ചോറും ചപ്പാത്തിയും വിട്ടൊരു കളി ഇന്ത്യാക്കാർക്കില്ല.രാജ്യത്തെ മുഖ്യാഹാരങ്ങളിൽ പ്രധാനികളാണ് രണ്ടും.ആരോഗ്യപരമായ കാരണവും ഉപയോഗിക്കുന്നവരുടെ എണ്ണവും വച്ചു നോക്കിയാൽ ചപ്പാത്തി ഒരുപടി മുന്നിൽ തന്നെ നിൽക്കും.ദക്ഷിണേന്ത്യ വിട്ടാൽ ചപ്പാത്തി അഥവാ റോട്ടിയുടെ ലോകം ഒന്നുകൂടി വിശാലമാകും.തവ റോട്ടിയും തന്തൂരി റോട്ടിയും മുതൽ ബട്ടർ നാൻ വരെ.
പുളിപ്പിക്കാത്ത മാവ് ഉപയോഗിച്ച് ഉണ്ടാക്കുന്ന പരന്ന പലഹാരമാണ് റോട്ടി.ഗോതമ്പ്, ചോളം, മൈദ, അരി എന്നിവ ഉപയോഗിച്ച് റോട്ടി ഉണ്ടാക്കുന്നു.ചപ്പാത്തിയുടെ സുവർണദേശമാണ് പഞ്ചാബ്. അവിടത്തെ ഗ്രാമീണഭവനങ്ങളിൽ ചോളം ഉപയോഗിച്ചുണ്ടാക്കുന്ന ഒരുതരം റൊട്ടിയാണ് മക്കി ദി റോട്ടി.
അയമോദകം, ചോളപ്പൊടി എന്നിവ ചേർത്താണ് മക്കി റോട്ടി ഉണ്ടാക്കുക. രുചി വർധിപ്പിക്കാൻ മുകളിൽ വെണ്ണക്കഷണങ്ങൾ തൂവിക്കൊടുക്കുകയും ചെയ്യും. മഹാരാഷ്ട്രയിലും കർണാടകയിലും ഏറെ പേരുകേട്ട റോട്ടിയാണ് ജൊലാദ റോട്ടി.ഫൈബറിന്റെ അളവ് കൂടുതലുള്ള അരിച്ചോളം ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുക.മറ്റു റോട്ടികളെ അപേക്ഷിച്ച് തീരെ മാർദവമില്ലാത്തതാണ് ജൊലാദ റോട്ടി.
മഹാരാഷ്ട്രയിലെ വളരെ വ്യത്യസ്തമായ മറ്റൊരു റോട്ടിയാണ് തലിപീത്. വ്യത്യസ്ത ധാന്യപ്പൊടികളാണ് തലിപീത് ഉണ്ടാക്കാൻ ഉപയോഗിക്കുക. കപ്പപ്പൊടി, കൊത്തമല്ലി, ജീരകപ്പൊടി, അരിപ്പൊടി, ഗോതമ്പ് പൊടി എന്നിവചേർത്തു കുഴച്ച മാവ് പരത്തി തലിപീത് ചുട്ടെടുക്കുന്നു.വെണ്ണ മേമ്പൊടി ചേർത്താൽ രുചി കൂടും. മൈദ പ്രധാന ചേരുവയാകുന്ന, റോട്ടികളിലെ താരസാന്നിധ്യമാണ് റുമാലി റോട്ടി.റുമാലി എന്നാൽ ഹിന്ദിയിൽ തൂവാല എന്നാണ് അർഥം. റുമാലി റോട്ടി കഴിക്കുന്നവർ ആ പേര് അർഥവത്താണെന്നു സമ്മതിക്കും. തൂവാല പോലെ നാലായിമടക്കിവച്ചിരിക്കുന്ന റുമാലി റോട്ടി ഇന്ത്യയിലെ റോട്ടികളിൽ ഏറ്റവും മൃദുലമായതുമാണ്. തന്തൂരി അടുപ്പിലാണ് റുമാലി റോട്ടി പാകം ചെയ്യുക.ഉത്തരേന്ത്യയിലും ഇപ്പോൾ കേരളത്തിലും ഇത് വ്യാപകമായി ലഭ്യമാണ്.
