Breaking NewsLead NewsSports

ധോണിക്ക് പരുക്ക്, രണ്ടാഴ്ച കളിക്കില്ല, വിക്കറ്റ് കീപ്പറായി ചെന്നൈയിൽ സഞ്ജുവിന്റെ കന്നിയങ്കം, എതിരാളികൾ പഴയ തട്ടകത്തിലെ രാജസ്ഥാൻ റോയൽസ്…

ചെന്നൈ: ഐപിഎൽ 19–ാം സീസണിന്റെ ആദ്യ മത്സരത്തിനു മുൻപു തന്നെ ആരാധകർക്ക് ഒരേസമയം സന്തോഷവും അതേസമയം ദു:ഖവും തരുന്ന വാർത്ത. ചെന്നൈ സൂപ്പർ കിങ്സ് താരം എം.എസ്. ധോണിക്ക് പരുക്കേറ്റതായി ചെന്നൈ സൂപ്പർ കിങ്സ് അറിയിച്ചു. പേശിവലിവ് കാരണം എഐപിഎലിലെ ആദ്യ രണ്ടാഴ്ചയിലെ മത്സരങ്ങൾ ധോണി കളിക്കില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് വൃത്തങ്ങൾ ശനിയാഴ്ച അറിയിച്ചു. ‘‘എം.എസ്.ധോണി നിലവിൽ പേശിവലിവിൽനിന്നു മുക്തനായി വരുന്നതേയുള്ളൂ. ഇതിന്റെ ഫലമായി, ഐപിഎൽ 2026-ന്റെ ആദ്യ രണ്ടാഴ്ച അദ്ദേഹത്തിന് നഷ്ടമായേക്കും. വേഗം സുഖം പ്രാപിക്കട്ടെ, തല! ’’– ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

അതേസമയം ആരാധകർക്ക് സന്തോഷം തരുന്നവാർത്തയുമെത്തി ധോണിയുടെ അസാന്നിധ്യത്തിൽ മലയാളി താരം സഞ്ജു സാംസണാകും ചെന്നൈയുടെ വിക്കറ്റ് കീപ്പർ. രാജസ്ഥാനിൽനിന്ന് ചെന്നൈയ്ക്ക് ചേക്കേറിയശേഷം സഞ്ജുവിന്റെ കന്നിയങ്കമാണ് 30ാം തിയതിയിലെ മത്സരം. അതും പഴയ ടീം എതിരാളികളായെത്തുമ്പോൾ ആരാധകരുടെ ആവേശം ഒരു പടികൂ‌ടി കൂടും.

Signature-ad

ടി 20 ലോകകപ്പിലും സൈഡ് ബഞ്ചിലിരുന്ന സഞ്ജുവിന് കളത്തിലിറങ്ങാനുള്ള അവസരമൊരുക്കിയത് ഓപ്പണർ അഭിഷേക് ശർമയുടെ അനാരോ​ഗ്യമായിരുന്നു. ഐപിഎല്ലിലും ധോണിക്ക് അസുഖം വരാൻ ആരാധകർ കാത്തിരുന്നില്ലെങ്കിലും സഞ്ജു വിക്കറ്റ് കീപ്പറാകുമോ? ധോണി ​ഗ്ലൗസ് കൈമാറുമോയെന്നുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ആ ചർച്ചകൾക്ക് വിരാമമായിരിക്കുകയാണ്, കുറഞ്ഞപക്ഷം രണ്ടാഴ്ചത്തേക്കെങ്കിലും.

നേരത്തെ, ധോണി ബാറ്റ് ചെയ്യുകയും സഞ്ജു സാംസൺ വിക്കറ്റ് കീപ്പിങ് നടത്തുകയും ചെയ്യുന്ന ടീമിന്റെ പരിശീലന മത്സരത്തിന്റെ വീഡിയോ സിഎസ്കെ പങ്കുവച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ധോണി, കളിക്കില്ലെന്ന വിവരവും സിഎസ്കെ അറിയിച്ചത്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജുവിനെ ട്രേഡിങ്ങിലൂടെയാണ് ചെന്നൈ ടീമിലെത്തിച്ചത്. പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനൽകുകയും ചെയ്തു. യുവതാരം ഋതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയുടെ ക്യാപ്റ്റൻ. ഋതുരാജും സഞ്ജുവും ചേർന്നാകും ചെന്നൈയുടെ ഇന്നിങ്സ് ഓപ്പൺ ചെയ്യുകയെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം 2023 മുതൽ ധോണിയെ മുട്ടുവേദന അലട്ടുന്നുണ്ട്. 2023ൽ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ചതിന് ശേഷം താരം മുട്ടുകാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിന്റെ ബുദ്ധിമുട്ടുകൾ താരത്തിന് ഇപ്പോഴുമുണ്ട്. വിക്കറ്റുകൾക്കിടയിൽ വേഗത്തിൽ ഓടാൻ കഴിയാത്തതിനാൽ ദീർഘനേരം ബാറ്റ് ചെയ്യാനാകില്ല. കഴിഞ്ഞയാഴ്ച ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ‘റോർ 26’ ഫാൻ ഇന്റിനിടെ തന്റെ ഫിറ്റ്‌നസ് കുറഞ്ഞുവരുന്നതായി ധോണി സമ്മതിച്ചിരുന്നു. ‘‘അത് താഴോട്ട് പോയിക്കൊണ്ടിരിക്കുകയാണ്’’ എന്നാണ് താരം പറഞ്ഞത്.

അതുകൊണ്ടുതന്നെ ഋതുരാജ് ഗെയ്‌ക്‌വാദ് കുറച്ചുകാലമായി ഫ്രാഞ്ചൈസിയെ നയിക്കുന്നതും. സഞ്ജു സാംസണെ വിക്കറ്റ് കീപ്പിങ് ഓപ്ഷനായി കൊണ്ടുവന്നതും, അൺക്യാപ്‌ഡ് രാജസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ കാർത്തിക് ശർമയ്ക്കായി 14.20 കോടി രൂപ മുടക്കിയതും ഐപിഎൽ 2026 ധോണിയുടെ അവസാന സീസണായേക്കാം എന്ന ഊഹാപോഹങ്ങളെ ശക്തമാക്കിയിട്ടുണ്ട്.

ഐപിഎലിൽ 278 മത്സരങ്ങളിൽ 242 ഇന്നിങ്സുകളിൽനിന്നായി 38.30 ശരാശരിയിലും 137.45 സ്‌ട്രൈക്ക് റേറ്റിലും 5439 റൺസ് ധോണി നേടിയിട്ടുണ്ട്. ഇതിൽ 24 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ആറാമത്തെ താരമാണ് ധോണി. കഴിഞ്ഞ സീസണിൽ ചെന്നൈ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോഴും 13 ഇന്നിങ്സുകളിൽനിന്ന് 196 റൺസ് ധോണി നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: