നഗ്നശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസ്; ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ജാമ്യം
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കൊണ്ട് നഗ്‌നശരീരത്തില്‍ ചിത്രം വരപ്പിച്ച് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ജാമ്യം.
എറണാകുളം പോക്‌സോ കോടതിയാണ് രഹനക്ക് ജാമ്യം അനുവദിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മുന്നില്‍ ശരീര പ്രദര്‍ശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകനാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് രഹനയുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തിയിരുന്നു.
കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയടക്കം തള്ളിയതോടെയാണ് രഹ്ന അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് രഹ്ന സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും സുപ്രീംകോടതി കടുത്ത ഭാഷയില്‍ രഹ്നയുടെ പ്രവര്‍ത്തിയെ വിമര്‍ശിക്കുകയായിരുന്നു. ചിത്രം വരപ്പിച്ചത് അശ്ലീലതയുടെ പരിധിയില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അതിന് ശേഷം അത് പ്രചരിപ്പിക്കുകയും ചെയ്തത് സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ബോഡി ആന്‍ഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളെക്കൊണ്ട് നഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിക്കുകയും അത് സാമൂഹിക മാധ്യമത്തില്‍ രഹ്ന തന്നെ അപ്ലോഡ് ചെയ്യുകയുമായിരുന്നു.
പോക്സോ നിയമത്തിലെ 13,14,15 വകുപ്പുകള്‍ പ്രകാരവും, ഐ ടി ആക്ടിലെ 67 ബി (ഡി), ബാലനീതി നിയമത്തിലെ 75ാം വകുപ്പ് പ്രകാരവും ആയിരുന്നു രഹ്നയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.