പാലക്കാട്: ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കേരളത്തിലെത്തിച്ച് റീടെയ്ല്‍ വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍. കൊലപാതകക്കേസിലുള്‍പ്പെടെ പ്രതിയായ മുത്തുകുമാര്‍ എന്ന സ്വാമി മുത്തുകുമാറാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 6.8 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ചില്ലറ വിപണിയില്‍ നാല് ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
ഭക്തിയുടെ മറവിലാണ് മുത്തു കുമാര്‍ കഞ്ചാവ് വിറ്റിരുന്നത്. തൃശൂര്‍ ജില്ലയില്‍ ഒരു കൊലപാതക കേസും തൃശൂര്‍ എക്സൈസ് കഞ്ചാവ് കേസിലും ഇയാള്‍ പ്രതിയായിരുന്നു. പാലക്കാട് ഡാന്‍സാഫ് സ്ക്വാഡും ഗുണ്ടാ വിരുദ്ധ സ്ക്വാഡ് , അഗളി പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ അഗളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പാലക്കാട് ജില്ലയിലെ അഗളി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലും തൃശൂര്‍ ഭാഗങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാര്‍ക്കായി എത്തിച്ചതാണ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവ്. പ്രതി ഇക്കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആര് വിശ്വനാഥിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പാലക്കാട് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം അനില്‍ കുമാര്‍, അഗളി ഇന്‍സ്പെക്ടര്‍ അരുണ്‍ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കഞ്ചാവിന്റെ മുഖ്യ വില്‍പ്പനക്കാരിലൊരാളായ മുത്തുകുമാറിനെ പിടികൂടിയത്.