കണ്ണൂര്‍: സിപിഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പരോക്ഷ വിമര്‍ശനവുമായി പിബി അംഗം എ വിജയരാഘവന്‍. ഇത്രയും കാലം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടും ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ചിലര്‍ കരുതുന്നത് എന്ന് എ വിജയരാഘവന്‍ പറഞ്ഞു. ഇപി ജയരാജന്‍ വിട്ടു നിന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയിലായിരുന്നു വിജയരാഘവന്റെ ഒളിയമ്പ്.
കണ്ണൂരില്‍ സിപിഎം സംഘടിപ്പിച്ച പാര്‍ട്ടി മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ നിന്നാണ് ഇപി ജയരാജന്‍ വിട്ടുനിന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ നോട്ടീസില്‍ ഇപി ജയരാജനും പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിപിഎം സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കാതിരുന്ന ഇപി ജയരാജന്‍ ചടയന്‍ അനുസ്മരണ പരിപാടിയിലും വിട്ടു നില്‍ക്കുകയായിരുന്നു.
പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ഇതേത്തുടര്‍ന്നാണ് സിപിഎം പരിപാടികളില്‍ നിന്നും ഇപി ജയരാജന്‍ അകലം പാലിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി നിയമിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇപി ജയരാജന്‍ നേരത്തെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നിന്നിരുന്നു.