‘വിമര്‍ശിക്കാം,പക്ഷെ തൊഴിലാളികളെ അപമാനിക്കരുത്’-കെഎസ്ഇബി ചെയർമാൻ ഡോ. ബി. അശോക്, ഐ.എ.എസ് എഴുതുന്നു
താരിഫ് പെറ്റീഷന്‍ ഫയല്‍ ചെയ്യുന്ന വേളകളിലെല്ലാം കെ.എസ്.ഇ.ബി. ജീവനക്കാരുടെ ശമ്പളം ഒരു പൊതു ചര്‍ച്ചയാവാറുണ്ട്. കോവിഡ് മൂലം വ്യവസായ മേഖലയാകെ മന്ദിഭവിച്ചപ്പോൾ ശമ്പള പരിഷ്കരണം നീട്ടി വയ്ക്കാമായിരുന്നു എന്ന് അഭിപ്രായം ഉള്ളവരുണ്ട്. ഇതിലൊക്കെ സമൂഹത്തിലുള്ള ഭിന്നാഭിപ്രായം സ്വാഗതം ചെയ്യുന്നു. എല്ലാം പരിഗണിച്ചുള്ള തിരുമാനങ്ങളാണല്ലോ ഒരു ജനാധിപത്യത്തില്‍ വേണ്ടത്. അതിനുള്ള വേദികള്‍ നിയമപ്രകാരം ലഭ്യവുമാണ്.
താരിഫ് ഹിയറിംഗുകളില്‍ കെ.എസ്.ഇ.ബി. മനുഷ്യ വിഭവശേഷിയുടെ ചിലവ് ഒരു ചര്‍ച്ചാവിഷയമായി ഉപഭോക്താക്കള്‍ ഉയര്‍ത്തുന്നതിലും പ്രയാസമില്ല. അനിവാര്യമല്ലാത്തതും ഒഴിവാക്കേണ്ടതുമായ തസ്തികകള്‍ കാലികമായി പുനക്രമീകരിക്കേണ്ടത് ഒരു വ്യവസായത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണ്. ഇതിലൊക്കെ ഉപഭോക്താവുമായി പരസ്പരം ബോധ്യപ്പെട്ടുള്ള ഒരു സമീപനമാണ് കെ.എസ്.ഇ.ബി. ആഗ്രഹിക്കുന്നത്. ഏകപക്ഷീയമായ ഒരു സമീപനമല്ല ഒരിക്കലും ഉണ്ടാവുക.
സാമൂഹ്യ മാധ്യമങ്ങളില്‍ തൊഴിലാളി ശമ്പളമടക്കം പൊതു സമൂഹം ചര്‍ച്ച ചെയ്യുന്നതും സ്വാഗതാര്‍ഹമാണ്. ഇതില്‍ ചിലതിൽ പക്ഷേ തൊഴിലാളി സുഹൃത്തുക്കളെ വേണ്ടത്ര ഔപചാരിക വിദ്യാഭ്യാസമില്ലാത്തവരും അധികം ശമ്പളം കൈപ്പറ്റുന്നവരായൊക്കെ ചിത്രീകരിച്ചു കണ്ടു. പത്താം ക്ലാസില്‍ നടത്തുന്ന പരീക്ഷ ഫലത്തിലെ ഒരു ശതമാനക്കണക്കില്‍ ഒരു വ്യക്തിയുടെ അസ്തിത്വവും ഭാവിയും ഒക്കെ അളന്നു കളയാം എന്ന ധാരണ നമുക്ക് പാടില്ല. പത്ത് ജയിച്ചാലേ ഒരു നിശ്ചിത വരുമാനം നല്‍കാവൂ എന്നും രാജ്യത്ത് ഒരു നിയമമില്ല. ഒരു രാജ്യത്തുമില്ല. ശതകോടീശ്വരന്മാരും ആയിരക്കണക്കിന് തൊഴില്‍ നല്‍കുന്ന സംരംഭകരും പൊതുവില്‍ ഡോക്ടറേറ്റുകളും ഔപചാരിക ഉന്നത ബിരുദങ്ങളും ഉള്ളവരല്ല എന്നാണ് യാഥാര്‍ത്ഥ്യം. അനുഭവ-തൊഴില്‍ ലോകമാണ് അവരെ പഠിപ്പിച്ചത്. ജീവിതമാണ് അവരുടെ കളരി.
ഓരോ വ്യവസായവും അതിന്റെ തൊഴില്‍ മേഖലാ പ്രാധാന്യവും തൊഴിലിന്റെ കഠിന സ്വഭാവവുമനുസരിച്ചാണ് വരുമാനത്തോത് നിശ്ചയിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് പാസ്സും പരിശീലനവും മതി പൈലറ്റാകാന്‍. ബിരുദം വേണ്ട. എത്രയോ ലക്ഷം രൂപയാണ് ഏതാനും വര്‍ഷം സര്‍വ്വീസുള്ള കമ്മേര്‍ഷ്യല്‍ പൈലറ്റുമാര്‍ ശമ്പളമായി വാങ്ങുന്നത്. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍കൃത കോക്പിറ്റില്‍ ഒരു വിദഗ്ദ്ധ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ മാത്രമാണ് ഇന്ന് പൈലറ്റ്. ഒരു വിമാനത്തിന്റെ അടിസ്ഥാന എഞ്ചിനീയറിംഗും അവര്‍ക്കറിയണം. തൊപ്പിയും യൂണിഫോമുമിട്ട് ഇംഗ്ലീഷ് പറയുന്ന ഈ വിദഗ്ദ്ധ തൊഴിലാളിക്ക് നല്ല ശമ്പളം നല്‍കുന്നതില്‍ യാത്ര ചെയ്യുന്ന നമുക്ക് പരാതിയില്ല.
പെട്രോളിയം തൊഴിലാളികള്‍ കടലിനടിയില്‍ പല കാതം ചെന്നും കല്‍ക്കരി ഖനികളില്‍ കിലോമീറ്റര്‍ കണക്കിന് ഭൂമിക്കടിയിലും പണിയെടുക്കുന്നു. കെ.എസ്ഇ.ബി.യെക്കാള്‍ എത്ര മടങ്ങാണ് ഒ.എന്‍.ജി.സി. തൊഴിലാളികള്‍ വാങ്ങുന്ന ശമ്പളം. ആ തൊഴിലിന്റെ റിസ്ക്-പ്രൊഫൈല്‍ അതാണ്. അപ്പോള്‍ തൊഴില്‍ പരിസരം, വ്യവസായ പരിസരം എന്നിവയൊക്കെ ശമ്പളത്തെ നിശ്ചയിക്കുന്ന ഘടകങ്ങളാണ്. വിമാനത്തില്‍ നല്ല ശമ്പളം വാങ്ങുന്ന ഗ്ലാമറുള്ള തൊഴിലായ ഒരു എയര്‍ഹോസ്റ്റസിന്റെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എന്താണ്? സ്കൂള്‍ തലം മതി. ആര്‍ക്കും പരാതിയില്ല. 440/220 കിലോവോള്‍ട്ട് വൈദ്യുതി സംസ്ഥാനങ്ങള്‍ക്കിടയില്‍ പ്രസരിപ്പിക്കുന്ന എക്സ്ട്രാ ഹൈടെന്‍ഷന്‍ ടവറുകളില്‍ ‘ഹോട്ട്‍ലൈന്‍’ മെയിന്റനന്‍സ് ചെയ്യുന്ന കെ.എസ്.ഇ.ബി.യുടെ തൊഴിലാളി ഇവരാരെക്കാളും വൈദഗ്ദ്ധ്യത്തില്‍ ഒട്ടും മോശമല്ല.
ഒരു ചുവടോ, ചലനമോ പിഴച്ചു പോയാല്‍ തല്‍ക്ഷണം രക്തം മരവിപ്പിക്കുന്ന, മാംസ പേശികളെ ഉരുക്കുന്ന ഹൈവോള്‍ട്ടേജില്‍ വൈമനസ്യമില്ലാതെ അവര്‍ പണിയെടുക്കുന്നു. എപ്പോഴും അപായ സാധ്യതയുള്ള ജനറേറ്റിംഗ് സ്റ്റേഷനുകളില്‍ അതീവ സൂക്ഷ്മതയോടെ ക്രമീകരിക്കേണ്ട ജലനിര്‍ഗമന വാല്‍വുകളും ടര്‍ബൈനുകളും വൈദഗ്ദ്ധ്യത്തോടെ കൈകാര്യം ചെയ്യുന്നു. സംസ്ഥാനത്തും പ്രകൃതി താണ്ഡവമാടുമ്പോള്‍ സ്വന്തം സുരക്ഷ മറന്നവര്‍ പേമാരിയെ നേരിട്ട് വൈദ്യുതി വിതരണം പുനസ്ഥാപിക്കുന്നു. ഏതു പെരുമഴയത്തും വെള്ളപ്പൊക്കത്തിലും സദാ സജ്ജരായിരിക്കുന്നു. രാജ്യത്തെവിടെയും ഒരു പാരിസ്ഥിതിക അപായമുണ്ടായാല്‍ മാനേജ്‍മെന്റും സര്‍ക്കാരും ആവശ്യപ്പെട്ടാല്‍ എപ്പോഴും ഓടിച്ചെല്ലാന്‍ അവര്‍ തയ്യാറാണ്. 300 തൊഴിലാളികളുള്ള ഒരു റിപ്പയര്‍ ഗ്യാംങ്ങിനെ വെറും മൂന്നു ദിവസം കൊണ്ടാണ് ഒറീസ്സയില്‍ നിയോഗിച്ചത്. അവരുടെ പ്രശസ്ത സേവനത്തിന് നന്ദി പറഞ്ഞ ഒറീസ്സ സര്‍ക്കാരിന്റെ കത്ത് ഇവിടെയുണ്ട്. തമിഴ്‍നാട്ടില്‍ ഗജ ചുഴലിക്കാറ്റ് വൈദ്യുതി മേഖല തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ കളത്തിലിറങ്ങിയ കെ.എസ്.ഇ.ബി. തൊഴിലാളികളെ അഭിനന്ദിക്കാന്‍ തമിഴ്‍നാട്ടിലെ മന്ത്രിമാര്‍ തന്നെയെത്തിയത് വാര്‍ത്തയായിരുന്നു.
പോരായ്മകള്‍ക്കിടയിലും ഇന്ത്യയിലെ മികച്ച 7 പൊതുമേഖലാ വൈദ്യുത കമ്പനികളില്‍ ഒന്നായി കെ.എസ്.ഇ.ബി.യെ എത്തിച്ചതില്‍ വലിയ പങ്ക് ഈ പത്താം തരം വരെ പഠിച്ച സാധാരണ തൊഴിലാളിയുടേതാണ്. അവരുടെ ശക്തമായ അടിത്തറയിലാണ് നമ്മുടെ വൈദ്യുതിയുടെ സുരക്ഷയും കാര്യക്ഷമതയും. അവരുടെ പ്രവര്‍ത്തന മെച്ചവും പോരായ്മയും ഒക്കെ നമുക്ക് ചര്‍ച്ച ചെയ്യാം. അവരെയൊക്കെ തൊഴിലില്‍ കളവു കാട്ടുന്നവരും യോഗ്യതക്കുറവുള്ളവരുമായി ചിത്രീകരിക്കുന്നതിനോട് യോജിക്കാനാവില്ല. അതു മാന്യതയല്ല. മറ്റെല്ലാം മാറ്റി വച്ചാലും 1957 മുതല്‍ മുന്നൂറിലേറെ തൊഴിലാളി സുഹൃത്തുക്കളാണ് നമ്മുടെ വെളിച്ചത്തിനായി സ്വന്തം ജീവന്‍ തൊഴിലിടത്തില്‍ നഷ്ടമാക്കിയത്. അപകടങ്ങളായാല്‍ പോലും അവരുടെ കുടുംബങ്ങള്‍ അതിനാല്‍ വലിയ വ്യക്തിഗത ദുരിതം സഹിച്ചിട്ടുണ്ട്. എത്ര സഹായം ചെയ്താലും തൊഴിലില്‍ ഒട്ടേറെ വര്‍ഷം ഉണ്ടാകേണ്ട ഒരു ജീവനു പകരമാവില്ല. അവരുടെ കണ്ണ്നീരിന് നമ്മള്‍ ഒരു മിനിമം ആദരവ് നല്‍കേണ്ടതുണ്ട്. അത് ഒരു സമൂഹത്തിന്റെ ബാദ്ധ്യതയാണ്.
ഒപ്പം പറയട്ടെ, മൂന്ന് ഭൂഖണ്ഡങ്ങളില്‍ നിന്ന് ഗവേഷണമടങ്ങിയ അക്കാദമിക ബിരുദങ്ങള്‍ നേടി, പുതിയ ഒരു വിഷയത്തിൽ ഡോക്ടറേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന എനിക്ക് എന്റെ തൊഴിലാളി നേതാക്കളുടെ ബൌദ്ധികമായ നിലവാരത്തില്‍ ആദരവേയുള്ളു. ഈ മേഖലയില്‍ ഏത് നേതാവിനോടും ഉദ്യോഗസ്ഥനോടും പണ്ഡിതനോടും അര്‍ത്ഥപൂര്‍ണ്ണമായി സംവദിക്കാനുള്ള അറിവും പ്രാപ്തിയും പക്വതയും അവര്‍ക്കുണ്ട്. വിയോജിപ്പുകളുണ്ടാകാം, എന്നാലവരെ അപഹസിക്കാനുള്ള അറിവ് ഒരു സര്‍വകലാശാലയും ഒരു ഗവേഷണ ബിരുദവും നല്‍കുന്നില്ല. അവര്‍ പച്ച മനുഷ്യരാണ്. ജാടകളില്ലാതെ ഇടപെടുന്ന സാധാരണക്കാര്‍. അതാണവരുടെ മികവ്. അതു നമ്മള്‍ കാണാതെ പോകരുത്. ജോലി ചെയ്യാതെ കൂലി പറ്റുന്നവരല്ല കെ.എസ്.ഇ.ബി. തൊഴിലാളികള്‍. ഒരു രണ്ടു ശതമാനം പേര്‍ക്കു സംഭവിക്കുന്ന പിശകുകള്‍ക്ക് തൊഴിലാളികളാകെ ഒരു വക സാമൂഹ്യ വിരുദ്ധരാണ് എന്ന മുന്‍വിധി ഉണ്ടാകരുത്. വലിയ തെറ്റാണത്. വലിയ കനിവിന്റെ ഹൃദയമുള്ള തൊഴിലാളികളാണവര്‍. കോവിഡ് പ്രതിരോധത്തിനു മാത്രം 15 കോടി രൂപ ഇതു വരെ ദുരിതാശ്വാസ നിധിയിലേക്കു സ്വന്തം വേതനത്തില്‍ നിന്നും സംഭാവന നല്‍കി. തൊഴിലാളി സംഘടനകള്‍ വേറെയും നല്‍കി. കെ.എസ്.ഇ.ബി. കോർപ്പറേറ്റ് തലത്തിൽ ആരോഗ്യ വകുപ്പിനായി ഒരുക്കിയ മെഡിക്കല്‍ സൌകര്യം വേറേ.
എന്റെ മാതാവ് ഒന്‍പത് മക്കളുണ്ടായിരുന്ന ഒരു കുടുംബത്തില്‍പ്പെട്ടയാളാണ്. റെയില്‍വേ ലോക്കോ അസിസ്റ്റന്റായിരുന്നു അവരുടെ പിതാവ്. നേരത്തേ പഠിത്തം നിറുത്തി റെയില്‍വേയില്‍ ലോക്കോ അസിസ്റ്റന്റായി ചെറു പ്രായത്തില്‍ തന്നെ തൊഴിലില്‍ ചേര്‍ന്നാണ് സഹോദരങ്ങള്‍ അമ്മയുടെ പഠനത്തെ സഹായിച്ചത്. സഹോദരങ്ങള്‍ ഉന്നത വിദ്യാഭ്യാസം ചെയ്യാതെ തൊഴിലില്‍ നേരത്തേ ഏര്‍പ്പെട്ടതു കൊണ്ടാണ് പഠിക്കാന്‍ സമര്‍ത്ഥയായിരുന്ന അമ്മ ബിരുദാനന്തര ബിരുദം നേടിയത്. അവര്‍ അദ്ധ്യാപികയായതുകൊണ്ടാണ് പഠിക്കാനുള്ള വലിയ സാഹചര്യം വീട്ടില്‍ ഉണ്ടായത്. അതുകൊണ്ട് കൂടിയാണ് പീന്നീട് അവര്‍ പഠിപ്പിച്ച വിഷയം തന്നെ ഐശ്ചികമായി എടുത്ത് ഐ.എ.എസ്. നേടിയത്. ലോക്കോ പൈലറ്റായി തൊഴില്‍ ചെയ്ത അമ്മയുടെ സഹോദരന്‍ അന്നാ സഹായം ചെയ്തില്ലെങ്കില്‍ പലതും ഈ വിധത്തിൽ തന്നെ കലാശിക്കണം എന്നില്ല .
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഐ.എ.എസ്. പരീക്ഷയിൽ എനിക്ക് ലഭിച്ച മികവ് പൂര്‍ണ്ണമായും എന്റേതല്ല. മറ്റു ചിലർ കലാലയത്തില്‍ ഉല്ലസിക്കേണ്ട കാലത്തേ തൊഴിലില്‍ ചേർന്നു കഠിനാധ്വാനം ചെയ്തതിന്റെ ഫലം കൂടിയാണ്.
അന്നവരൊക്കെ ഇന്ത്യന്‍ റെയില്‍വേയില്‍ ചേരുമ്പോള്‍ ട്രെയിനിന് കല്‍ക്കരിയുടെ എഞ്ചിനാണ്. ഡീസല്‍ കഷ്ടിച്ച് കടന്നുവന്നിരുന്നതേയുള്ളു. ഷോലേ സിനിമയില്‍ കാണുന്ന പോലെ നല്ല ചൂടിൽ വേണം ലോക്കോ സ്റ്റാഫ് ട്രയിന്‍ ചലിപ്പിക്കുന്നത്. നല്ല ശാരീരിക ശേഷിയും വേണം! ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞു വരുന്ന അവരുടെ കരിപുരണ്ട മങ്ങിയ ചിത്രങ്ങള്‍ ഓര്‍മ്മയിലുണ്ട്. എഞ്ചിന്റെ ‘ഹൂട്ടര്‍’ സ്ഥിരമായി അടുത്തു നിന്നു കേള്‍ക്കുന്നതിനാല്‍ അവരുടെ കേള്‍വിശക്തി ബാധിക്കും ഇന്നും കഠിനമായ റെയില്‍ ജിവിതത്തിന്റെ ശേഷിപ്പുകള്‍ അവരുടെ വാര്‍ദ്ധക്യത്തില്‍പ്പോലും ഉണ്ട്. അവരുടെ കര്‍മ്മപഥത്തില്‍ പതിയെ വിടര്‍ന്നു വരുന്ന ഒരില മാത്രമാണ് ഒരു തലമുറ മാറുമ്പോള്‍ നമുക്ക് ലഭിക്കുന്ന ചെറിയ അറിവ്, വളര്‍ച്ച, സ്ഥാനം.
ഒരു ഗുണമുണ്ടായത്, അതുകൊണ്ട് കെ.എസ്.ഇ.ബി.യിലെ തൊഴിലാളികളായ എന്റെ സഹപ്രവര്‍ത്തകരെ കാണുമ്പോള്‍ അവര്‍ ചെയ്ത പ്രവര്‍ത്തിയുടെ വലുപ്പവും ത്യാഗത്തിന്റെ മഹത്വവുമാണ് ഓര്‍ക്കാറുള്ളത്. എത്രയോ നിസ്സാരമാണ് എല്ലാ സൌകര്യങ്ങളില്‍ നിന്നും വരുന്ന എന്റെ നിസ്സാരമായ വിദ്യാഭ്യാസവും സ്ഥാനവും ഒക്കെ. എനിക്ക് ഒരു എഞ്ചിനും സുരക്ഷിതമായി പരിപാലിക്കാനോ നീക്കാനോ അറിഞ്ഞുകൂട. ഒരു ജനറേറ്ററും ചലിപ്പിക്കാനും. ഞാന്‍ ഹോട്‍ലൈനില്‍ കയറിയാല്‍ ഒരു ദുരന്തമല്ലാതെ ഒന്നും സംഭവിക്കില്ല. സ്വയം ഓടിക്കുന്ന കാര്‍ നിലച്ചു പോയാലും ഹൂഡ് തുറന്നു നോക്കാൻ പോലും അറിയില്ല! തികഞ്ഞ പ്രായോഗിക അജ്ഞതയിലാണ് പൊതുവില്‍ അക്കാദമിക മികത്വം പ്രവർത്തിക്കുക! ഇതെല്ലാം സുരക്ഷിതമായി മികവോടെ ചെയ്തു തീര്‍ക്കുന്ന തൊഴിലാളി നമ്മുടെ ആദരവും മാന്യമായ വേതനവും അര്‍ഹിക്കുന്നു.
നമ്മുടെ മുന്‍വിധികളും ഔപചാരിക വിദ്യാഭ്യാസത്തിലുള്ള അന്ധമായ വിശ്വാസവും അവരെ മാനസികമായി തളർത്താൻ പോന്ന അഹന്ത നമുക്ക് തരരുത്.
അദ്ധ്വാനിക്കുന്നവരെ ബഹുമാനിക്കുകയും മാന്യമായ വേതനം നല്‍കുകയും ചെയ്യാതെ ഒരു സമൂഹവും മുന്നോട്ടു പോകില്ല. തൊഴിലാളിയെ കേവലം അക്കാദമികമായ പഠിപ്പിന്റെ ഹുങ്കില്‍ നമ്മൾ പുച്ഛിക്കരുത്. അവരുടെ അര്‍പ്പണ ബുദ്ധിയുടെ അടിത്തറയിലേ ഏത് അക്കാദമിക മികവിന്റെ മച്ചും പ്രവര്‍ത്തിക്കൂ. ഒരു സാഹചര്യത്തിലും തെറ്റിദ്ധാരണകള്‍ പരത്തി ജനങ്ങളെ അവര്‍ക്കെതിരാക്കുകയും ചെയ്യരുത്.
എല്ലാവർക്കും നന്ദി.
ഡോ. ബി. അശോക്, ഐ.എ.എസ്
ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍,
കെ.എസ്.ഇ.ബി.