SportsTRENDING

ഏഷ്യാ കപ്പ്: ഹോങ്കോങ് വീണു; പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍

ഷാര്‍ജ: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പൊരുതി നോക്കിയതിന്‍റെ ആത്മവിശ്വാസത്തില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടന്ന ഹോങ്കോങിന് പൊരുതാന്‍ പോയിട്ട് ഒന്ന് പിടയാന്‍ പോലുമായില്ല. 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങ് 10.4 ഓവറില്‍ 38 റണ്‍സിന് ഓള്‍ ഔട്ടായി. 155 റണ്‍സിന്‍റെ കൂറ്റന്‍ ജയവുമായി പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്തുന്ന നാലാമത്തെ ടീമായി.

ഹോങ്കോങ് നിരയില്‍ ഒറ്റ ബാറ്റര്‍ പോലും രണ്ടക്കം കടന്നില്ല. എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ നിസാത് ഖാനാണ് ഹോങ്കോങിന്‍റെ ടോപ് സ്കോറര്‍. ആറ് റണ്‍സെടുത്ത കിഞ്ചിത് ഷാ ആണ് രണ്ടാമത്തെ ടോപ് സ്കോറര്‍. എക്സ്ട്രാ ഇനത്തില്‍ കിട്ടിയ 10 റണ്‍സ് ആണ് ഹോങ്കോങിനെ 38 റണ്‍സിലെത്തിച്ചത്.സ്കോര്‍ പാക്കിസ്ഥാന്‍ 20 ഓവറില്‍ 193-2. ഹോങ്കോങ് 10.3 ഓവറില്‍ 38ന് ഓള്‍ ഔട്ട്. ഹോങ്കോങിന്‍റെയും ഏഷ്യാ കപ്പില്‍ ഒരു ടീമിന്‍റെയും ഏറ്റവും ചെറിയ ടി20 ടോട്ടലാണിത്. ടി20 ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍റെ ഏറ്റവും വലിയ വിജയവുമാണിത്.

Signature-ad

പാക്കിസ്ഥാനുവേണ്ടി ഷദാബ് ഖാന്‍ 2.4 ഓവറില്‍ എട്ട് റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് നവാസ് രണ്ടോവറില്‍ അഞ്ച് റണ്‍സിന് മൂന്നും നസീം ഷാ രണ്ടോവറില്‍ ഏഴ് റണ്‍സിന് രണ്ടും ഷാനവാസ് ദഹാനി ഒരു വിക്കറ്റുമെടുത്തു. ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുും. അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമാണ് സൂപ്പര്‍ ഫോറിലെ മറ്റ് രണ്ട് ടീമുകള്‍.

തുടക്കത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 16 റണ്‍സിലെത്തിയശേഷമാണ് ഹോങ്കോങ് 22 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ ഔട്ടായത്. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ക്യാപ്റ്റന്‍ ബാബര്‍ അസം ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയെങ്കിലും മുഹമ്മദ് റിസ്‌വാന്‍റെയും ഫഖര്‍ സമന്‍റെയും അര്‍ധസെഞ്ചുറികളുടെയും ഖുഷ്ദില്‍ ഷായയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും മികവിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തത്. 57 പന്തില്‍ 78 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റിസ്‌വാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഫഖര്‍ സമന്‍ 41 പന്തില്‍ 53 റണ്‍സെടുത്തപ്പോള്‍ ഖുഷ്ദില്‍ ഷാ 15 പന്തില്‍ 35 റണ്‍സെടുത്തു.

പതിനാലാം ഓവറി 100 കടന്ന പാക്കിസ്ഥാന്‍ 17 ഓവര്‍ കഴിഞ്ഞപ്പോള്‍ 138-2 എന്ന സ്കോറിലായിരുന്നു പാക്കിസ്ഥാന്‍. എന്നാല്‍ അവസാന ഓവറുകളില്‍ ഹോങ്കോങ് ബൗളര്‍മാര്‍ വൈഡുകള്‍ വാരിക്കോരി നല്‍കിയപ്പോള്‍ പാക്കിസ്ഥാന്‍ സുരക്ഷിത സ്കോറിലേക്ക് നീങ്ങി.

Back to top button
error: