KeralaNEWS

അത്താഴത്തിന് ഇന്ന് കഞ്ഞി ആയാലോ ? അറിയാം കഞ്ഞിയുടെ ഗുണങ്ങൾ

ഔഷധക്കഞ്ഞി ഉൾപ്പടെ പലതരം കഞ്ഞികൾ ഉണ്ടാക്കുന്ന വിധം
 
 
ഞ്ഞി’ എന്നു പറയുന്നതു തന്നെ മോശം എന്നു കരുതുന്ന കാലമാണ്.’അൽപ്പം കഞ്ഞിയെടുക്കട്ടെ’ എന്ന ചോദ്യം പോലും ഇന്ന് പരിഹാസരൂപേണ ചോദിക്കുന്നവരാണ് നമ്മൾ.എന്നാൽ നമ്മുടെ പഴയ തലമുറകളുടെ ആരോഗ്യം കാത്തത് ഒരുപരിധി വരെ കഞ്ഞി തന്നെയായിരുന്നു. നമുക്കു തയാറാക്കാവുന്ന ചിലവു കുറഞ്ഞ, മികച്ച പോഷകാഹാരമാണിത്. തവിട് അധികം നഷ്‌ടപ്പെട്ടിട്ടില്ലാത്ത കുത്തരി കൊണ്ടുള്ള കഞ്ഞിക്കു ഗുണം കൂടും.അരിയുടെയും തവിടിന്റെയും പ്രധാന പോഷകാംശം കഞ്ഞിവെള്ളത്തിലായിരിക്കും.അത് ഊറ്റിക്കളഞ്ഞ് ചോറ് ആയി കഴിച്ചാലേ അന്തസ്സ് ഉള്ളൂ എന്നതു പുത്തൻമലയാളിയുടെ ശീലം.

ഒരു നേരമെങ്കിലും കഞ്ഞി കുടിക്കുകയെന്നതു പണ്ടു മലയാളിയുടെ ശീലമായിരുന്നു.അന്നു മലയാളിക്ക് ആരോഗ്യവും ഉണ്ടായിരുന്നു.കഞ്ഞിയുടെ പാരമ്പര്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ‘ദേവന്മാർക്ക് അമൃതു പോലെയാണു മനുഷ്യന്മാർക്കു കഞ്ഞി’ എന്നാണ് പതിനഞ്ചാം നൂറ്റാണ്ടിൽ ഉദ്ദണ്ഡശാസ്‌ത്രികൾ പോലും പറഞ്ഞത്. അതു കഞ്ഞിയുടെ മഹത്വം.

കഞ്ഞിയെന്നത് മലയാളികള്‍ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന ഭക്ഷണമാമെന്നു പറഞ്ഞാലും തെറ്റില്ല. പണ്ടത്തെ കാലത്ത് അത്താഴത്തിന് ചപ്പാത്തിയോ ചോറോ പൊറോട്ടയോ ബിരിയാണിയോ ആയിരുന്നില്ല, പതിവ്. കഞ്ഞി തന്നെയായാിരുന്നു.നല്ല ആവി പറക്കുന്ന കഞ്ഞിയും ചമ്മന്തിയും പിന്നെ എന്തെങ്കിലും തോരനുമെങ്കില്‍ അത്താഴം സുഭിഷമായി എന്നു കരുതിയിരുന്ന കാലഘട്ടം ഉണ്ടായിരുന്നു.രാത്രി മാത്രമല്ല, രാവിലെയും, പാടത്തു പണിയ്ക്കു ശേഷവുമെല്ലാം കഞ്ഞി കഴിച്ചിരുന്ന കാലവും ഉണ്ടായിരുന്നു.


