുസ്മരിച്ചതായി കണ്ടില്ല. മാപ്പിള ലഹളയെന്ന് മുദ്രകുത്തി ബ്രിട്ടീഷുകാർ താറടിച്ച് കാണിക്കാൻ ശ്രമിച്ച മലബാർകലാപത്തെ അതിൻ്റെ ഇരുപത്തിയഞ്ചാം വാർഷിക ദിനമായ 1946 ആഗസ്റ്റ് 20 ന്, കമ്മ്യൂണിസ്റ്റ് പാർട്ടി തങ്ങളുടെ സുചിന്തിതമായ രാഷ്ട്രീയ പ്രമേയത്തിലൂടെ ശക്തമായി പിന്തുണച്ചു. അന്നേ ദിവസം പ്രസ്തുത പ്രമേയത്തിൻ്റെ അന്തസ്സത്ത ഉൾകൊള്ളിച്ച് ഇ.എം.എസ് ദേശാഭിമാനിയിൽ ”അഹ്വാനവും താക്കീതും”എന്ന തലക്കെട്ടിൽ എഴുതിയ ലേഖനം ബ്രിട്ടീഷുകാരെ അക്ഷരാർത്ഥത്തിൽ ചൊടിപ്പിച്ചു. അരിശം സഹിക്കവയ്യാതെ വെള്ളക്കാർ “ദേശാഭിമാനി” നിരോധിച്ചു. ശൂരൻമാരായ മാപ്പിള പോരാളികളെ പ്രകീർത്തിച്ച് കൊണ്ട് കമ്യൂണിസ്റ്റ്കാരനായിരുന്ന കമ്പളത്ത് ഗോവിന്ദൻനായർ മാപ്പിളപ്പാട്ടിൻ്റെ ഈണത്തിൽ രചിച്ച കവിത പ്രസിദ്ധീകരിച്ചതിൻ്റെ പേരിലും “ദേശാഭിമാനി” സായിപ്പൻമാർ കണ്ടുകെട്ടിയിരുന്നു. ഇ.എം.എസിൻ്റെ ലേഖനം “ദേശാഭിമാനി” പ്രസിദ്ധീകരിച്ചതിൻ്റെ തൊട്ടടുത്ത ദിവസം, 1946 ആഗസ്റ്റ് 21 ന്, മലബാറിലെ വീരൻമാരായ മാപ്പിള പോരാളികൾ നടത്തിയ പോരാട്ടത്തെ കമ്മ്യൂണിസ്റ്റ്പാർട്ടി മഹത്വവൽകരിച്ചതിനെ വിമർശിച്ചുകൊണ്ട് “മാതൃഭൂമി” എഴുതിയ മുഖപ്രസംഗം ചരിത്രത്തിലെ കറുത്ത ഏടുകളിൽ ഒന്നായിരുന്നു. നായയുടെ വാല് പന്തീരാണ്ടുകാലം ഓടക്കുഴലിലിട്ടാലും വളഞ്ഞ് തന്നെയിരിക്കുമെന്ന പഴമക്കാരുടെ വാക്കുകൾ അന്വർത്ഥമാക്കി ”മാതൃഭൂമി” ഇപ്പോഴും സമാന നിലപാടുകൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

ഇ.എം.എസ് 1946 ആഗസ്റ്റ് 20 ന് ”ദേശാഭിമാനി”യിൽ എഴുതിയ ലേഖനം ഇന്നത്തെ (ആഗസ്റ്റ് 20 – 2020) “ദേശാഭിമാനി”യിൽ പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ നിന്നുള്ള പ്രസക്തഭാഗം മുഖപുസ്തക വായനക്കാർക്കായി ഇവിടെ പങ്കുവെക്കുന്നു:

“1921 ആഗസ്റ്റ് 20 നാണ് ‘മാപ്പിളലഹള’ യെന്ന പേരിലറിയപ്പെടുന്നതും അതിനുമുമ്പോ പിമ്പോ കേരളത്തിൻ്റെ ചരിത്രത്തിലുണ്ടായിട്ടില്ലാത്തത്ര വമ്പിച്ചതുമായ സാമ്രാജ്യവിരോധ സമരം തിരൂരങ്ങാടിയിലും പരിസരപ്രദേശങ്ങളിലുവെച്ചു തുടങ്ങിയത്. നിരക്ഷരരും നിരായുധരുമായ സാധുകൃഷിക്കാർക്കുപോലും വമ്പിച്ച സന്നാഹങ്ങളോടുകൂടിയ സാമ്രാജ്യാധിപത്യത്തെ ആയുധമെടുത്തെതിർക്കാൻ കഴിയുമെന്നു കാണിച്ച ആ ധീരസമരത്തിൻ്റെ പാവന സ്മരണയെ ഒന്നുകൂടി പുതുക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ഈ അവസരം ഉപയോഗിക്കുന്നു.

കോൺഗ്രസ്സിൻ്റെയും ഖിലാഫത്ത് കമ്മിറ്റിയുടെയും സമരസന്ദേശം കേട്ട് ‘ചെകുത്താൻ ഭരണ’ത്തെ എതിർക്കാൻ മുന്നോട്ടുവന്ന പതിനായിരക്കണക്കിലുള്ള ധീരരായ മാപ്പിളമാരുടെ അന്നത്തെ ശൗര്യത്തെ പാർട്ടി അകംനിറഞ്ഞ അഭിമാനത്തോടുകൂടി അനുസ്മരിക്കുന്നു.

വെള്ളപ്പട്ടാളത്തിൻ്റെയും ഗൂർഖാ പട്ടാളത്തിൻ്റെയും തോക്കിനു മാറുകാണിച്ചവരും ആ പട്ടാളങ്ങളുടെ പൈശാചിക നടപടികൾക്കെതിരായി മൂന്നുനാലു മാസക്കാലത്തോളം പോരാടിയവരും, ‘പൂക്കോട്ടൂർയുദ്ധ’മെന്ന പേരിലയറിയപ്പെടുന്ന സമരത്തിൽ ബ്രിട്ടീഷ് പട്ടാളവുമായി ആയുധമേന്തി സംഘടിത സമരംതന്നെ നടത്തിയ മാപ്പിള കൃഷിക്കാരെ പാർട്ടി അഭിവാദ്യം 1 ചെയ്യുന്നു.

സാമ്രാജ്യാധിപത്യത്തിനെതിരായി പടവെട്ടാനൊരുങ്ങുന്നവർക്കെല്ലാം മുന്നറിയിപ്പെന്നോണം മാപ്പിളമാരെ തൂക്കിക്കൊല്ലുകയും ആയിരമായിരം പേരെ ആന്തമാനിലേക്ക് നാടുകടത്തിയും വിവിധ ജയിലുകളിലിട്ട് നരകിപ്പിക്കുകയും ചെയ്തു. എണ്ണമറ്റ മാപ്പിള കുടുംബങ്ങളെ അനാഥമാക്കുകയും ഹിറ്റ്ലറുടെ ഫാസിസ്റ്റ് മൃഗീയതയോടുമാത്രം ഉപമിക്കാവുന്ന ‘വാഗൺട്രാജഡി’ക്ക് കരമൊരുക്കപ്പെടുകയും ചെയ്ത കാലം. പ്രകൃതിസുന്ദരമായ മാപ്പിളനാടിനെ മരുഭൂമിയാക്കി മാറ്റിയ സാമ്രാജ്യാധിപത്യത്തിൻ്റെ മർദ്ദകഭരണത്തെ അറ്റമില്ലാത്ത വെറുപ്പോടും ദേഷ്യത്തോടും പകയോടുംകൂടി കമ്മ്യൂണിസ്റ്റ് പാർട്ടി കാണുന്നു.

ഇത്ര ധീരമായ സമരം നടത്തിയവരും ഇത്രമേൽ പൈശാചികമായ മർദ്ദനമനുഭവിച്ചവരുമായ മാപ്പിളമാരെ ‘ഹിംസ’യുടെയും ‘മതഭ്രാന്തിൻ്റെ’യും പേരുപറഞ്ഞാക്ഷേപിക്കുകയും സാമ്രാജ്യമർദ്ദനത്തെ എതിർക്കുകയെന്ന കടമയിൽനിന്നൊഴിഞ്ഞുമാറാൻ ‘അഹിംസ’ യെ ഒരൊഴിവുകഴിവായെടുക്കുകയും ചെയ്ത കോൺസ്സ് നേതൃത്വത്തിൻ്റെ ഭീരുത്വപൂർവ്വമായ നയത്തെ പാർട്ടി അവജ്ഞയോടുകൂടി ഓർമ്മിക്കുന്നു.

ഇത്ര മൃഗീയമായ സാമ്രാജ്യമർദ്ദനത്തിനിരയായ സ്വസമുദായത്തെ അതിൽനിന്നു രക്ഷിക്കാൻ ഒരു ചെറുവിരൽ പോലും അനക്കാതെ, സാധുക്കളായ മാപ്പിളമാരെ പോലീസിനും പട്ടാളത്തിനും പിടിച്ചുകൊടുത്ത് പണവും പദവിയും നേടിയ മാപ്പിള സമുദായത്തിലെ പ്രമാണിമാരുടെ രാജ്യദ്രോഹപരവും സമുദായദ്രോഹപരവുമായ പ്രവൃത്തിയെ പാർട്ടി അറപ്പോടുകൂടി വീക്ഷിക്കുന്നു.

കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ ഭീരുത്വത്തെയും മുസ്ലിം പ്രമാണിമാരുടെ രാജ്യദ്രോഹത്തെയും എതിർത്തുകൊണ്ട്, മാപ്പിളമാരുടെ വീര ചരിത്രത്തിലഭിമാനം പൂണ്ട്, 1921ൽ പ്രകടിതമായ സമര പാരമ്പര്യം നിലനിർത്തിയവരെ ആദരിച്ചും പ്രവർത്തിച്ച പരേതനായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ ആവേശകരമായ ജീവിതത്തെ പാർട്ടി സ്മരിക്കുന്നു. 1921 മാപ്പിളമാരുടെ സ്വകാര്യ സ്വത്തല്ല, മലബാറിൻ്റെ മുഴുവൻ സ്വത്താണ് എന്ന ന്യായത്തിൻമേൽ ‘മാപ്പിളലഹള’യെന്ന പേരിനുപകരം ‘മലബാർ ലഹളയെന്ന’ പേരുവിളിക്കണമെന്നു വാദിച്ച പഴയ കെ.പി.സി.സി പ്രസിഡണ്ടിൻ്റെ ആ അഭിപ്രായത്തെ കമ്യൂണിസ്റ്റ് പാർട്ടി ഒരിക്കൽക്കൂടി ശരിവെക്കുന്നു. 25 കൊല്ലം മുമ്പ് കേരളത്തിൽ നടന്ന ആ സാമ്രാജ്യവിരോധ സമരത്തിൻ്റെ ചരിത്രവും പാഠങ്ങളും ഉൾകൊള്ളാൻ ഓരോമലയാളിയോടും കമ്മ്യൂണിസ്റ്റ്പാർട്ടി അഭ്യർത്ഥിക്കുന്നു”.

മലബാറിലെ കൊളോണിയൽ വിരുദ്ധ വിപ്ലവമുന്നേറ്റങ്ങളെ ഒട്ടും വക്രീകരിക്കാതെ സത്യസന്ധമായി നോക്കിക്കണ്ട ഇ.എം.എസിനും കമ്യൂണിസ്റ്റ് പാർട്ടിക്കും ഒരു മലബാർ മാപ്പിളയുടെ കൂപ്പുകൈ. ഭൂമി പിളർന്നാലും ആകാശം ഇടിഞ്ഞു വീണാലും, മോദിയും അമിത്ഷായും കൊമ്പും കുമ്പയും കുലുക്കി തിമർത്താടിയാലും, നിലപാടിൽ അണുമണിത്തൂക്കം മാറ്റമില്ലെന്ന് ഉറക്കെ ഉറക്കെ ഉൽഘോഷിച്ച്, ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധനിരയുടെ മുന്നിൽ നെഞ്ചുവിരിച്ച് ചങ്കുറപ്പോടെ ഇന്നും നിലകൊള്ളുന്ന, പുന്നപ്രയിലും വയലാറിലും കയ്യൂരിലും കരിവള്ളൂരിലും ധീരരക്തസാക്ഷികളായ വീരപോരാളികളുടെ പിൻമുറക്കാരായ, കമ്യൂണിസ്റ്റ് സഖാക്കളുടെ ചങ്കിലെ അവസാനശ്വാസം നിലക്കുന്നതുവരെയും, കേരളത്തിൽ ഒരാൾക്കും ഫാസിസ്റ്റുകളെയും വർഗീയ ഭ്രാന്തൻമാരെയും ഭയപ്പെട്ട് ജീവിക്കേണ്ടിവരില്ലെന്ന് ഉറപ്പിക്കാം. ആ ആത്മവിശ്വാസം പകരുന്ന സുരക്ഷിത ബോധത്തിൽ സധൈര്യം മുന്നോട്ടുപോകാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: