Breaking NewsIndiaLead NewsLIFELife StyleNEWSNewsthen Specialpolitics

രാഹുല്‍ ഗാന്ധിയെ ബിജെപി വിടാതെ ആക്രമിക്കുന്നത് ഭയംകൊണ്ടല്ല; അളന്നു കുറിച്ച രാഷ്ട്രീയ തന്ത്രം; പാര്‍ലമെന്റ് നടയിലെ ‘ബിസ്‌കറ്റും ചായ’യും മുതല്‍ ‘ബഹുമാനക്കുറവ്’ വരെ; വെറും ആകുലതയോ മാസ്റ്റര്‍ പ്ലാനോ?

ന്യൂഡല്‍ഹി: ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്, സായുധ സേനയില്‍നിന്നു വിരമിച്ച 84 ഉദ്യോഗസ്ഥരും നാലു മുതിര്‍ന്ന അഭിഭാഷകരും സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ച നാലുപേരും നയതന്ത്രജ്ഞരും ചേര്‍ന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ഒരു ഹര്‍ജിയില്‍ ഒപ്പിട്ടു.

എന്തായിരുന്നു ഹര്‍ജി?

‘പൊതുസംവാദത്തിന്റെയും മര്യാദയുടെയും എല്ലാ നിലവാരങ്ങളും ഇല്ലാതാക്കാന്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു അദ്ദേഹത്തിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റം അഹങ്കാരത്തിന്റെയും അധികാര മനോഭാവത്തിന്റെയും പ്രതിഫലനമാണ്’.

Signature-ad

അഹങ്കാരിയായ രാഹുല്‍ എങ്ങനെയാണ് ചര്‍ച്ചകളുടെ നിലവാരം താഴ്ത്തിയത്?

ഹര്‍ജിയില്‍ പറയുന്നത് ഇങ്ങനെ: ‘ശ്രീ രാഹുല്‍ ഗാന്ധിയും നിരവധി പാര്‍ലമെന്റ് അംഗങ്ങളും പാര്‍ലമെന്റിന്റെ പടികളിലിരുന്ന് ചായയും ബിസ്‌ക്കറ്റും കഴിക്കുന്നത് കാണാനിടയായി. ഇത് രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭയിലെ അംഗങ്ങള്‍ക്ക് ഒട്ടും ചേരാത്ത രീതിയിലുള്ളതായിരുന്നു’.

കേരളത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ ചിരി വരുന്നുണ്ടോ?

അപ്പോഴും ദുഖകരമെന്നു പറയട്ടേ, ചായയും ബിസ്‌കറ്റും കഴിക്കാന്‍ ‘യോജിച്ച രീതി’ ഏതെന്നു ഹര്‍ജിയില്‍ പറയാന്‍ മറന്നുപോയി! എങ്കിലും, രാഹുല്‍ എങ്ങനെയാണ് പാര്‍ലമെന്റിനെ അവഹേളിച്ചതെന്ന് ഏതാനും നൂറു വാക്കുകളില്‍ക്കൂടി അവര്‍ ആഞ്ഞടിക്കുന്നു. ബിസ്‌ക്കറ്റ് സ്‌നേഹിയായ രാഹുല്‍ വേറെ എന്താണു ചെയ്തത്? അദ്ദേഹം വെറുതെ ബോര്‍ബണ്‍ ബിസ്‌ക്കറ്റ് കഴിക്കുകയാണോ അതോ സ്വയം ഒരു ‘ബോര്‍ബണ്‍’ (രാജവംശം) പോലെ പെരുമാറുകയാണോ?

സത്യത്തില്‍, അതിലധികം കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ഹര്‍ജിക്കാരുടെ രോഷത്തിന്റെ ഉറവിടം ആ ബിസ്‌ക്കറ്റുകളാണ്. അത്രമാത്രം.

പടികളിലിരുന്ന് ബിസ്‌ക്കറ്റ് കഴിക്കുന്നത് ഏതാനും പ്രമുഖര്‍ക്ക് (പ്രമുഖരാകാന്‍ ആഗ്രഹിക്കുന്ന മറ്റു പലര്‍ക്കും) ഇത്രയധികം രോഷം പ്രകടിപ്പിക്കാനുള്ള കാരണമാണോ എന്ന് അമ്പരക്കാം. പക്ഷേ അതല്ല ഈ കഥയിലെ പ്രാഥമിക ഘടകം.

ഒരു ബിജെപി എംപി രാഹുലിന്റെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഒരു പ്രമേയം കൊണ്ടുവന്നു. ഈ നീക്കം ഭരണഘടനാ വിരുദ്ധമായേക്കാം, പക്ഷേ ആ പ്രമേയത്തിന് നിരവധി ബിജെപി എംപിമാരുടെ പിന്തുണ ലഭിച്ചു.

ഇത് ഒടുവില്‍ നമ്മെ ഒരു നിഗൂഢ കഥയുടെ ഹൃദയഭാഗത്തേക്ക് എത്തിക്കുന്നു- എന്തിനാണ് രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വയ്ക്കുന്നത്?

രാഹുല്‍ ഒരു തമാശക്കാരനാണെന്നും കാര്യമാത്ര പ്രസക്തിയില്ലാത്ത വ്യക്തയാണെന്നുമാണ് ബിജെപി പണ്ടേ സ്വീകരിക്കുന്ന നിലപാട്. രാഹുല്‍ എത്രത്തോളം പ്രതിപക്ഷ നേതാവായി തുടരുന്നുവോ അത്രത്തോളം ബിജെപിക്ക് നല്ലതാണെന്ന് ചില പാര്‍ട്ടി അനുയായികള്‍ കടന്നു ചിന്തിക്കുന്നു. അദ്ദേഹം അത്രയും മോശം നേതാവായതുകൊണ്ട്, കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴില്‍ നശിക്കുന്നത് കാണുന്നതിലൂടെ സര്‍ക്കാരിന് യഥാര്‍ത്ഥത്തില്‍ ഗുണമുണ്ടാകുമെന്നും അവര്‍ സൂചിപ്പിക്കുന്നു.

രാഹുല്‍ അത്രത്തോളം ഉപയോഗശൂന്യനാണെങ്കില്‍, അദ്ദേഹം ഈ സര്‍ക്കാരിന് ഒരു മുതല്‍ക്കൂട്ടും പ്രതിപക്ഷത്തിന് ഒരു ബാധ്യതയുമാണെങ്കില്‍, പിന്നെ എന്തിനാണ് സര്‍ക്കാര്‍ അദ്ദേഹത്തെ വാര്‍ത്തകളില്‍ നിലനിര്‍ത്താന്‍ ഇത്രയധികം പാടുപെടുന്നത്?

ബിസ്‌ക്കറ്റ് കഴിക്കുന്നതിനെക്കുറിച്ചുള്ള ഹര്‍ജി എന്നത് അങ്ങേയറ്റം പരിഹാസ്യമാംവിധം നിരാശാജനകമാണ്. അദ്ദേഹം ഉപയോഗശൂന്യനാണെന്നും അദ്ദേഹത്തിന്റെ പ്രകടനം ദുരന്തമാണെന്നും ഇരിക്കെ, സഭയില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം (ബിസ്‌ക്കറ്റോടെയോ അല്ലാതെയോ) സര്‍ക്കാരിന് അനുകൂലമാകുമ്പോള്‍ പിന്നെ എന്തിനാണ് അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നത്? പ്രതിപക്ഷത്തെ നയിക്കുന്നത് തങ്ങള്‍ ഒരു തമാശക്കാരനായി കരുതുന്ന ഒരാളാകുമ്പോള്‍ തീര്‍ച്ചയായും ബിജെപിക്ക് അതല്ലേ ഗുണം?

ഈ ചോദ്യങ്ങള്‍ക്ക് ബോധ്യപ്പെടുത്തുന്ന ഒരൊറ്റ ഉത്തരം പോലും കണ്ടെത്താന്‍ കഴിഞ്ഞേക്കില്ല. തന്നെയുമല്ല, ഒരിക്കല്‍ പരീക്ഷിച്ച് ദയനീയമായി പരാജയപ്പെട്ട ഒരു കാര്യം വീണ്ടും ചെയ്യുന്നത് അത്ര നല്ല ആശയമല്ലെന്നു തിരിച്ചറിയാന്‍ നിങ്ങള്‍ ഷെര്‍ലക് ഹോംസ് ആകണമെന്നുമില്ല.

2023-ല്‍ സൂറത്ത് കോടതിയിലെ ഒരു ജഡ്ജി രാഹുല്‍ ഗാന്ധി അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അദ്ദേഹത്തിന് രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. രണ്ടു വര്‍ഷമോ അതില്‍ കൂടുതലോ തടവിന് ശിക്ഷിക്കപ്പെടുന്ന ആരെയും പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കാം എന്ന് മനസിലാക്കുന്നതുവരെ ആ ശിക്ഷ അനാവശ്യമാംവിധം കഠിനമാണെന്ന് തോന്നിയിരുന്നു. രാഹുല്‍ യഥാവിധി അയോഗ്യനാക്കപ്പെട്ടു, പക്ഷേ അത് അദ്ദേഹത്തെ തളര്‍ത്തിയില്ല. അദ്ദേഹം രാജ്യത്തുടനീളം ബിജെപിയെ എതിര്‍ക്കുന്നത് തുടര്‍ന്നു. ഏതാനും മാസങ്ങള്‍ക്കുശേഷം സുപ്രീം കോടതി അദ്ദേഹത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. അദ്ദേഹം പാര്‍ലമെന്റില്‍ തിരിച്ചെത്തി.

കേസ് അടിമുടി പരാജയപ്പെട്ടശേഷം വീണ്ടും അതേ കാര്യം എന്തിനാണ് പരീക്ഷിക്കുന്നത്? എന്തായാലും രാഹുലിന്റെ കാര്യത്തില്‍ എന്തിനാണ് ഇത്രയധികം ആകുലപ്പെടുന്നത്? പൊതുചര്‍ച്ചകള്‍ക്കും പാര്‍ലമെന്ററി മര്യാദകള്‍ക്കും അദ്ദേഹം ഒരു ഭീഷണിയാണെന്ന് ചിത്രീകരിക്കാന്‍ ഇത്രയധികം കഷ്ടപ്പെടുന്നത് എന്തിനാണ്? അദ്ദേഹത്തെ അങ്ങ് അവഗണിച്ചാല്‍ പോരെ?

കോണ്‍ഗ്രസിന് അതിന്റേതായ വിശദീകരണമുണ്ട്.

1. രാഹുലിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയില്‍ ബിജെപി ഭയപ്പെടുന്നുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പാതയില്‍ തടസങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്നുമാണ് അവര്‍ പറയുന്നത്.

2. യാഥാര്‍ത്ഥ്യബോധമുള്ള കോണ്‍ഗ്രസുകാര്‍ മുന്നോട്ടുവയ്ക്കുന്ന രണ്ടാമത്തെ വിശദീകരണം, ഗാന്ധി കുടുംബത്തോടും പ്രത്യേകിച്ച് രാഹുലിനോടുമുള്ള വെറുപ്പ് കാരണം ഭരണകൂടത്തിന് കണ്ണു കാണാതാവുകയും അവര്‍ യുക്തിരഹിതമായി പെരുമാറാന്‍ തുടങ്ങുകയും ചെയ്തു എന്നതാണ്.

രണ്ട് വിശദീകരണങ്ങളും വിശ്വസിക്കാന്‍ കഴിയില്ല.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും സമര്‍ത്ഥരായ തന്ത്രജ്ഞരാണ് ബിജെപിയെ നയിക്കുന്നത്. കാര്യങ്ങള്‍ കൃത്യമായി ആലോചിക്കാതെ അവര്‍ ഒന്നും ചെയ്യാറില്ല. അതിനാല്‍, തീര്‍ച്ചയായും ഇതിനു പിന്നില്‍ ചില ‘മാസ്റ്റര്‍ പ്ലാനുകള്‍’ ഉണ്ട്. എന്നാല്‍ അത് എന്താണെന്ന് ആര്‍ക്കും അറിയില്ല.

ഒരു ആഖ്യാനം നിര്‍മ്മിക്കുന്നു

കേരളത്തില്‍ വി.ഡി. സതീശനിലൂടെയാണ് ആഖ്യാനം (നരേറ്റീവ്) എന്ന പദം അടുത്തിടെ പോപ്പുലറായതെന്നു തോന്നുന്നു. ഓരോ വിഷയത്തിലും ചില താത്പര്യം അനുസരിച്ച് നരേറ്റീവുകള്‍ (ആഖ്യാനങ്ങള്‍) സൃഷ്ടിക്കപ്പെടുന്നു. കേരളത്തില്‍ അടുത്തിടെയുണ്ടായ വിവാദങ്ങള്‍ നോക്കുക. അത് എവിടെ എത്തിയെന്നും നോക്കുക.

ഇവിടെ, രാഹുലിനെ രാഷ്ട്രീയത്തില്‍നിന്ന് പുറത്താക്കുക എന്നതാണ് ആ മാസ്റ്റര്‍ പ്ലാന്‍ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അവര്‍ വിജയിച്ചാല്‍ പോലും പ്രിയങ്ക കോണ്‍ഗ്രസിനെ നയിക്കാനെത്തുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. പോരാട്ടങ്ങളില്‍ തളര്‍ന്ന രാഹുലിനെക്കാള്‍ പുതിയൊരു മുഖം അടുത്ത തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയേക്കാം. രാഹുലില്‍ ഇത്രയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, അദ്ദേഹത്തെ പ്രതിപക്ഷത്തെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി തോന്നിപ്പിക്കാന്‍ ബിജെപി റിസ്‌ക് എടുക്കുന്നു. മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യമാണത്.

കുറച്ചെങ്കിലും യുക്തിയുള്ള ഒരു വിശദീകരണം മാത്രമേയുള്ളൂ. അടുത്ത റൗണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാല്‍, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുമെന്ന് ബിജെപിക്ക് അറിയാം. പ്രതിപക്ഷത്തിന്റെ വരാനിരിക്കുന്ന പ്രതിഷേധങ്ങളെ തടയാന്‍ മുന്‍കൂട്ടി ഒരു ആഖ്യാനം സൃഷ്ടിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടോ?

രാഷ്ട്രപതിയെ അപമാനിച്ചെന്ന് ആരോപിച്ച് അടുത്തിടെയുണ്ടായ വിവാദങ്ങള്‍ നോക്കുക. ആ വിഷയം അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മുഴുവന്‍ മന്ത്രിസഭയും രാഷ്ട്രപതിയുടെ ഓഫീസ് പോലുള്ള സ്ഥാപനങ്ങളോടുള്ള ബഹുമാനക്കുറവിനെക്കുറിച്ച് പോസ്റ്റുകള്‍ പങ്കുവച്ചു. ഇപ്പോള്‍, രാഹുലും അദ്ദേഹത്തിന്റെ ബിസ്‌ക്കറ്റുകളും പാര്‍ലമെന്റിനോട് ബഹുമാനമില്ലാത്തവരാണെന്ന് ആരോപിക്കുന്നു.

ഇതൊരു ബിജെപി പ്രമേയമായി മാറുമോ? രാഷ്ട്രപതിയുടെ ഓഫീസായാലും പാര്‍ലമെന്റായാലും, പ്രതിപക്ഷത്തിന് ഇന്ത്യയുടെ സ്ഥാപനങ്ങളോട് ബഹുമാനമില്ലെന്ന് ബിജെപി ആവര്‍ത്തിച്ചുകൊണ്ടിരിക്കുമോ? അങ്ങനെയാകുമ്പോള്‍, പ്രതിപക്ഷം ചീഫ് ഇലക്ഷന്‍ കമ്മീഷണറെക്കുറിച്ച് പരാതിപ്പെടുമ്പോള്‍, ഇത് ഇന്ത്യന്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള വലിയൊരു ആക്രമണത്തിന്റെ ഭാഗമാണെന്ന് ബിജെപിക്ക് പറയാന്‍ കഴിയും. ഇത് ബിജെപിയുടെ മാത്രം കാഴ്ചപ്പാടല്ലെന്ന് അവര്‍ ചൂണ്ടിക്കാണിക്കും. രാഷ്ട്രപതി തന്നെ പരാതിപ്പെട്ടിട്ടുണ്ട്. കൂടാതെ പൊതുസമൂഹത്തിലെ പ്രമുഖ അംഗങ്ങളും (ബിസ്‌ക്കറ്റ് മര്യാദയെക്കുറിച്ച് പറയുന്നവര്‍) സ്ഥാപനങ്ങളോടുള്ള ബഹുമാനക്കുറവില്‍ ദുഃഖം രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരു ആഖ്യാനം എന്ന നിലയില്‍ ഇത് വിജയിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. രാഷ്ട്രപതിയുടെ മീറ്റിംഗ് നടക്കുന്ന വേദിയെക്കുറിച്ചോ അവരുടെ ബാത്ത്‌റൂമിലെ വെള്ളത്തിന്റെ കുറവിനെക്കുറിച്ചോ ഉള്ള പരാതികളെക്കുറിച്ച്, നമുക്കെല്ലാവര്‍ക്കും അവരോടുള്ള ബഹുമാനമുണ്ടായിട്ടും ആരും അത്ര ഗൗരവമായി എടുത്തില്ല. ബിസ്‌ക്കറ്റ് ഹര്‍ജി ഒരു തമാശയായി തള്ളിക്കളയുകയും ചെയ്തു.

എന്നാല്‍ ഒരു ആഖ്യാനം കെട്ടിപ്പടുക്കുന്നത് ഇങ്ങനെയാണ്. ഒരേ കാര്യം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുക, ഒടുവില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെ പ്രതിരോധിക്കാന്‍ സമയമാകുമ്പോള്‍, നിങ്ങളുടെ അവകാശവാദങ്ങള്‍ ഒരു ചരിത്രപരമായ അടിത്തറയുള്ളതായും അതിനാല്‍ അല്പം വിശ്വാസ്യതയുള്ളതായും തോന്നും.

രാഹുലിന് നേരെയുള്ള ആക്രമണങ്ങളുടെ രഹസ്യത്തിനുള്ള പരിഹാരം ഇതാണോ? ഈ ഘട്ടത്തില്‍ അത് പറയാന്‍ പ്രയാസമാണ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എങ്ങനെ പോകുന്നുവെന്നും പ്രതിപക്ഷം പറയുന്നതുപോലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറുന്നുണ്ടോ എന്നും നമുക്ക് നോക്കാം.

അത് സംഭവിക്കുകയാണെങ്കില്‍, സ്ഥാപനങ്ങളോടുള്ള ബഹുമാനക്കുറവ് എന്ന ആഖ്യാനത്തിന് ഒടുവില്‍ അര്‍ത്ഥമുണ്ടാകും. രാഹുലിന് നേരെയുള്ള ആക്രമണങ്ങള്‍ ഒരു വലിയ പാറ്റേണുമായി യോജിക്കുകയും ചെയ്യും.

#RahulGandhi, #Congress, #BJP, #KeralaPolitics, #ElectionCommission, #ParliamentNews, #PoliticalAnalysis, #MalayalamNews, #IndianPolitics, #UDF, #RahulGandhiUpdates, #Democracy, #NationalNews #RahulGandhi, #IndianNationalCongress, #BJPIndia, #ParliamentDecorum, #Election2026, #ChiefElectionCommissioner, #InstitutionalIntegrity, #IndianDemocracy, #PoliticalNarrative, #OppositionUnity, #RahulGandhiNews, #DelhiPolitics

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: