IndiaNEWS

‘സിഎഎ ഭരണഘടനാവിരുദ്ധം’;  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ മകൻ്റെ വീഡിയോ

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് പലഭാഗങ്ങളിലും നിന്നും പ്രതിഷേധ സ്വരങ്ങളുയരുന്നതിനിടെ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിൻ്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡ് പൗരത്വനിയമഭേദഗതി എന്തുകൊണ്ട് ഭരണഘടനാവിരുദ്ധമാണ് വിശദീകരിക്കുന്ന  വീഡിയോ വൈറലാകുന്നു.

ജൂതന്മാരടക്കമുള്ള മതവിഭാഗങ്ങളെ സിഎഎ ഒഴിവാക്കുന്നുവെന്നും അതിനാല്‍ നിയമഭേദഗതി തികച്ചും ഭരണഘടനാവിരുദ്ധമാണെന്നുമാണ് ഈ വീഡിയോയില്‍ അഭിനവ് വ്യക്തമാക്കുന്നത്.

‘ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിള്‍ 14 പൗരന്മാർക്ക് മാത്രമല്ല ഇന്ത്യയിലെ എല്ലാവർക്കും സമത്വത്തിനും നിയമപരിരക്ഷയ്ക്കുമുള്ള അവകാശം ഉറപ്പുവരുത്തുന്നുണ്ട്. 2020-ല്‍ സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ കൊടുമ്ബിരിക്കൊണ്ടിരിക്കുന്ന സമയം, എന്തുകൊണ്ട് ജൂതന്മാരെ സിഎഎയില്‍ ഉള്‍പ്പെടുത്തിയില്ല എന്ന് ചോദിച്ച്‌ ഞാൻ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടു. ജൂതന്മാർക്ക് ഇസ്രായേല്‍ ഉണ്ടെന്നായിരുന്നു എനിക്ക് ലഭിച്ച മറുപടി. അങ്ങനെയാണെങ്കില്‍ ക്രിസ്ത്യാനികള്‍ക്കും ബുദ്ധമതക്കാർക്കും അവരുടേതായ രാജ്യമുണ്ട്. നിരീശ്വരവാദികളെ ഉള്‍പ്പെടുത്തിയിട്ടില്ല. ദൈവമുണ്ടോ ഇല്ലയോ എന്നറിയാത്ത ആജ്ഞേയവാദികളെ ഉള്‍പ്പെടുത്തിയിട്ടില്ല. പാകിസ്താനിലും ബംഗ്ലാദേശിലും ന്യൂനപക്ഷമായി കണക്കാക്കാവുന്ന മുസ്ലീങ്ങളെ നിങ്ങള്‍ ഒഴിവാക്കി.

Signature-ad

ഇന്ത്യയില്‍ താമസിക്കാൻ ആവശ്യമായ യോഗ്യ പൗരത്വഭേദഗതി നിയമത്തിലൂടെ ചുരുങ്ങിയിരിക്കുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബർ 31 ന് മുമ്ബ് കുടിയേറിയ ഹിന്ദുക്കള്‍, സിഖ്, ക്രിസ്ത്യാനികള്‍, ബുദ്ധമതക്കാർ, ജൈനർ, പാഴ്സികള്‍ എന്നീ വിഭാഗങ്ങള്‍ക്ക് സിഎഎ ഇന്ത്യൻ പൗരത്വം നല്‍കും. ഇന്ത്യൻ പൗരനാകാൻ താല്‍പര്യപ്പെടുന്നവർ 11 വർഷത്തേക്ക് ഇന്ത്യയില്‍ താമസിക്കണം. എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിന് കീഴില്‍ വരുന്ന ഒരാള്‍ക്ക്, പൗരത്വത്തിന് അഞ്ച് വർഷം മതിയാകും. പാഴ്സികള്‍ക്ക് ഇത് എങ്ങനെ ബാധകമാകുന്നു എന്ന് നോക്കൂ. പാഴ്സികള്‍ ഇറാനില്‍ നിന്ന് പലായനം ചെയ്തു. ഇറാൻ വിട്ട് ഇന്ത്യയിലേക്ക് വന്ന ഒരു പാഴ്സിക്ക് പൗരത്വം ലഭിക്കാൻ 11 വർഷം കാത്തിരിക്കണം എന്നാല്‍ അഫ്ഗാനിസ്താനില്‍ നിന്ന് പലായനം ചെയ്യുന്ന ഒരു പാഴ്സിക്ക് 5 വർഷം കാത്തിരുന്നാല്‍ മതി. ഈ വൈരുദ്ധ്യങ്ങളൊന്നും എനിക്ക് മനസ്സിലാകുന്നില്ല.

ഇതിനോടൊപ്പം തന്നെ സിഎഎയില്‍ മറ്റു പ്രശ്നങ്ങളുമുണ്ട്. 1987-നു മുമ്ബ് ആർക്കും ജന്മം കൊണ്ട് ഇന്ത്യൻ പൗരത്വം ലഭിക്കുമായിരുന്നു. 87-നു ശേഷവും 2004-നു മുമ്ബും ജനിച്ചയാളാണെങ്കില്‍ ഇവിടെ ജനിച്ചവരാണെന്നും മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യയില്‍ ജനിച്ചയാളാണെന്നും തെളിയിക്കണം. 2004-നു ശേഷം ജനിച്ചയാളാണെങ്കില്‍ നിങ്ങള്‍ ഇന്ത്യയിലാണ് ജനിച്ചതെന്നും മാതാപിതാക്കളിലൊരാള്‍ ഇന്ത്യൻ പൗരത്വമുള്ളയാളാണെന്നും മറ്റേയാള്‍ അനധികൃത കുടിയേറ്റം നടത്തിയവരല്ലെന്നും തെളിയിക്കണം. നിങ്ങളൊരു അനാഥനോ ജനിക്കുമ്ബഴേ ഉപേക്ഷിക്കപ്പെടുന്ന ഒരു ട്രാൻസ്ജെൻഡറോ ആണെങ്കില്‍ എന്ത് ചെയ്യും. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ മാതാപിതാക്കള്‍ക്ക് ഇന്ത്യയില്‍ ജനിക്കുന്ന കുഞ്ഞ് എന്ത് തെറ്റാണ് ചെയ്യുന്നത്. ഇന്ത്യയില്‍ ജനിച്ചത് ആ കുഞ്ഞിൻ്റെ കുറ്റമാണോ?’- അഭിനവ് വീഡിയോയില്‍ പറയുന്നു.

Back to top button
error: