കരയും കടലും കലിതുളളുന്നു;കേരളം ഭീതിയാല്‍ നടുങ്ങി വിറയ്ക്കുന്നു
കാലവര്‍ഷം കനത്തതോടെ കടല്‍ക്ഷോഭവും ഉരുള്‍പ്പൊട്ടലും കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭീതിപ്പെടുത്തി കൊണ്ടിരിക്കുന്നു. തീരദേശങ്ങളില്‍ രൂക്ഷമായ കടല്‍ക്ഷോഭവും മലയോരങ്ങളിലും ഇടനാടുകളിലും അതിശക്തമായ മഴയും മണ്ണിടിച്ചിലും മൂലം ഭീതികൊണ്ടു നടുങ്ങി വിറയ്ക്കുകയാണ് സംസ്ഥാനം.
പെരിയാര്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്നു. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി കഴിഞ്ഞു. ഒപ്പം ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു കഴിഞ്ഞു. ദേശവാസികള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
മൂവാറ്റുപുഴയാര്‍ കരകവിഞ്ഞൊഴുകിയതോടെ ഇരുകരകളിലുമുളളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പമ്പാനദിയിലും സ്ഥിതി വ്യത്യസ്ഥമല്ല. കഴിഞ്ഞ പ്രളയത്തെ അനുസ്മരിപ്പിക്കും വിധം വെളളം ഉയര്‍ന്നു കൊണ്ടിരിക്കുന്നു.
ഇരിട്ടി പളളിത്തോട് പുഴയിലെ വെളളപ്പൊക്കത്തില്‍ ഒരു യുവാവിനെ കാണാതായി.
കോട്ടയം ജില്ലയില്‍ മീനച്ചിലാറിന്റെ ഇരുകരകളും നിറഞ്ഞുകവിഞ്ഞതോടെ കടുത്ത ഭയപ്പാടിലാണ് ജനങ്ങള്‍. പൂഞ്ഞാര്‍ പാതാമ്പുഴയില്‍ ഉരുള്‍പൊട്ടി കൃഷിയും നീടുകളും നശിച്ചു. ഈരാറ്റുപേട്ട, പാല റോഡ് അടച്ചു കഴിഞ്ഞു. പാലാ ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെളളത്തിനടിയിലായി.
വയനാട് പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലായി. മുണ്ടകൈ മേപ്പാടി ഉരുള്‍പൊട്ടി. വെളളപ്പൊക്കത്തില്‍ വയനാട് ദേശീയപാത അടച്ചു.
മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയിലെ ഉരുള്‍പൊട്ടലിന്റെ ആഘാതത്തിലാണ് ഈ നിമിഷം കേരളം. മണ്ണിടിച്ചിലില്‍ എത്ര പേരെ കാണാതായി എന്നോ എത്ര പേര്‍ ഇതിനോടകം പിടഞ്ഞു മരിച്ചു എന്നോ വ്യക്തതയില്ല. മൂന്നാറില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരെയുളള രാജമലയില്‍ എത്തിച്ചേരാന്‍ തന്നെ പ്രയാസമാണ്. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് പോകുന്നില്ല.