പാലക്കാട് മലമ്പുഴയിൽ ഉറങ്ങിക്കിടന്ന നാലരവയസുകാരൻ വീടിൻ്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എൻ. രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അമ്മ ബിബിതയുടെ വീട്ടിൽവെച്ചാണ് പാമ്പുകടിയേറ്റത്.
വീട്ടിലെ കിടപ്പുമുറിയില്‍ നിലത്ത് പായ വിരിച്ച് അമ്മയോടൊപ്പം ഉറങ്ങിയതായിരുന്നു. ബിബിതയുടെ കഴുത്തില്‍ക്കൂടി ഇഴഞ്ഞതോടെയാണ് പാമ്പ് എത്തിയത് അറിഞ്ഞത്.
വൈകാതെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും തൊണ്ടയ്ക്ക് വേദനയുള്ളതായി പറയുകയും ദേഹത്ത് നീര്‍ക്കെട്ട് വരികയും ചെയ്തതോടെ പാമ്പിന്റെ കടിയേറ്റതായി സംശയം തോന്നി. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും കുട്ടി മരിച്ചു. കൊട്ടേക്കാട് കാളിപ്പാറ വികെഎൻ എൽപി സ്കൂളിൽ യുകെജി വിദ്യാർഥിയാണ് അദ്വിഷ് കൃഷ്ണ.