ഓർക്കുക: നമ്മുടെ പ്രാര്‍ത്ഥനകൾക്ക് ഈശ്വരന്‍ ഉത്തരം നല്‍കുന്നത് മറ്റുള്ളവരിലൂടെയാണ്
വെളിച്ചം
അവള്‍ സ്‌കൂട്ടറില്‍ പോകുമ്പോഴാണ് ഒരു വയോധിക ലിഫ്റ്റ് ചോദിച്ചത്. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചുവെങ്കിലും അവരുടെ നിര്‍ബന്ധപ്രകാരം അവള്‍ ലിഫ്റ്റ് നല്‍കി. വണ്ടിയില്‍ പോകുമ്പോള്‍ അവര്‍ പറഞ്ഞു:
“എന്റെ സുഹൃത്തിന് സുഖമില്ല. ഞാന്‍ സുഹൃത്തിന് മരുന്ന് വാങ്ങാനായി ഇറങ്ങിയതാണ്. എന്റെ ആരോഗ്യവും വളരെ മോശമാണ്. ആരെയെങ്കിലും സഹായത്തിന് അയക്കേണേയെന്ന് ദൈവത്തിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു, ദൈവം സുഹൃത്തിനെ സഹായിക്കാന്‍ എന്നെ നിയോഗിച്ചു. എന്നെ സഹായിക്കാന്‍ നിങ്ങളേയും…”
അവര്‍ പുഞ്ചിരിച്ചു.
മരുന്നും വാങ്ങി അവരെ തിരികെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച്, ഇനിയും എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും പറഞ്ഞാണ് ആ യുവതി അവിടെ നിന്നും മടങ്ങിയത്.
മനുഷ്യന് ദൈവത്തെ ആവശ്യമുള്ളതുപോലെ ദൈവത്തിനു മനുഷ്യനെയും ആവശ്യമുണ്ട്. ഇല്ലായ്മയില്‍ എല്ലാം വാരിവിതറുന്ന അത്ഭുതമായി ഈശ്വരനെ വ്യാഖ്യാനിക്കാതെ ഉള്ളവരിലൂടെ ഇല്ലാത്തവനെ സംരക്ഷിക്കുന്ന കരുണാ കടാക്ഷമായി സങ്കല്‍പിക്കുന്നതാണ് ഉത്തമം.
ആരോഗ്യമില്ലാത്തവന് വൈദ്യനിലൂടെയും ദരിദ്രന് ധനവാനിലൂടെയും മനസ്സമാധാനം നഷ്ടപ്പെട്ടവന് ചങ്ങാതിമാരിലൂടെയും ആത്മവിശ്വാസം നഷ്ടപ്പെട്ടവന് ഗുരുവിലൂടെയുമെല്ലാം ഈശ്വരന്‍ വഴിനടത്തുന്നു.
മറ്റുള്ളവരിലൂടെയാണ് ഈശ്വരന്‍ നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുന്നത്. നമുക്കും ഈശ്വരന്റെ ഉപകരണമായി മാറുവാന്‍ സാധിക്കട്ടെ.
ശുഭദിനം നേരുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