കോഴിക്കോട്: കുന്നമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ തീപിടിത്തം. എക്സിക്യൂട്ടീവ് ഹാളും ഫര്‍ണിച്ചറുകളും എ.സിയും രേഖകളും കത്തിനശിച്ചു. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെ അടച്ചിട്ട ഓഫീസില്‍നിന്നും പുക ഉയരുന്നത് കണ്ട സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കയറി തീ അണയ്ക്കാന്‍ ശ്രമം നടത്തി.
അഗ്നിശമന സേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചതിനാല്‍ തീ സമീപത്തേക്ക് പടര്‍ന്നില്ല. വാതില്‍ തുറക്കാനുള്ള ശ്രമത്തിനിടെ ഐ.എന്‍.ടി.യു.സി. നേതാവിന് പരുക്കേറ്റു. തീപിടുത്തത്തില്‍ ദുരൂഹതയുണ്ടോ എന്ന് സംശയിക്കുന്നതായി മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് പൊലീസ് അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കെ.എസ്.ഇ.ബിയുടെ വിദഗ്ദ സംഘമെത്തി പരിശോധന നടത്തിയാലേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ. അഞ്ചു ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.