സിപിഐഎമ്മിനെ അമ്പരപ്പിച്ച് സിപിഐ, സഖാവിന്റെ മണ്ണ് ഇനി സിപിഐക്ക് സ്വന്തം, ഇവിടെ ഉയരുക കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം വിളംബരം ചെയ്യുന്ന രക്ത സ്മാരകം
https://youtu.be/px9P2qo6Nas
സഖാവ് എന്ന് വിളിക്കുമ്പോൾ കേരളത്തിലെ ഇടതുപക്ഷത്തിന് ആദ്യം ഓർമ വരുന്നത് ഒരാളെയാണ്, സഖാവ് പി കൃഷ്ണപിള്ള. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ശേഷം കൃഷ്ണപിള്ള ആരുടെ സ്വന്തം എന്ന കാര്യത്തിൽ തുടങ്ങിയ തർക്കം ഇന്നും തുടരുന്നു.
1948 ഓഗസ്റ്റ് 19നാണ് കൃഷ്ണപിള്ള മരിക്കുന്നത്. ആലപ്പുഴ മുഹമ്മയിൽ കയർ തൊഴിലാളിയുടെ വീട്ടിൽ ഒളിവിൽ കഴിയുമ്പോൾ ആണ് സഖാവ് പാമ്പു കടിയേറ്റ് മരിക്കുന്നത്. ആ സംഭവത്തിനു ഇന്നേക്ക് 72 വർഷം തികയുന്നു.
കൃഷ്ണപിള്ളയുടെ പാരമ്പര്യം ചേർത്ത് നിർത്താൻ സിപിഐഎമ്മിനെക്കാൾ ഒരുപടി മുന്നിൽ എത്തിയിരിക്കുക ആണ് സിപിഐ. വൈക്കത്ത് കൃഷ്ണപിള്ളയുടെ ജന്മഗൃഹം സിപിഐ വീണ്ടെടുത്തു.
പറൂർ തറവാട്ടിൽ ആണ് കൃഷ്ണപിള്ളയുടെ ജനനം. തറവാടും ഒന്നര ഏക്കർ ഭൂമിയുമാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. കൃഷ്ണപിള്ള ഗൃഹനാഥൻ ആയപ്പോൾ നിവർത്തി ഇല്ലാതെ സ്വത്ത് ഭാഗം വച്ചു. അന്ന് രണ്ടായിരം രൂപയ്ക്കാണ് പുരയിടം തീറു കൊടുത്തത്. സഹോദരനും സഹോദരിക്കുമായി ഈ തുക പങ്കുവച്ചു. പിന്നാലെ തിരിച്ചെത്തുമ്പോൾ ആയിരം രൂപ തന്നാൽ മതി എന്ന് പറഞ്ഞ് കൃഷ്ണപിള്ള നാട് വിട്ടു.
പിന്നീട് ചരിത്രം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുന്നണി പോരാളി ആയാണ് സഖാവിന്റെ തിരിച്ചുവരവ്.
അന്ന് തീറു കൊടുത്ത ഭൂമി തിരിച്ചു പിടിച്ചിരിക്കുകയാണ് സിപിഐ. കെ എസ് സുനീഷ്, കെ എസ് കണ്ണൻ, നന്ദിനി സോമൻ എന്നിവരുടെ പക്കൽ ആയിരുന്നു ഭൂമി. ഇവരിൽ നിന്ന് സിപിഐ ഭൂമി വാങ്ങി. ജന്മഗൃഹം അടങ്ങുന്ന പതിനാറര സെന്റ് ആണ് വാങ്ങിയത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരിട്ട് ഇടപെട്ടാണ് ഭൂമി വാങ്ങിയത്.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം വിളംബരം ചെയ്യുന്ന സ്മാരകം ആണ് സഖാവിന്റെ മണ്ണിൽ സിപിഐ പടുത്തുയർത്തുക. വിശാലമായ ഒരു ലൈബ്രറിയും സ്ഥാപിക്കും.