പേർഷ്യയിൽനിന്നു വന്ന് ഉത്തർ പ്രദേശിന്റെ ഹൃദയം കീഴടക്കിയ സുന്ദരൻ റോട്ടിയാണ് ടഫ്താൻ.പാല്, വെണ്ണ, മുട്ട എന്നിവ ചേർത്ത മാവ് കളിമൺ അടുപ്പിൽ ചുട്ടെടുക്കുന്നതാണ് പരമ്പരാഗത ടഫ്താൻ.
ചെറുപയറു പൊടി ഉപയോഗിച്ച് ആന്ധ്രപ്രദേശുകാർ ഉണ്ടാക്കുന്ന രുചികരമായ റോട്ടിയാണ് പിസാറട്ടു. ആന്ധ്രയിലെ പ്രഭാതഭക്ഷണങ്ങളിൽ പ്രധാനിയാണ് പിസാറട്ടു. ബജ്റ ധാന്യം ഉപയോഗിച്ച് രാജസ്ഥാൻകാർ പരമ്പരാഗതമായി ഉണ്ടാക്കുന്ന ബജ്ററോട്ടി രുചിയുടെ മറ്റൊരു തലം സമ്മാനിക്കും.ബജ്റ റോട്ടിക്ക് തനതു രുചി ലഭിക്കണമെങ്കിൽ ഉണക്കച്ചാണകം വച്ച് അടുപ്പ് കത്തിച്ച്, ആ തീയിൽ നേരിട്ട് വേവിച്ചെടുക്കണം.
ഗോതമ്പ് പൊടി, കടലമാവ് എന്നിവ ചേർത്ത് കുഴച്ച് പരത്തി വളരെ എളുപ്പത്തിൽ സാധാരണ തവയിൽ ചുട്ടെടുക്കാവുന്നതാണ് മിസി റോട്ടി. രുചി കൂട്ടാൻ ഉള്ളി, വെളുത്തുള്ളി എന്നിവയും ഇതിനൊപ്പം ചേർക്കാം. ഉത്തർ പ്രദേശ്, ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിലെ പ്രിയഭക്ഷണമായ ബട്ടർ നാൻ കേരളത്തിലും ഇന്ന് ഏറെ പ്രചാരത്തിലുണ്ട്.തന്തൂരി അടുപ്പിലും സാധാരണ സ്റ്റൗവിലും ബട്ടർ നാൻ പാകം ചെയ്യുന്നു.
അരിപ്പൊടി ഉപയോഗിച്ച് ഉണ്ടാക്കുന്ന ദക്ഷിണേന്ത്യയുടെ സ്വന്തം റോട്ടിയാണ് അക്കി റോട്ടി.കർണാടകയാണ് ജന്മദേശം.അക്കിയെന്നാൽ കന്നടത്തിൽ അരി എന്ന് അർഥം. വളരെ സമ്പുഷ്ടമാണ് അക്കി റോട്ടിയുടെ ചേരുവ. അരിപ്പൊടിക്കൊപ്പം കടലപ്പരിപ്പ്, തേങ്ങ, സവാള, മല്ലിയില, പച്ചമുളക്, ജീരകം എന്നിവ മാവിൽ ചേർക്കുന്നു. കോട്ടൺ തുണിയിലോ, വാഴയിലയിലോ ആണ് അക്കി റോട്ടി പാചകം ചെയ്യുക.
ശ്രീമൽ റോട്ടിയെ
രാജ്യത്തെ ഏറ്റവും സമ്പന്നനായ റോട്ടിയെന്നു വിളിക്കാം ലക്നൗവിലും ഹൈദരാബാദിലും പ്രചാരത്തിലുള്ള ഇതിൽ കുങ്കുമപ്പൂവാണ് പ്രധാന ചേരുവ.ഒപ്പം വെണ്ണയും.വെള്ളത്തിനു പകരം പാൽ ഒഴിച്ചാണ് ഇതിന്റെ മാവ് കുഴയ്ക്കുന്നത്
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ് ബട്ടർ നാൻ.തന്തൂരി ചിക്കനും അൽഫാമും ഒക്കെ ഉണ്ടെങ്കിൽ പിന്നെ പറയേണ്ടതില്ല, നിമിഷങ്ങൾ മതി പ്ലേറ്റ് കാലിയാകാൻ.അധികം ബുദ്ധിമുട്ടില്ലാതെ തന്നെ നമുക്ക് വീടുകളിൽ ബട്ടർ നാൻ ഉണ്ടാക്കാവുന്നതാണ്.
