തിരുവനന്തപുരം: 2025 ഓടെ സംസ്ഥാനത്തെ ദേശീയപാതാ നവീകരണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഏകദേശം 600 കിലോമീറ്റർ റോഡാണ് ആറുവരി പാതയാക്കുന്നത്. ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിന് 25 ശതമാനം തുക നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. മറ്റു സംസ്ഥാനങ്ങളിൽ മുഴുവൻ തുകയും ദേശീയപാത അതോറിറ്റിയാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല മണ്ഡലത്തിലെ മൈലക്കര, പൂഴനാട്, മണ്ഡപത്തിൻകടവ്, മണക്കാല, പേരോണം റിംഗ് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകക്കായിരുന്നു മന്ത്രി.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെയെല്ലാം ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയിൽ അത് സാധ്യമല്ല. പക്ഷേ അടുത്ത അഞ്ചു കൊല്ലം കൊണ്ട് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളിലെ 50 ശതമാനം ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒറ്റശേഖരമംഗലം, കള്ളിക്കാട് ഗ്രാമ പഞ്ചായത്തുകളെ മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് കടന്നുപോകുന്ന പ്രധാന ഗ്രാമീണ റോഡാണ് മൈലക്കര- പൂഴനാട്- മണ്ഡപത്തിൻകടവ് -മണക്കാല- പേരേക്കോണം- റിംഗ് റോഡ്. ബി എം ബി സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. 10 കോടി രൂപയാണ് പദ്ധതിയുടെ ബഡ്ജറ്റ്.
മണ്ഡപത്തിൻകടവ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ സി കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരുന്നു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽകൃഷ്ണൻ, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു