NEWS

സുശാന്തിന്റെ മരണത്തില്‍ വീണ്ടും നിര്‍ണായക വഴിത്തിരിവ്; ദില്‍ഷയുമായുളള വാട്ട്‌സാപ്പ് ചാറ്റ് പുറത്ത്, സിസിടിവിയില്‍ കുടുങ്ങിയ യുവതി ജമീല

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തും മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തില്‍ നിന്നു വീണുമരിച്ച സെലിബ്രിറ്റി മാനേജര്‍ ദിഷ സാലിയാനുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് ദേശീയ മാധ്യമങ്ങള്‍.

സുശാന്ത് വിഷാദ രോഗിയായിരുന്നെന്ന കാമുകി റിയ ചക്രവര്‍ത്തിയുടെ വാദങ്ങളെ പൊളിച്ചെഴുതുന്നതാണ് വാട്‌സാപ്പ് സന്ദേശങ്ങളെന്നും മുന്‍ മാനേജര്‍ ദിഷ സാലിയാനുമായി സുശാന്ത് അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

Signature-ad

പ്രഫഷനല്‍ കാര്യങ്ങള്‍ ഇരുവരും പരസ്പരം കൈമാറിയിരുന്നു. ദിഷയുടെ അവസാന നാളുകളിലും സുശാന്തിന്റെ പിആര്‍ വര്‍ക്കുകള്‍ അവര്‍ നിര്‍വഹിച്ചിരുന്നു. കഴിഞ്ഞ എപ്രില്‍ വരെയുള്ള ചാറ്റുകളാണ് പുറത്തായത്. ഏപ്രിലില്‍ ഏതാനും ടെലിവിഷന്‍ പരസ്യങ്ങളിലേക്ക് സുശാന്ത് കരാര്‍ ചെയ്യപ്പെട്ടതായി ചാറ്റുകളില്‍ സൂചനയുണ്ട്.

സുശാന്തിന്റെ മരണം ദിഷ സാലിയാന്റെ ദുരൂഹ മരണവുമായി ചേര്‍ത്തു വായിക്കാനുള്ള ബിഹാര്‍ പൊലീസിന്റെ ശ്രമങ്ങള്‍ക്കെതിരെ മുംബൈ പൊലീസ് പ്രതിരോധം തീര്‍ക്കുമ്പോഴാണ് വാട്‌സാപ്പ് ചാറ്റിന്റെ വിശദാംശങ്ങള്‍ പുറത്തു വരുന്നത്.

അതേസമയം, സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജൂണ്‍ 14 ന് സുശാന്തിന്റെ വീട്ടിലെത്തിയ അപരിചിതയായ യുവതിയെ സിസിടിവി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞു. നീലയും വെള്ളയും വരകളുള്ള ടീ ഷര്‍ട്ട് ധരിച്ച് ബാരികേഡുകള്‍ മറികടന്ന് സുശാന്തിന്റെ വീട്ടിലേക്കു പോകുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.

സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിയുടെ കാമുകി ജമീല കട്ട്വാലയാണ് സിസിടിവി ദൃശ്യങ്ങളിലെ യുവതിയെന്ന് തിരിച്ചറിഞ്ഞു. സുശാന്തിന്റെയും റിയ ചക്രവര്‍ത്തിയുടെയും വാട്‌സാപ്പ് ചാറ്റില്‍ ജമീലയെ കുറിച്ച് പരമാര്‍ശങ്ങളുണ്ട്. മാസ്‌ക് ധരിച്ച് സുശാന്തിന്റെ വീട്ടിലെത്തിയ യുവതിക്ക് സുശാന്തിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹം പരന്നതിനെ തുടര്‍ന്നതിനു പിന്നാലെയാണ് യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്.

സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ മരണത്തിലെ പല നിര്‍ണായക വിവരങ്ങളും നശിപ്പിക്കാന്‍ മുംബൈ പൊലീസ് ശ്രമിച്ചെന്ന് തുടക്കം മുതല്‍ പരാതി ഉണ്ടായിരുന്നു. രണ്ടു മരണങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന ബിഹാര്‍ പൊലീസിന്റെ ആവശ്യം ഫയലുകള്‍ കാണാനില്ലെന്ന ഒഴുക്കന്‍ മറുപടിയുമായാണ് മുംബൈ പൊലീസ് പ്രതികരിച്ചത്.

Back to top button
error: