Breaking NewsIndiaLead NewsNEWSpolitics

പണിക്കൂലിയില്ല, പണിക്കുറവും! ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ കരാറുകാര്‍ക്ക് നല്‍കാനുള്ളത് 89,000 കോടി; ചര്‍ച്ചയില്‍നിന്ന് ഒഴിഞ്ഞുമാറി മന്ത്രിമാര്‍; ഫട്‌നാവിസ് കോടതി കയറേണ്ടിവരും; മൂന്നു ബെഞ്ചുകളില്‍ ഹര്‍ജി നല്‍കും

മുംബൈ: പതിനായിരക്കണക്കിനു കോടികളുടെ കുടിശികയെത്തുടര്‍ന്നു മഹാരാഷ്ട്ര സര്‍ക്കാരിനെ കോടതി കയറ്റാന്‍ കരാറുകാര്‍. സംസ്ഥാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു കരാര്‍ ഏറ്റെടുത്ത വകയില്‍ 89,000 കോടി രൂപയുടെ കുടിശികയാണു കരാറുകാര്‍ക്കു നല്‍കാനുള്ളതെന്നും ബോംബെ ഹൈക്കോടതിയുടെ മുംബൈ, നാഗ്പുര്‍, ഛത്രപതി സംബാജിനഗര്‍ ബെഞ്ചുകളില്‍ ഹര്‍ജി നല്‍കുമെന്നും കരാറുകാരുടെ സംഘടന പറഞ്ഞു.

‘സംസ്ഥാനത്തെ കരാറുകാര്‍ക്കു നല്‍കാനുളള കുടിശിക 89,000 കോടിയാണ്. ഈ സമയം നാലായിരം കോടി മാത്രം അനുവദിക്കുകയാണു ചെയ്തത്. മഹാരാഷ്ട്ര സ്‌റ്റേറ്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷനും സ്‌റ്റേറ്റ് എന്‍ജിനിയേഴ്‌സ് അസോസിയേഷനും താനെയില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലാണു ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനമെടുത്തത്’-കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് മിലിംഗ് ഭോസ്‌ലെ പറഞ്ഞു.

Signature-ad

കഴിഞ്ഞ വര്‍ഷംമുതല്‍ കരാര്‍ കുടിശിക ലഭിക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. കുടിശിക അനുവദിച്ചില്ലെങ്കില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതകാലത്തേക്കു നിര്‍ത്തുമെന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ഉയര്‍ന്ന നേതാക്കള്‍ക്കും കത്തു നല്‍കി. ജൂലൈ 2024 മുതല്‍ വിവിധ വകുപ്പുകളില്‍ കരാറെടുത്തതിന്റെ തുക മാത്രമാണ് 89,000 കോടി. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണു കോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലഭിക്കാനുള്ള പണത്തില്‍ 46,000 കോടിയും പിഡബ്ല്യുഡിയില്‍നിന്നാണ്. ജല്‍ജീവന്‍ മിഷനുവേണ്ടിയുള്ള ജോലികളില്‍ നിന്നായി 18,000 കോടിയും ഗ്രാമീണ വികസന വകുപ്പില്‍നിന്ന് 8600 കോടിയും ജലസേചന വകുപ്പില്‍നിന്ന് 19,700 കോടിയും ലഭിക്കാനുണ്ട്. ഡിപിഡിസി ജോലികളുടെ കരാറുകളില്‍നിന്ന് 1700 കോടിയും കിട്ടാനുണ്ട്. എംഎല്‍എ, എംപി ഫണ്ടുകളില്‍നിന്നാണ് ഈ പണം അനുവദിക്കേണ്ടത്.

കഴിഞ്ഞ മാര്‍ച്ചില്‍ നാലായിരം കോടിയാണ് അനുവദിച്ചത്. ഇത് ആകെ ലഭിക്കാനുള്ളതിന്റെ അഞ്ചുശതമാനം മാത്രമാണ്. ഇത്തരത്തില്‍ കരാറുകാര്‍ക്കു മുന്നോട്ടു പോകാന്‍ കഴിയില്ല. ബില്ലുകളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ കരാറുകള്‍ നടപ്പാക്കാന്‍ പണമുണ്ടാകില്ല. ഇത് സംസ്ഥാനത്തിന്റെ ആകെ വികസനത്തെ ബാധിക്കും- ഭോസ്‌ലെ പറഞ്ഞു.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയടക്കം ഏതെങ്കിലും ഒരു മന്ത്രി സംസാരിക്കാന്‍ തയാറായിട്ടില്ല. ഫെബ്രുവരിയില 10,000 കോടി നല്‍കുന്നതിനു ധനവകുപ്പുമായി ചര്‍ച്ച നടത്തിയെന്നും ഇതു കരാറുകാര്‍ക്കു ലഭിക്കുമെന്നാണു കരുതുന്നതെന്നും പിഡബ്ല്യുഡി മന്ത്രി ശിവേന്ദ്രരാജെ ഭോസ്‌ലെ പറഞ്ഞു.

എന്നാല്‍, 1500 കോടി മാത്രമാണു കഴിഞ്ഞ സാമ്പത്തിക വര്‍ഷം വകുപ്പ് നല്‍കിയതെന്നു മിലിന്ദ് ഭോസ്‌ലെ പറയുന്നു. ആകെ നാലായിരം കോടിയും ലഭിച്ചു. സര്‍ക്കാരിന്റെ കൈയില്‍ പണമില്ല. ഇതിനുമുമ്പ് മുഖ്യമന്ത്രിയും വകുപ്പു മന്ത്രിമാരുമായുള്ള ചര്‍ച്ചകളിലും ഗുണമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: