കൊച്ചി: ഇന്ധന വിലവര്‍ധനയ്ക്കെതിരേ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്നു വിധി പറയും. ആറ് നേതാക്കളുടെ ജാമ്യാപേക്ഷയാണ് എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ചത്.
കാറിന്റെ ചില്ല് മാറ്റുന്നതിനുള്‍പ്പെടെ അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണു കോടതിക്കു കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം കെട്ടിവച്ച് ജാമ്യം അനുവദിക്കണമെന്നു പ്രതികളുടെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ കാറിന്റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവയ്ക്കണമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം.
കാന്‍സര്‍ രോഗിക്കു വേണ്ടിയാണ് ഹൈവേ ഉപരോധത്തെ എതിര്‍ത്തതെന്ന ജോജുവിന്റെ മൊഴി കള്ളമെന്ന് തെളിഞ്ഞതായും,സിനിമാ സംബന്ധമായ യാത്രയ്ക്കിടെ തന്റെ വാഹനം തടഞ്ഞപ്പോഴാണു പ്രതിഷധിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചു.