ലോകവും രാജ്യവും സംസ്ഥാനവും വലിയ മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. കേരളത്തിൽ കോവിഡ് ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ചലച്ചിത്ര അവാർഡ് മുഖ്യമന്ത്രി നേരിട്ട് കൈമാറാതെ പുരസ്കാര ജേതാക്കളെ അപമാനിച്ചുവെന്ന വാദത്തെ കാണാൻ.
ഇതിൽ രാഷ്ട്രീയ നേതാക്കൾക്കൊപ്പം മുന്നിൽ നിന്ന ഒരാളുണ്ടായിരുന്നു. അത് നിർമാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡണ്ടുമായ ജി സുരേഷ്കുമാർ ആണ്. മുണ്ട് പൊക്കിച്ചുറ്റിയാൽ അടിയിൽ കാവിട്രൗസർ കാണുന്ന വ്യക്തിയാണ് സുരേഷ് കുമാർ. സർക്കാരും മുഖ്യമന്ത്രിയും ചേർന്ന് ചലച്ചിത്ര പുരസ്കാര ജേതാക്കളെ വിളിച്ചു വരുത്തി അപമാനിച്ചു എന്നാണ് ഇയാളുടെ ആരോപണം. കൈയിൽ ഗ്ലൗസ് ധരിച്ച് മുഖ്യമന്ത്രി അവാർഡുകൾ വിതരണം ചെയ്യണമായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വിദഗ്ധ അഭിപ്രായം.
രാജഭരണകാലത്ത് പോലും നടക്കാത്ത രീതിയാണ് ഇത് എന്നാണ് സുരേഷ് കുമാർ പറയുന്നത്. അവാർഡുകൾ വീട്ടിലെത്തിച്ചു നൽകുന്നതായിരുന്നു ഇതിലും ഭേദം. സർക്കാർ ക്ഷണം സ്വീകരിച്ച് മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ പ്രതീക്ഷയോടെ എത്തിയവരെ അപമാനിക്കേണ്ടിയിരുന്നില്ല. അപമാനിതരായവർക്കാകട്ടെ അത് തുറന്നു പറയാനുള്ള തന്റേടവും ഇല്ല എന്നും ഇദ്ദേഹം പറയുന്നു.
ആരാണ് ഈ ജി സുരേഷ്കുമാർ? എന്താണ് ജി സുരേഷ് കുമാറിന്റെ സിനിമാരംഗത്തെ സംഭാവന? എന്തെങ്കിലും ഉത്തരവാദിത്വം ഏതെങ്കിലും സമയത്ത് ഇയാൾ സമൂഹത്തോട് കാണിച്ചിട്ടുണ്ടോ?
ചില സൂപ്പർതാരങ്ങളുടെ വാലു പിടിച്ചു നിൽക്കുന്നതിലപ്പുറം യാതൊരു യോഗ്യതയും ഇയാളിൽ കണ്ടെത്താൻ ആകില്ല. ബന്ധുക്കൾ സിനിമാതാരങ്ങൾ ആണെങ്കിൽ അതിൽ സുരേഷ്കുമാറിന് എന്താണ് യോഗ്യത?
തിരുവനന്തപുരത്തെ സിനിമാ ബിജെപി കൂടാരത്തിലെ പ്രമുഖനാണ് ഇയാൾ. പ്രളയകാലത്തോ ഓഖി കാലത്തോ കോവിഡ് കാലത്തോ ഇയാളെ കാണാൻ കിട്ടാനില്ലായിരുന്നു. ഇപ്പോഴിതാ നൈസായിട്ട് ഇറങ്ങിയിരിക്കുന്നു. അതും മുഖ്യമന്ത്രിയെ കുറ്റം പറയാൻ.
ഇനി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് മുഖ്യമന്ത്രി പുരസ്കാര വിതരണ ചടങ്ങിൽ പങ്കെടുത്തത് എങ്കിൽ ഇയാൾ എന്ത് പറയുമായിരുന്നു? മുഖ്യമന്ത്രി പുരസ്കാരം നേരിട്ട് വിതരണം ചെയ്തു എന്ന് പറഞ്ഞു കയ്യടിക്കുമായിരുന്നോ?
ഇനി മുഖ്യമന്ത്രി പിണറായി വിജയൻ ആ ചടങ്ങിനെ കുറിച്ച് നടത്തിയ പരാമർശം എന്താണെന്ന് നോക്കാം. ” കോവിഡ് കാലമായതിനാൽ ഇത്തരം പൊതു ചടങ്ങുകൾക്ക് ചില മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. അതുകൊണ്ടാണ് നമ്മളോരോരുത്തരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുന്നത്. അവാർഡ് വിതരണത്തിലും ഈ കരുതൽ വേണം എന്നു ഞാൻ കരുതുന്നു. അത് ഞാനോ മറ്റാരെങ്കിലുമോ ആയിരിക്കട്ടെ. പക്ഷെ കരുതൽ നിർബന്ധമാണ്.പക്ഷേ നമ്മുടെ കലാകാരന്മാരെ ആദരിക്കുകയും വേണം.. പുരസ്കാരം ഒരു ടേബിളിൽ വച്ച് അത് എടുക്കാൻ അവരെ അനുവദിക്കുക. ആ സമയം എല്ലാവരും അവരെ ആദരിക്കുക. ഇതിനു മുമ്പും ഇത്തരം ചടങ്ങുകളിൽ ഇങ്ങനെ ചെയ്തിട്ടുണ്ട്. ഈ മാർഗ്ഗം എല്ലാവരും സ്വീകരിക്കണം എന്നാണ് എന്റെ അഭിപ്രായം. ” മുഖ്യമന്ത്രി നയം വ്യക്തമാക്കി.
സുരേഷ് കുമാർ ഇവിടെ കേൾക്കേണ്ടത് പുരസ്കാര ജേത്രിയായ കനി കുസൃതിയുടെ വാക്കുകൾ ആണ്. “ഇത്തരം ആചാരങ്ങളിൽ ഒന്നും ഞാൻ വിശ്വസിക്കുന്നില്ല. ഈ രീതി അവലംബിച്ചതിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല. ഞങ്ങൾ നടീനടന്മാരും ടെക്നീഷ്യന്മാരും വിവിധ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് വരുന്നത്. വിവിധ പ്രായത്തിലുള്ളവരാണ് വേദിയിലും സദസ്സിലും ആയി ഉണ്ടായിരുന്നത്. ഒരു ഫംഗ്ഷൻ ഇല്ലാതെ അവാർഡ് വീട്ടിലേക്ക് ആയച്ചിരുന്നെങ്കിൽ പോലും ഞാൻ സന്തോഷിച്ചേനെ” കനികുസൃതി വ്യക്തമാക്കി.
പുരസ്കാര ജേതാക്കൾക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ സുരേഷ്കുമാറിന് എന്താണ് പ്രശ്നം? ഒറ്റ പ്രശ്നമേയുള്ളൂ കാവി ട്രൗസർ. എങ്ങനെയെങ്കിലും നാലാൾ ശ്രദ്ധിക്കും വിധം വർത്തമാനം പറയണം. പറ്റുമെങ്കിൽ സംഘി പടയിൽ നിന്ന് ആദരവും സ്ഥാനമാനങ്ങളും ഏറ്റുവാങ്ങണം. അല്ലാതെ ഇയാൾക്ക് മറ്റെന്ത് ലക്ഷ്യം?
ഈ പുരസ്കാരദാന ചടങ്ങിന് മുന്നോടിയായി കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ടെസ്റ്റിൽ ഒരു ടെക്നീഷ്യന് കോവിഡ് പോസിറ്റീവായി എന്ന വിവരമാണ് ലഭിക്കുന്നത്. ഇതാണ് ചടങ്ങ് ആ രീതിയിൽ ക്രമീകരിക്കാൻ കാരണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നും ഗ്ലൗസ് ധരിച്ചിരുന്നുമില്ല.
സുരേഷ് കുമാറിനെ പൊക്കി കൊണ്ടുനടക്കുന്ന വരെയാണ് രണ്ട് പറയേണ്ടത്. കാട്ടുകോഴിക്കെന്തു സംക്രാന്തി?