അടുത്തമാസം മുതല്‍ സിനിമ തിയറ്ററുകള്‍ തുറന്നേക്കും; പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കോവിഡും ലോക്ഡൗണും മൂലം അടച്ചിട്ട രാജ്യത്തെ സിനിമ തിയറ്ററുകള്‍ അടുത്തമാസം മുതല്‍ തുറക്കാന്‍ അനുമതി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഒന്നിടവിട്ട നിരകളില്‍ ഇടവിട്ട് ഇരിക്കാന്‍ അനുവദിക്കുന്നതടക്കം കൃത്യമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാകും തുറക്കുക. വിദഗ്ധസമിതി ഇതിനായി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും തിയറ്ററുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തില്‍ മള്‍ട്ടി പ്ലക്‌സുകള്‍ തുറക്കാന്‍ സാധ്യതയില്ല. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ മാത്രമേ അനുവദിക്കൂ. മാസ്‌ക് നിര്‍ബന്ധമായിരിക്കും. തിയറ്ററിനകത്ത് എസി 24 ഡിഗ്രിയില്‍ പ്രവര്‍ത്തിപ്പിക്കണം. വ്യക്തിശുചിത്വം പാലിക്കുന്നതടക്കം പ്രതിരോധ നടപടികളുടെ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ഓരോ ഷോയ്ക്കുശേഷവും തിയറ്ററുകള്‍ അണുവിമുക്തമാക്കണം എന്നിവയാണ് നിര്‍ദേശങ്ങള്‍.
അതേസമയം, സംസ്ഥാനങ്ങളുടെ താല്പര്യം അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.