Breaking NewsKeralaLead NewsNEWS

പര്യത്തുകാവിലെ ഒഴിപ്പിക്കൽ നടത്തിയേ പറ്റൂ; രണ്ടാഴ്ച സമയം തരാം, അതിനുള്ളിൽ സുപ്രീംകോടതി വിധി നടപ്പാക്കണം – ഹൈക്കോടതി

കൊച്ചി: കിഴക്കമ്പലത്തെ പര്യത്തുകാവിലെ ഒഴിപ്പിക്കൽ വിഷയത്തിൽ സുപ്രീംകോടതി വിധിയാണ് അന്തിമമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവ് പ്രകാരം പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ വിധി നടപ്പാക്കുന്നതിനായി രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി അനുവദിച്ചു.

സംസ്ഥാനത്ത് പുതുതായി അധികാരമേറ്റ യുഡിഎഫ് സർക്കാരിന് മുന്നിലെ ആദ്യ വലിയ പരീക്ഷണമായാണ് പര്യത്തുകാവ് വിഷയം മാറിയിരിക്കുന്നത്. ഹൈക്കോടതി അനുവദിച്ച രണ്ടാഴ്ചത്തെ സമയം സർക്കാരിന് താത്കാലിക ആശ്വാസമായിരിക്കുകയാണ്.

Signature-ad

ഈ കാലയളവിൽ പ്രദേശവാസികളുമായി ചർച്ച നടത്തി പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കോടതിയിൽനിന്ന് അനുകൂല ഉത്തരവ് നേടിയവരുമായും താമസക്കാരുമായും സമവായ ശ്രമങ്ങൾ നടത്താനാണ് നീക്കം.

പ്രശ്‌നപരിഹാര ചർച്ചകൾക്ക് മന്ത്രിറോജി എം. ജോൺ നേതൃത്വം നൽകും. ഒഴിപ്പിക്കൽ വിഷയത്തിൽ സർക്കാരിന്റെ നിലപാടുകളും പരിഗണിക്കേണ്ട കാര്യങ്ങളും കോടതിയെ അറിയിക്കുമെന്ന് മന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കോടതി വിധി അനുകൂലമാകാത്ത പക്ഷം മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, വിഷയത്തിൽ രാഷ്ട്രീയ ശ്രദ്ധയും ശക്തമാകുകയാണ്. താമസക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി എം.വി. ഗോവിന്ദനും സി.പി.എം. സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനനും തിങ്കളാഴ്ച പര്യത്തുകാവ് സന്ദർശിക്കും.

കോടതി ഉത്തരവും രാഷ്ട്രീയ സമ്മർദ്ദവും ഒരേസമയം ശക്തമാകുന്ന സാഹചര്യത്തിൽ പര്യത്തുകാവിലെ തുടർനടപടികൾ സംസ്ഥാന സർക്കാരിന് നിർണായകമായി മാറുകയാണ്.

 

Back to top button
error: