യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും, ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കും, ആദ്യ പരിഗണന വിജയിക്കാൻ- ചെന്നിത്തല

കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാരാകുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് എന്ത് പറഞ്ഞാലും അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയിക്കുന്നതിനാണ് ഇപ്പോൾ ആദ്യ പരിഗണനയെന്നും ഹൈക്കമാൻഡിന് തന്നിൽ വിശ്വാസമുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് ആണ്. കോൺഗ്രസ് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ കേരളത്തിലെ പ്രമുഖ നേതാക്കളെയെല്ലാം വിളിച്ചു കൂട്ടി. തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിനാണ് മുൻഗണന. മുഖ്യമന്ത്രി ആരാകണമെന്ന കാര്യം അതിന് ശേഷം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
ഹൈക്കമാൻഡിന്റെ ആ തീരുമാനം എല്ലാവരും അംഗീകരിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിന് എന്നും എന്നെ വിശ്വാസമാണ്. ഒരു നിർണായകമായ തെരഞ്ഞെടുപ്പാണ് യുഡിഎഫിനെ സംബന്ധിച്ച്. മുന്നണിയെ വിജയത്തിലേക്ക് നയിക്കാനുള്ള ചുമതല ഏൽപ്പിച്ചു. പ്രവർത്തനവുമായി മുന്നോട്ട് പോകുന്നു. പ്രൊഫഷണലിസം കൂടി നോക്കിക്കൊണ്ടുള്ള ക്യാംപെയ്‌നാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ പത്ത് വർഷത്തെ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് ജനങ്ങൾ വിലിരുത്തുന്നത്. ചേലക്കര ഒഴിച്ച് എല്ലാ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫ് ജയിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിലും വിജയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷം നേടി. ഈ വിധികൾ സർക്കാരിന് എതിരാണ്. ജനങ്ങൾ സർക്കാരിനെ മാറ്റാൻ ആഗ്രഹിക്കുന്നു. ജനങ്ങൾ ഭരണമാറ്റത്തിന് വേണ്ടി തയാറായിക്കഴിഞ്ഞു- അദ്ദേഹം കൂട്ടിച്ചേർത്തു.