കഞ്ഞി ആരോഗ്യകരമായ ഭക്ഷണമാണ്.വിറ്റാമിൻ ബി, ഇ, പിപി എന്നിവയുടെ സാന്നിധ്യമാണ് കഞ്ഞിയുടെ ഗുണങ്ങൾ.കൂടാതെ, ഈ കഞ്ഞിയിൽ മനുഷ്യശരീരത്തിന് ആവശ്യമായ മാംഗനീസ്, പൊട്ടാസ്യം, ഫോസ്ഫറസ്,ഇരുമ്പ്, കാൽസ്യം, സെലിനിയം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്.കഞ്ഞിയുടെ ഉപയോഗം ശരീരത്തിലെ വിവിധ ദോഷകരമായ വസ്തുക്കളെ വലിച്ചെടുക്കാനുള്ള കഴിവ് നൽകുന്നു, അതുവഴി വിഷവസ്തുക്കളെയും ഇല്ലാതാക്കാൻ സഹായിക്കുന്നു.അതിനാൽത്തന്നെ ആറിയ കഞ്ഞി പഴങ്കഞ്ഞി എന്ന മുൻവിധിയെടുക്കാതെ ഇത് മുഴുവൻ വായിക്കുക.
അരി വെന്ത വെള്ളത്തോട് കൂടി കഴിക്കുന്ന ഭക്ഷണമാണ് കഞ്ഞി. ഗ്രാമപ്രദേശങ്ങളിലെല്ലാം ഇന്നും ഒരു നേരമെങ്കിലും കഞ്ഞികുടിക്കൽ പലരുടെയും ശീലമാണ്.അരി വേവിച്ചതിന് ശേഷം പൊതുവെ കളയാറുള്ള കഞ്ഞിവെള്ളം നല്ലൊരു പാനീയം കൂടിയാണ്.പനിയും മറ്റും ഉണ്ടാവുമ്പോൾ പൊതുവെ നിർദ്ദേശിക്കാറുള്ള ഭക്ഷണ പദാർത്ഥവും കഞ്ഞിയാണ്.വിശപ്പിനും ക്ഷീണത്തിനും ഉത്തമമായ കഞ്ഞി പലവിധ മരുന്നുകൂട്ടുകൾ ചേർത്ത് ഔഷധക്കഞ്ഞിയായും ഉപയോഗിക്കുന്നു.
ഉലുവാകഞ്ഞി, ജീരകക്കഞ്ഞി, ഔഷധക്കഞ്ഞി, പൂക്കഞ്ഞി, കർക്കടക്കക്കഞ്ഞി തുടങ്ങി പലരീതികളിലുള്ള കഞ്ഞി വെക്കാറുണ്ട്. ഭക്ഷണത്തിലൂടെ മരുന്ന് എന്ന ആശയമാണു മരുന്നുകഞ്ഞിക്കു പിന്നിൽ പ്രവർത്തിക്കുന്നത്.ഇവിടെ കഞ്ഞി തന്നെ കഷായമായി മാറുകയാണ്.

ഉലുവാക്കഞ്ഞി

Signature-ad

വാതരോഗങ്ങൾക്കും പിത്താശയ രോഗങ്ങൾക്കും ഗർഭാശയ രോഗങ്ങൾക്കും ആർത്തവസംബന്ധമായ അസ്വസ്ഥതകൾക്കും ആയുർവേദം വിധിക്കുന്ന ഔഷധമാണ് ഉലുവാക്കഞ്ഞി. കുതിർത്ത ഉലുവ പകുതി അരച്ചതും ജീരകംചുക്ക്, വരട്ടുമഞ്ഞൾ, വെളുത്തുള്ളിഅയമോദകംകുരുമുളക് എന്നിവ നാളികേരം കൂടി അരച്ചെടുത്തതും പൊടിയരിയും ആണിതിലേക്ക് വേണ്ടത്.

 

നാളികേരവും സുഗന്ധദ്രവ്യങ്ങളും ചേർത്തു ചതച്ചെടുത്ത മിശ്രിതത്തിന്റെ നാലിരട്ടി പൊടിയരിയും എട്ടിരട്ടി വെള്ളവും എടുക്കുക.വെള്ളം തിളപ്പിച്ചു മിശ്രിതങ്ങളിടുക.അതിനുശേഷം ഏകദേശം വെന്തുവരുമ്പോൾ അരിയിടുക. നന്നായി വേകിച്ച് ഉപ്പും നെയ്യും കൂട്ടി ഉപയോഗിക്കാം. ഉലുവാക്കഞ്ഞി രാവിലെ കുടിക്കുകയാണ് ഉത്തമം.

ഔഷധക്കഞ്ഞി

ചെറുപനച്ചി(അരച്ചത്), കുടങ്ങൽ(ചതച്ചത്), തൊട്ടാവാടി(അരച്ചത്), ചങ്ങലംപരണ്ട, നെയ്വള്ളി(ഒരുമിച്ചു കിഴികെട്ടിയിടാം) എന്നിവ ഉണക്കലരിയുമായി ചേർത്താണിതുണ്ടാക്കുന്നത്.ചെറുപനച്ചി, കുടങ്ങൽ, തൊട്ടാവാടി, ചങ്ങലംപരണ്ട എന്നിവ വെള്ളത്തിലിട്ടു തിളപ്പിക്കുക.വെള്ളം പകുതിയാക്കി വറ്റിച്ച് ഉണക്കലരിയിട്ടു വേവിച്ചെടുക്കുക.രാവിലെയാണ് ഔഷധക്കഞ്ഞി കുടിക്കാൻ പറ്റിയത്. ഉപ്പും നെയ്യും ഔഷധക്കഞ്ഞിയിലും ഉപയോഗിക്കാവുന്നതാണ്.

കർക്കടകക്കഞ്ഞി

കൊത്തമ്പാലരിചെറുപുന്നയരികുടകപ്പാലയരിവിഴാലരികാർക്കോകിലരി, ഏലത്തരി, ജീരകം, ഉലുവ, ആശാളി, ചുക്ക്, കൊടുവേലി, തിപ്പലി, ചെറൂള, ദേവതാരം തുടങ്ങിയവ കഷായംവച്ച് ഇതിൽ നവരയരി വേവിച്ചു തേങ്ങാപ്പാലും ചേർത്തുണ്ടാക്കുന്ന കഞ്ഞി കർക്കടകത്തിൽ ഉപയോഗിക്കാം.കക്കുംകായബ്രഹ്മി, കുടങ്ങൽ തുടങ്ങിയ മരുന്നുകളും ഇതിൽ ചേർക്കാം.പഥ്യത്തോടെ ഏഴു ദിവസം അത്താഴത്തിന് ഔഷധക്കഞ്ഞി കുടിക്കണം.ഉപ്പിനു പകരം ഇന്തുപ്പാണു കഞ്ഞിയിൽ ചേർക്കേണ്ടത്.

കഷായക്കഞ്ഞി

കീഴാർനെല്ലി, നിലപ്പന, തഴുതാമ, കറുകതിരുതാളി, തൊട്ടാവാടി തുടങ്ങിയവയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത നീരിൽ പൊടിയരിയിട്ടും കഞ്ഞിയുണ്ടാക്കാം. തഴുതാമ/ ഞെരിഞ്ഞിൽ കഷായത്തിലും കഞ്ഞി തയ്യാറാക്കാം.

കാടിക്കഞ്ഞി

ചോറും കറികളും മോരൊഴിച്ച് ഒരു മൺപാത്രത്തിൽ അടച്ചുവെക്കുകയും, കേടു വരാത്ത രീതിയിൽ മൂന്നുനാലു ദിവസം ചൂടാക്കി വെച്ചശേഷം ഭക്ഷണമായി ഉപയോഗിക്കുകയും ചെയ്യുന്നു.ചോറിനു പുറമെ സാമ്പാർ, അവിയൽ, പുളിശ്ശേരി, തോരൻ, അച്ചാർ എന്നീ കറികളാണ് ഇതുണ്ടാക്കാനായി ഉപയോഗിക്കുന്നത്.പുളിരസമുള്ള ഈ വിഭവത്തിൽ വിറ്റാമിൻ ബിസി എന്നിവ ധാരാളമുണ്ട്.

 

പഴങ്കഞ്ഞി

അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക.പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അൽപം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല.പ്രഭാതത്തിൽ മാത്രമല്ല ഒരു ദിവസത്തേക്കു  മുഴുവൻ ശരീരത്തിനു വേണ്ട  ഉന്മേഷവും കുളിർമയും നൽകുന്ന ഭക്ഷണം വേറെയില്ലെന്ന് തന്നെ പറയാം.

Back to top button
error: