Breaking NewsIndiaLead NewsNEWS

വിവാഹിതനായ പുരുഷനും പ്രായപൂർത്തിയായ സ്ത്രീയും തമ്മിലുള്ള ലിവ്-ഇൻ ബന്ധം കുറ്റകരമല്ല, സാമൂഹിക ധാർമികതയും വ്യക്തി സ്വാതന്ത്ര്യവും രണ്ട്: അലഹബാദ് ഹൈക്കോടതി

അലഹബാദ്: പ്രായപൂർത്തിയായ ഒരു സ്ത്രീയുമായി ഉഭയസമ്മതത്തോടെയുള്ള ലിവ്- ഇൻ ബന്ധത്തിൽ വിവാഹിതനായ പുരുഷനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവ്. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിന്നുള്ള ഒരു ദമ്പതികൾ സമർപ്പിച്ച ക്രിമിനൽ റിട്ട് ഹർജിയിൽ വാദം കേൾക്കവേയാണ് സുപ്രധാന പ്രസ്താവം. കൂടാതെ സാമൂഹിക ധാർമികതയും വ്യക്തി സ്വാതന്ത്ര്യവും രണ്ടും രണ്ടാണെന്നും കോടതി അടിവരയിട്ടു.

ജസ്റ്റിസ് ജെ.ജെ. മുനീറും ജസ്റ്റിസ് തരുൺ സക്സേനയും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ പ്രാഥമികമായി പരിശോധിക്കുമ്പോൾ കുറ്റകരമായ യാതൊരു പ്രവൃത്തിയും പുരുഷന്റെ ഭാ​ഗത്തുനിന്ന് കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, ഹർജിക്കാരായ ദമ്പതികളെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് നിർദേശം നൽകി. കൂടാതെ, സ്ത്രീയുടെ കുടുംബാംഗങ്ങൾ ദമ്പതികൾക്ക് എതിരെ ഭീഷണി മുഴക്കുകയോ, ഹാനികരമായ നടപടികൾ സ്വീകരിക്കുകയോ ചെയ്യരുതെന്നും കോടതി കർശനമായി ഉത്തരവിട്ടു.

Signature-ad

മാത്രമല്ല സ്ത്രീയുടെ കുടുംബാംഗങ്ങൾ അവരുടെ വാസസ്ഥലത്ത് പ്രവേശിക്കുകയോ നേരിട്ടോ, ഫോൺ, സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാർഗങ്ങളിലൂടെയോ, മൂന്നാം വ്യക്തികളിലൂടെ ബന്ധപ്പെടുകയോ ചെയ്യരുതെന്നും കോടതി നിർദ്ദേശിച്ചു. ദമ്പതികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള വ്യക്തിപരമായ ഉത്തരവാദിത്വം പ്രാദേശിക പോലീസ് മേധാവിക്ക് ഏൽപ്പിക്കുകയും ചെയ്തു. കേസ് ഏപ്രിൽ 8-ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സാമൂഹിക അഭിപ്രായമോ, ധാർമ്മികതയോ അനുസരിച്ച് നിർദ്ദേശിക്കാൻ കഴിയില്ലെന്നും കോടതി ഊന്നിപ്പറഞ്ഞു.

2026 ജനുവരി 8-ന് കേസിലുൾപ്പെട്ട അനാമികയെന്ന പെൺകുട്ടിയുടെ അമ്മ കാന്തി ജൈതിപൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ, കേസിൽ പ്രതിയായ നേത്രപാൽ തന്റെ മകളെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയെന്നും, ഈ പ്രവൃത്തിക്ക് ധർമപാൽ എന്ന മറ്റൊരാൾ സഹായം നൽകിയെന്നും ആരോപിച്ചിരുന്നു. ഭാരതീയ ന്യായ സംഹിത (BNS) വകുപ്പ് 87 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇതോടെ 18 വയസുള്ള അനാമികയും നേത്രപാലും ഹൈക്കോടതിയെ സമീപിച്ച് കേസ് റദ്ദാക്കണമെന്നും, കുടുംബാംഗങ്ങളിൽ നിന്ന് ഭീഷണി നിലനിൽക്കുന്നതിനാൽ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. അനാമിക പ്രായപൂർത്തിയായ വ്യക്തിയാണെന്നും, സ്വന്തം ഇഷ്ട‌പ്രകാരം നേത്രപാലുമായി ലിവ്-ഇൻ ബന്ധത്തിലാണ് കഴിയുന്നതെന്നും കോടതിയിൽ വ്യക്തമാക്കി.

അതേസമയം നേത്രപാൽ വിവാഹിതനായതിനാൽ മറ്റൊരു സ്ത്രീയുമായി താമസിക്കുന്നത് കുറ്റകരമാണെന്ന വാദം എതിർപക്ഷം ഉന്നയിച്ചെങ്കിലും, പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ തമ്മിലുള്ള സമ്മതത്തോടെയുള്ള ലിവ്-ഇൻ ബന്ധം ക്രിമിനൽ കുറ്റമായി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ഹർജിക്കാർ കോടതിയെ അറിയിച്ചതനുസരിച്ച്, സ്ത്രീയുടെ കുടുംബാംഗങ്ങളിൽ നിന്ന് ഗുരുതരമായ ജീവൻ ഭീഷണിയുണ്ട്, ‘ഓണർ കില്ലിംഗ്’ വരെ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും അവർ പറഞ്ഞു. ഇത് ഗൗരവത്തോടെ പരിഗണിച്ച കോടതി, ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് പോലീസ് ഉദ്യോഗസ്ഥരെ കടുത്ത ഭാഷയിൽ വിമർശിച്ചു.

പ്രായപൂർത്തിയായ രണ്ട് വ്യക്തികൾക്ക് ഒരുമിച്ച് ജീവിക്കാൻ അവകാശമുണ്ടെന്നും, അവരുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കുക പോലീസിന്റെ ഭരണഘടനാപരമായ കടമയാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ 2018-ലെ സുപ്രീംകോടതി വിധിയായ ശക്തി വാഹിനി vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ നിർദേശിച്ച മാർഗ്ഗരേഖകൾ പാലിക്കണമെന്നും കോടതി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: