കൊൽക്കത്ത:പത്മഭൂഷൺ പുരസ്‌കാരം നിരസിച്ചതിൽ അപവാദ പ്രചാരണം അനാവശ്യമാണെന്ന് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ.മുൻകൂട്ടി അറിയിക്കാത്തതിനാലാണ് പുരസ്‌കാരം നിരസിച്ചതെന്ന പ്രചാരണം ശരിയല്ല.നേരത്തേ അറിയിച്ചാലും സ്വീകരിക്കില്ല.നിലപാട് രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായാണ് സ്വീകരിച്ചത്. ബഹുമതികൾ പ്രതീക്ഷിച്ചല്ല പൊതുപ്രവർത്തനം നടത്തുന്നത്– ബുദ്ധദേബ് പറഞ്ഞു.
ബിജെപിയും തൃണമൂലും ചില മാധ്യമങ്ങളും ഒരേ സ്വരത്തിൽ വിമർശിച്ച് രംഗത്തുവന്നതിനെ തുടർന്നാണ് ബുദ്ധദേബ് നിലപാട് വ്യക്തമാക്കിയത്.അതേസമയം മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് അടക്കമുള്ളവർ ബുദ്ധദേബിന്റേത് ശരിയായ നിലപാടെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരുന്നു.ബിജെപിയും തൃണമൂലും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ സംസ്‌കാരമല്ല ബുദ്ധദേബിന്റേതും സിപിഐ എമ്മിന്റെതുമെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു.
ഈവർഷം പ്രശസ്ത ബംഗാളി സംഗീതജ്ഞ സന്ധ്യാ മുഖർജിയും തബല വാദകൻ അനിന്ദോ ചാറ്റർജിയും പത്മശ്രീ നിരസിച്ചു. പി എൻ ഹക്‌സാർ, കെ സുബ്രഹ്മണിയൻ, റോമിലാ ഥാപ്പർ, നിഖിൽ ചക്രവർത്തി, രാമകൃഷ്ണ മിഷൻ മഠാധിപതിയും മലയാളിയുമായ സ്വാമി രംഗനാഥാനന്ദ് തുടങ്ങി വിവിധ മേഖലകളിലെ പ്രഗൽഭർ പത്മ പുരസ്‌കാരം മുമ്പ് നിരസിച്ചിട്ടുണ്ട്.