കണ്ണൂര്‍: കണ്ണൂർ കൂത്തുപറമ്പിനടുത്ത് തൃക്കണ്ണാപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ശ്രീനാരായണ വായനശാലക്ക് മുന്നിലെ കുളത്തിൽ സഹപാഠികൾക്കൊപ്പം കുളിക്കാനിറങ്ങിയ നിദാൽ ആണ് മരിച്ചത്. നാട്ടുകാരെത്തി നിദാലിനെ കുളത്തില്‍ നിന്ന് പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 14 വയസായിരുന്നു. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇതിനിടെ വട്ടിയൂര്‍ക്കാവ് കരമനയാറ്റിൽ മീൻപിടിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികൾ ഒഴുക്കിൽപ്പെട്ടു. മേലേകടവ് ഭാഗത്ത് ഇറങ്ങിയ പട്ടം സെന്റ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നിരഞ്ജൻ, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ജിബിത്ത് എന്നിവരെയാണ് കാണാതായത്. മീൻപിടിക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെട്ടെന്നാണ് വിവരം. മൂന്നാംമൂട്, പാപ്പാട് സ്വദേശികളാണ് ഇരുവരും. പ്രദേശത്ത് ഫയര്‍ഫോഴ്സും മുങ്ങൽ വിദഗ്ധരുടെ സംഘവും തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കുള്ളതിനാൽ രാത്രി എട്ടരയോടെ അവസാനിപ്പിച്ചു.