IndiaNEWS

വ്യോമസേനയിൽ അടുത്ത വർഷം മുതൽ വനിതാ അ​ഗ്നിവീർ

ദില്ലി: അടുത്ത വർഷം മുതൽ വ്യോമസേന അഗ്നിവീർ പദ്ധതിക്ക് കീഴിൽ വനിതാ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്താൻ തീരുമാനിച്ചതായി ഇന്ത്യൻ വ്യോമസേനാ ചീഫ് എയർ ചീഫ് മാർഷൽ വി ആർ ചൗധരി പറഞ്ഞു. ഇന്ത്യൻ വ്യോമസേന രൂപീകൃതമായി 90 വർഷം പൂർത്തിയാകുന്ന വേളയിലാണ് സുപ്രധാന പ്രഖ്യാപനം.

ഇതാദ്യമായാണ് അദർ റാങ്ക് (OR ) തലത്തിൽ സേനയിൽ വനിതാ ഉദ്യോഗാർത്ഥികൾക്ക് വ്യോമസേന അവസരം പ്രഖ്യാപിക്കുന്നത്. നാവികസേനയും കരസേനയും അഗ്നിവീർ പദ്ധതിയിൽ സ്ത്രീകളെ ഒആർമാരായി ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. വ്യോമസേന ഉദ്യോഗസ്ഥ തലത്തിൽ വനിതകളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞങ്ങൾ ഒരു സ്ഥാപനമെന്ന നിലയിൽ ലിംഗസമത്വവാദികളാണ്. എല്ലാത്തിനും ഉപരിയായി കഴിവും പ്രകടനവുമാണ് ഞങ്ങൾ അംഗീകരിക്കുന്നത്. ഐഎഎഫിലെ വനിതാ ഓഫീസർമാരുടെ ഉയർന്ന അനുപാതം ലിംഗഭേദമില്ലാതെ ഓരോ വ്യക്തിക്കും തുല്യ അവസരവും സമനിലയും നൽകുന്നതിലെ ഞങ്ങളുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്. വി ആർ ചൗധരി പറഞ്ഞു.

Signature-ad

‘അഗ്‌നിപഥ് പദ്ധതിയിലൂടെ വ്യോമസേനയിലേയ്ക്ക് അംഗങ്ങളെ എത്തിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പക്ഷേ നമ്മുടെ രാജ്യത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് ഇത് മികച്ച ഒരു അവസരമാണ്. ഓരോ അഗ്‌നിവീറുകളും അവര്‍ക്ക് ആവശ്യമായ വിജ്ഞാനവും വൈദഗ്ദ്ധ്യവും നേടിത്തന്നെ വ്യോമസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നുമെന്ന് ഉറപ്പാക്കണം. ഇതിനായി പരിശീലന മാര്‍ഗങ്ങളില്‍ വേണ്ട വിധത്തിലുള്ള മാറ്റം വരുത്തിയിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത വർഷം സ്ത്രീ അഗ്നിവീറുകളെ ഉൾപ്പെടുത്താനാണ് പദ്ധതിയിട്ടിട്ടുള്ളത്. അടുത്ത വർഷം റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ഏകദേശം 3,500 അഗ്നിവീരന്മാരെ ഉൾപ്പെടുത്താനാണ് വ്യോമസേന പദ്ധതിയിടുന്നത്. ഈ വർഷം ഡിസംബറിൽ മൊത്തം 3,000 പുരുഷ അഗ്നിവീരന്മാർ സേവനത്തിനായി സേനയിൽ ചേരും. വ്യോമസേന ഉദ്യോഗസ്ഥര്‍ക്കായി പുതിയ ആയുധ സംവിധാന ശൃംഖല രൂപവത്കരിക്കും. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് വ്യോമസേനയില്‍ ഇത്തരത്തില്‍ ഒരു പുതിയ പ്രവര്‍ത്തന ശൃംഖല ആരംഭിക്കുന്നത്. പുതിയ ശൃംഖല രൂപവത്കരിക്കുന്നതോടെ ചെലവ് ഇനത്തിൽ 3,400 കോടി രൂപയുടെ ലാഭമുണ്ടാക്കാനാകും. സേനയിലെ എല്ലാത്തരം ആധുനിക ആയുധ സംവിധാനങ്ങളും ഈ ശൃംഖല കൈകാര്യം ചെയ്യും.

Back to top button
error: