മധ്യപ്രദേശിലെ ഗ്വാളിയറില്‍ 30 ലക്ഷം രൂപ തട്ടിയെടുക്കാനായി അമ്മയെ കൊലപ്പെടുത്തിയ ദത്തുപുത്രന് പൊലീസിന്റെ പിടിയില്‍. ഷിയോപുര്‍ ടൗണിലാണ് സംഭവം.65 വയസുകാരി ഉഷയാണ് കൊല്ലപ്പെട്ടത്. ദത്തുപുത്രന് ദീപക് പച്ചൗരിയാണ് അറസ്റ്റിലായത്.
ദീപക് ഉഷയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളിമുറിയില്‍ കുഴിച്ചു മൂടുകയായിരുന്നു. ഉഷയുടെ പേരിലുള്ള സ്ഥിരനിക്ഷേപമായ 30 ലക്ഷം കൈക്കലാക്കുന്നതിനു വേണ്ടിയാണ് പ്രതി ക്രൂരകൊലപാതകം നടത്തിയത്.
കൃത്യത്തിനു ശേഷം പ്രതി അമ്മയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ദീപക്കിനെയും ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തു. ഇവരുടെ മൊഴികളില്‍ വൈരുധ്യമുള്ളതായി പൊലീസിന് വ്യക്തമായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഓഹരി വിപണിയില്‍ ദീപക്കിന് 15 ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായും പണം ആവശ്യമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ദീപക്കിന്റെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തി. കുളിമുറിയുടെ തറ പൊളിച്ച് പണിതതായി ശ്രദ്ധയില്‍പ്പെട്ടതോടെ ഈ ഭാഗം കുഴിച്ചുനോക്കിയപ്പോഴാണ് ഉഷയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ദീപക്കിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഉഷയും ഭര്‍ത്താവ് ഭുവേന്ദ്ര പച്ചൗരിയും ദീപക്കിനെ ദത്തെടുത്തത് 23 വര്‍ഷം മുമ്പാണ്. 2021ല്‍ ഭുവേന്ദ്ര മരിച്ചു.