Breaking NewsIndiaLead NewsNEWSNewsthen Specialpolitics

കെജ്‌രിവാളിന്റെ വിശ്വസ്തനായിരുന്നിട്ടും എന്തുകൊണ്ട് എഎപിയുടെ വിശ്വാസം നഷ്ടപ്പെട്ടു? പാര്‍ട്ടിയും രാഘവ് ഛദ്ദയും തമ്മിലുള്ള അകല്‍ച്ചയുടെ കാരണങ്ങള്‍; രാജ്യസഭയ്ക്കു നല്‍കിയ കത്തില്‍ പേരുപോലുമില്ല; പുകഞ്ഞു പുകഞ്ഞു പുറത്തേക്കെന്ന് സൂചന

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ കുറ്റമുക്തനാക്കി ഒരുമാസത്തിനുള്ളില്‍ പാര്‍ട്ടിയുടെ യുവ നേതാവ് രാഘവ് ഛദ്ദയുടെ സീറ്റ് തെറിച്ചതാണ് ചര്‍ച്ച. കേജ്‌രിവാളിന്റെ വിശ്വസ്തനായിരുന്നിട്ടും ഏറെക്കുറെ പുറത്താക്കലിന്റെ വക്കിലാണ് ഛദ്ദ. ഛദ്ദയ്ക്ക് പകരം അശോക് മിത്തലിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി വ്യാഴാഴ്ച രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്തെഴുതി. രാജ്യസഭാ വെബ്സൈറ്റിലും സഭയിലെ എഎപിയുടെ ഡെപ്യൂട്ടി ലീഡറായി മിത്തലിന്റെ പേര് രേഖപ്പെടുത്തിക്കഴിഞ്ഞു.

രാജ്യസഭാ സെക്രട്ടേറിയറ്റിന് നല്‍കിയ കത്തില്‍ ഛദ്ദയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുപോലുമില്ലെന്നും മിത്തലിനെ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും എഎപി വൃത്തങ്ങള്‍ പറഞ്ഞു. 2012-ല്‍ എഎപിയില്‍ ചേരുകയും 2022 മുതല്‍ രാജ്യസഭാംഗമായിരിക്കുകയും ചെയ്യുന്ന ഛദ്ദയെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളിലെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ പുകയുന്നതായി വ്യക്തമായിരുന്നു.

Signature-ad

എന്നാല്‍, എംപി എന്ന നിലയില്‍ സംസാരിക്കാന്‍ ഛദ്ദയ്ക്ക് അനുവദിച്ചിട്ടുള്ള സമയം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ഊന്നിപ്പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ നടന്ന പൊതുപരിപാടികളില്‍ നിന്നുള്ള വിട്ടുനില്‍ക്കലും പാര്‍ട്ടി കാര്യങ്ങളിലെ ഛദ്ദയുടെ ദീര്‍ഘകാല മൗനവുമാണ് ഈ നീക്കത്തിന് പിന്നില്‍. ഈ തീരുമാനത്തിന് പിന്നില്‍ പ്രത്യേക പ്രകോപനങ്ങളൊന്നുമില്ലെങ്കിലും പാര്‍ട്ടി ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്ന് സ്രോതസ്സുകള്‍ സ്ഥിരീകരിച്ചു. എങ്കിലും അപ്രതീക്ഷിതമായാണു നടപടിയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സമ്മതിക്കുന്നു.

ഫെബ്രുവരി അവസാനം മദ്യനയക്കേസില്‍ കെജ്രിവാളിനെയും മനീഷ് സിസോദിയയെയും വിട്ടയച്ചതിനെത്തുടര്‍ന്ന് എഎപി നടത്തിയ ശക്തിപ്രകടനത്തിലടക്കം നിര്‍ണായക ഘട്ടങ്ങളില്‍ ഛദ്ദയുടെ അസാന്നിധ്യം പ്രകടമായിരുന്നു. അദ്ദേഹം പാര്‍ട്ടിയുമായും മുതിര്‍ന്ന നേതൃത്വവുമായും ക്രമേണ അകന്നുപോയതായി സ്രോതസ്സുകള്‍ പറയുന്നു. പിന്തുണ നല്‍കിയതിന് എഎപി നേതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും നന്ദി പറഞ്ഞപ്പോള്‍ കെജ്രിവാള്‍ ഛദ്ദയുടെ പേര് പരാമര്‍ശിച്ചിരുന്നില്ല.

കെജ്രിവാള്‍ ജയിലിലായിരുന്ന സമയത്ത് കണ്ണ് ശസ്ത്രക്രിയയ്ക്കായി ഛദ്ദ ലണ്ടനിലായിരുന്നു. 2025-ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലും അദ്ദേഹം വളരെ കുറച്ച് മാത്രമേ പങ്കെടുത്തുള്ളൂ. അദ്ദേഹത്തിനെതിരെ ‘പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍’ ആരോപിക്കപ്പെടുന്നില്ലെങ്കിലും കഴിഞ്ഞ നാല് വര്‍ഷത്തെ അദ്ദേഹത്തിന്റെ പെരുമാറ്റം കണക്കിലെടുക്കുമ്പോള്‍ ഈ നടപടിയില്‍ അത്ഭുതമില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഛദ്ദയെ പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗികമായി സസ്പെന്‍ഡ് ചെയ്യാന്‍ സാധ്യതയില്ലെന്നും അദ്ദേഹം സ്വയം തീരുമാനിക്കുന്നത് വരെ രാജ്യസഭാംഗമായി തുടരാന്‍ അനുവദിക്കുമെന്നുമാണ് വിവരം.

പഞ്ചാബ് സര്‍ക്കാരിലെ ‘ഇടപെടല്‍’

യുവ പ്രൊഫഷണലുകളും അക്കാദമിക് വിദഗ്ധരും അടങ്ങുന്ന സന്നദ്ധ സംഘത്തിലൂടെ എഎപിയില്‍ എത്തിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഛദ്ദ വളരെ പെട്ടെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നത്. ഡല്‍ഹി ബജറ്റ് തയാറാക്കാന്‍ സഹായിക്കുന്നത് മുതല്‍ പാര്‍ട്ടിയുടെ പൊളിറ്റിക്കല്‍ അഫയേഴ്‌സ് കമ്മിറ്റി അംഗം വരെയായി അദ്ദേഹം പ്രവര്‍ത്തിച്ചു. 2019-ല്‍ സൗത്ത് ഡല്‍ഹിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് 2020-ല്‍ എംഎല്‍എയായും 2022 മാര്‍ച്ചില്‍ പഞ്ചാബില്‍ നിന്ന് രാജ്യസഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടു.

തൊട്ടുപിന്നാലെ സത്യേന്ദര്‍ ജെയിന്‍, വിജയ് നായര്‍, മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, ഒടുവില്‍ കെജ്രിവാള്‍ എന്നിവര്‍ അറസ്റ്റിലായതോടെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതൃത്വം പ്രതിസന്ധിയിലായി. ഈ സമയത്ത് ഛദ്ദ ഭഗവന്ത് മന്‍ നയിക്കുന്ന പഞ്ചാബ് സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ‘ഇടപെടുന്നതായും’ രാജ്യസഭയില്‍ സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നതായും എഎപി വൃത്തങ്ങള്‍ ആരോപിച്ചു. നിര്‍ണായക സമയങ്ങളില്‍ അദ്ദേഹം ലഭ്യമല്ലായിരുന്നുവെന്നും ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു പത്രസമ്മേളനത്തില്‍ മാത്രമാണ് പങ്കെടുത്തതെന്നും അവര്‍ പറഞ്ഞു. ഈയിടെ എന്‍ഡിഎ ഭരണത്തിലുള്ള മഹാരാഷ്ട്രയിലെ മുംബൈ വിമാനത്താവളത്തിലെ ഒരു കഫേയെ പുകഴ്ത്തി ഛദ്ദ എക്‌സില്‍ പോസ്റ്റ് ഇട്ടതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിലവില്‍ പ്രസ്താവനകളൊന്നും നല്‍കാനില്ലെന്നാണ് ഛദ്ദയുടെ ഓഫീസ് അറിയിച്ചത്. രാജ്യസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങളുടെ വീഡിയോ സമാഹാരം ഛദ്ദ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഈ മാറ്റം സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്ന് പുതിയ ഡെപ്യൂട്ടി ലീഡര്‍ അശോക് മിത്തല്‍ പറഞ്ഞു. സഭയിലെ എഎപി നേതാവ് സഞ്ജയ് സിംഗ് പാര്‍ട്ടിയുടെ തീരുമാനം രാജ്യസഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചിട്ടുണ്ടെന്നു മാത്രമാണ് പ്രതികരിച്ചത്.

 

#RaghavChadha #AAP #ArvindKejriwal #Rajya Sabha #AshokMittal #PunjabPolitics #DelhiPolitics #AamAadmiParty #SanjaySingh #PoliticalNews #IndiaPolitics #BreakingNews #AAPvsChadha #RajyaSabhaMP #ആംആദ്മിപാർട്ടി #രാഘവ്ഛദ്ദ #അരവിന്ദ്കെജ്‌രിവാൾ #പഞ്ചാബ് #ഡൽഹി #രാഷ്ട്രീയം #മലയാളംവാർത്തകൾ #രാജ്യസഭ #അശോക്മിത്തൽ #എഎപി #വാർത്തകൾ #ഇന്ത്യൻരാഷ്ട്രീയം #InternalConflict #PoliticalDevelopment #DelhiExcisePolicy #StarCampaigner #BhagwantMann #PoliticalUpdate #NewLeadership #PartyCrisis #IndiaNews #TrendingPolitics #MPReplacement #DailyhuntMalayalam #GoogleNewsIndia #KeralaNewsUpdates #PoliticalAnalysis #RaghavChadhaNews #KejriwalUpdates #NationalPolitics #MalayalamNews

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: