വൈദ്യുതി അപകട കാരണങ്ങളിൽ പ്രധാനമാണ് വയറിങ്ങിലെ പോരായ്മ.മഴക്കാലത്ത് വീടുകളിലെ ഭിത്തികളിൽ തൊടുമ്പോൾ ഷോക്കോ തരിപ്പോ അനുഭവപ്പെട്ടാൽ വൈദ്യുതി ചോർച്ച ഉണ്ടെന്നു മനസ്സിലാക്കണം.നനവില്ലാത്ത ചെരിപ്പ് ഉപയോഗിച്ചോ ഫ്ളോർ മാറ്റിൽ നിന്നോ ഇവ പരിശോധിക്കുന്നതാണ് സുരക്ഷിതം.നനഞ്ഞ കൈ ഉപയോഗിച്ച് വൈദ്യുതി സ്വിച്ചുകൾ പ്രവർത്തിപ്പിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
നമ്മുടെ വീടുകളിൽ ഒരു ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഉപകരണമാണ് ഫ്രിജ്.പീക്ക് ലോഡ് ഉള്ള സമയത്ത് (വൈകിട്ട് 6 മണി മുതൽ രാത്രി 10 വരെ) രണ്ടു മുതൽ നാലു മണിക്കൂർ വരെ ഫ്രിജ് ഓഫ് ചെയ്തിടാം.വൈദ്യുത ബില്ലിൽ ലാഭം കിട്ടും.ഫ്രിജിന്റെ കാലയളവും വർധിക്കും.വിശ്രമമില്ലാത്ത പ്രവർത്തനം മൂലം കംപ്രസറിന്റെ വൈൻഡിങ്ങിലെ ലാമിനേഷൻ ഇളകി സ്പാർക് ഉണ്ടാകാം.ഇത് ഷോക്കിനു കാരണമാകും.മൂന്ന്–നാലുമണിക്കൂർ ഫ്രിജ് ഓഫ് ചെയ്തിടുമ്പോൾ കോയിലുകൾ തണുക്കും.വയറിങ്ങിലെ ഇൻസുലേഷൻ ദ്രവിക്കുന്നതു മൂലവും ഫ്രിജിൽ നിന്നു ഷോക്ക് ഉണ്ടാകാം.
കഴിയുന്നതും ചെരിപ്പ് ധരിച്ചു വേണം മിക്സി ഉപയോഗിക്കാൻ. ഉപയോഗം ശ്രദ്ധയോടെ അല്ലെങ്കിൽ മിക്സർ ജാറിൽ നിന്ന് ലീക്ക് ആകുന്ന വെള്ളമിറങ്ങി മിക്സിയുടെ മോട്ടോർ തകരാറിലാകാം.ഇത് ഷോക്ക് ഉണ്ടാക്കാം.അശ്രദ്ധമൂലം ജാറിൽ നിന്നു തെറിക്കുന്ന വെള്ളം സ്വിച്ചിലെത്തുന്നതും ഷോക്കിനു കാരണമാകും.കത്തുന്ന ഗന്ധമോ അസാധാരണ ശബ്ദമോ ശ്രദ്ധയിൽപ്പെട്ടാൽ, മിക്സി ഓഫ് ചെയ്യണം.മിക്സിയുടെ വേഗത കുറയുക, അരഞ്ഞുകിട്ടാൻ പ്രയാസം നേരിടുക, മിക്സി ഇടവിട്ട് നിന്നു പ്രവർത്തിക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ സർവീസ് ചെയ്ത ശേഷമേ മിക്സി ഉപയോഗിക്കാവൂ.
മിക്ക വീടുകളിലും കുളിമുറിയിലോ ചായ്പ്പുകളിലോ ഒക്കെയാണ് വാഷിങ് മെഷീൻ വയ്ക്കാറുള്ളത്. ഈ ഇടങ്ങളിൽ ഈർപ്പവും കൂടുതാലാകും.ഇത് മൂലം മെഷീന്റെ പിസി ബോർഡുകൾ പെട്ടെന്നു കേടാകാം.നോബുകളിൽ വെള്ളമിറങ്ങുന്നത് ഷോക്ക് സാധ്യതയും കൂട്ടും.ബസറിലും മോട്ടോറിലും വെള്ളമിറങ്ങിയും ഷോക്ക് ഉണ്ടാകാം.
ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗം ഉണ്ടാക്കുന്നതും അപകട സാധ്യതയുള്ളതുമായ ഉപകരണമാണ് ഇലക്ട്രിക് വാട്ടർ ഹീറ്റർ.വീട്ടുപകരണങ്ങൾ നല്ല എർത്തിങ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, അതിലൂടെ റിട്ടേൺ കറന്റ് ഒഴുകാം.
മെറ്റൽ വാട്ടർ പൈപ്പ് ലൈൻ ഭാഗങ്ങളിൽ ഇത് ചെറിയ വൈദ്യുതപ്രവാഹത്തിനും കാരണമാകാം.
ഇസ്തിരിയിടുന്ന മേശയ്ക്ക് സമീപം റബർ മാറ്റ് വിരിച്ച് അതിൽ നിന്ന് ഉപയോഗിക്കുന്നതാണ് സുരക്ഷിതം.അതേപോലെ മൊബൈൽ ഫോൺ ചാർജ് ചെയ്തുകൊണ്ട് ഉപയോഗിക്കരുത്. സുരക്ഷിതമല്ലാത്ത ചാർജറിൽ നിന്ന് വൈദ്യുതാഘാതമേൽക്കാം.ചാർജർ അമിതമായി ചൂടായാൽ തീപിടിത്തത്തിനും സാധ്യതയുണ്ട്.
ടിവി ഉപയോഗത്തിലും വേണം ശ്രദ്ധ.ടെലിവിഷനിലേക്കും ബൂസ്റ്ററിലേക്കുമുള്ള സപ്ലൈ ഓഫ് ചെയ്ത ശേഷമേ പിന്നുകളിൽ സ്പർശിക്കാവൂ.കേബിൾ ടിവി അഡാപ്റ്ററിന്റെ ഉൾവശത്ത് തൊട്ടുനോക്കരുത്.വൈദ്യുതി പ്രവഹിക്കാത്ത അടപ്പുണ്ടെന്ന് ഉറപ്പുവരുത്തുക.
തകരാർ പരിഹരിക്കാനായുള്ള ജോലികൾ, മെയിൻസ്വിച് ഓഫ് ചെയ്ത് ഫ്യൂസ് ഊരി മാറ്റി വച്ചതിനു ശേഷം മാത്രം ചെയ്യുക.ഒരിക്കലും ഫ്യൂസ് ചെമ്പുകമ്പി ഉപയോഗിച്ച് കെട്ടരുത്.ഫ്യൂസുകൾക്കു പകരം മിനിയേച്ചർ സർക്യൂട്ട് ബ്രേക്കറുകൾ (MCB) ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.
ഇൻവർട്ടർ ഓഫ് ചെയ്യുമ്പോൾ മെയിൻ സ്വിച്ചും ഓഫ് ചെയ്യണം. അല്ലാത്ത പക്ഷം ഇൻവർട്ടറിൽ നിന്നു വൈദ്യുതി പ്രവഹിച്ച് അപകടമുണ്ടാകാം.ഇൻവർട്ടർ ബാറ്ററി കുട്ടികൾക്ക് ചെന്നെത്താൻ പറ്റാത്ത വിധം ഒരു കാബിനറ്റിൽ അടച്ചു വയ്ക്കുക. ബാറ്ററി ടെർമിനൽ ഇൻസുലേറ്റ് ചെയ്ത് വയ്ക്കുന്നതാണ് കൂടുതൽ സുരക്ഷിതം.
വൈദ്യുതി ബില്‍ കുറക്കാന്‍ ആദ്യം ചെയ്യേണ്ടത് ഉപയോഗത്തിലില്ലാത്ത സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളുടെ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പോയിന്റില്‍ നിന്നും പ്ലഗ് വേര്‍പ്പെടുത്തിവെക്കുകയും ചെയ്യുക എന്നതുമാണ്.ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന മാര്‍ഗ്ഗമാണിത്.ഇനി ഇത് ചെയ്തതുകൊണ്ടുള്ള ഗുണം എന്താണെന്നും പറയാം പൊതുവെ കമ്പ്യൂട്ടര്‍, ടെലിവിഷന്‍ എന്നിവ ഉപയോഗം കഴിഞ്ഞാലും അവയുടെ പവര്‍ ബട്ടണ്‍/സ്വിച്ച് ഓഫ് ചെയ്ത ശേഷം നമ്മള് എഴുന്നേറ്റ് പോവുകയാണ് ചെയ്തുവരാറുള്ളത്.
എന്നാല്‍ അത് തെറ്റായ രീതിയാണ്. കാരണം പവര്‍ പ്ലഗ് കണക്റ്റായി നില്ക്കുമ്പോള് സ്വിച്ച് ഓണ്‍ ആയിരുന്നാല്‍ വൈദ്യുതി പ്രവാഹം അഥവാ ഉപഭോഗം നടക്കുന്നുണ്ട്.മിക്ക വീടുകളിലും വൈദ്യുതി നഷ്ടമാകുന്നഒരു കാരണം ഇതാണ്. ഉപകരണത്തിന്റെ ബട്ടണ്‍ ഓഫായാല്‍ വൈദ്യുതി പ്രവാഹം പൂര്‍ണ്ണമായി നിലച്ചു എന്ന ധാരണകൊണ്ടാണ് നമ്മള് അങ്ങനെ ചെയ്യുന്നത്.എന്നാല്‍ ഇനി അങ്ങനെ ചെയ്യരുത്.സ്വിച്ച് ഓഫ് ചെയ്ത് പ്ലഗ് മാറ്റിയിടുന്നതാണ് ഉചിതം.
ദിവസവും ഇസ്തിരിയിടാതെ ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരിക്കലായി വസ്ത്രങ്ങള്‍ ഇസ്തിരിയിടുക.ഒറ്റയടിക്ക് കുറേയേറെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് എടുത്തുവെക്കുന്നത് സമയവും വൈദ്യുതിയും ലാഭിക്കും.വസ്ത്രങ്ങള്‍ എപ്പോഴും നല്ലപോലെ മടക്കിയൊതുക്കി വെക്കുകയാണെങ്കില്‍ എപ്പോഴും ഇസ്തിരിയിടേണ്ട ആവശ്യവുമില്ല.