ഉണ്ടാക്കുന്ന വിധം
മൈദാ 2 കപ്പ്
ഇളം ചൂട് വെള്ളം 1 കപ്പ്
പഞ്ചസാര 1 സ്പൂൺ
യീസ്റ്റ് 1 ടീസ്പൂൺ
തൈര് ¼ കപ്പ്
ബേക്കിംഗ് പൗഡർ ¼ ടീസ്പൂൺ
നെയ്യ്
ഉപ്പ്
ബട്ടർ (വെണ്ണ)
1. ഒരു ബൗൾ എടുത്ത് അതിലേക്ക് 1 ടീസ്പൂൺ യീസ്റ്റ് , 2 ടീസ്പൂൺ ഷുഗർ എന്നിവ ഇടുക, ശേഷം അതിലേക്ക് ഇളം ചൂട് വെള്ളം ഒഴിക്കുക.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: വെള്ളം അധികം ചൂടുള്ളത് ആയിരിക്കാൻ പാടില്ല.
ഇനി അതിനെ 3, 4 മിനിറ്റ് നേരത്തേക്ക് മാറ്റിവെക്കാം.
2. മറ്റൊരു പാത്രത്തിൽ 2 കപ്പ് മൈദാ എടുക്കുക , അതിലേക്ക് തൈര്, ബേക്കിംഗ് പൗഡർ, നെയ്യ് എന്നിവ ഓരോന്നായി ചേർക്കുക.ആവശ്യാനുസരണം ഉപ്പും ചേർക്കുക.
3. മാറ്റിവെച്ചിരുന്ന ആദ്യത്തെ ബൗൾ എടുത്ത് ഒന്ന് കൂടി ഇളക്കുക.യീസ്റ്റ് വെള്ളം ആണ് നമ്മൾ മാവ് കുഴക്കാൻ ഉപയോഗിക്കുന്നത്.
വെള്ളം ഒഴിച്ച് മാവ് നന്നായി കുഴക്കുക. കുറച്ച് കൂടി വെള്ളം ആവിശ്യമാണെങ്കിൽ ഇളം ചൂട് വെള്ളം ഉപയോഗിക്കാവുന്നതാണ്.മാവ് നല്ല പോലെ മൃദുവാകുന്നത് വരെ കുഴക്കുക.
4.മാവ് റെഡി ആയിക്കഴിഞ്ഞാൽ അത് മറ്റൊരു ബൗളിൽവക്ക് മാറ്റിയതിനു ശേഷം മാവിന്റെ നടുക്ക് ഒരു കുഴിപോലെ ഉണ്ടാക്കുക , ശേഷം നന്നായി കവർ ചെയ്ത് ഒന്ന് രണ്ടു മണിക്കൂർ മാറ്റിവെക്കുക .
5. ഇപ്പോൾ മാവ് കുറച്ച് കൂടി പൊങ്ങിവന്നതായി കാണാൻ കഴിയും , നല്ല മൃദുവും ആയിരിക്കും. ഇനി അതിൽ നിന്ന് ചെറിയ ചെറിയ ഉരുളകൾ എടുക്കുക. ഒരു ബോർഡിൽ വെച് ഉരുളകൾ പരത്തുക. ഒരു ത്രികോണം ഷേപ്പ് കൊടുത്താൽ നല്ലത് .
6. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായതിനു ശേഷം നാൻ ഇടുക , വിരലുകൾ കൊണ്ട് നാൻ ഒന്ന് പ്രസ് ചെയ്യുക. കുറച്ച് പകമായതിനു ശേഷം പാൻ കമിഴ്ത്തി പിടിച് മുകൾ ഭാഗം കൂടി തീയിൽ കാണിക്കുക , വീണ്ടും തിരിച്ച് വെക്കുക.
നാൻ ചെറിയ ബ്രൗൺ നിറമാകുമ്പോൾ എടുക്കാവുന്നതാണ് .
7. നാൻ മറ്റൊരു പ്ലേറ്റ് ലേക്ക് മാറ്റിയതിനു ശേഷം ബട്ടർ രണ്ട് വശത്തും നന്നായി തേക്കുക.
ബട്ടർ നാൻ റെഡി .