KeralaNEWS

എന്തുകൊണ്ടാണ് ബിജെപി ഇന്നും തെക്കേ ഇന്ത്യയിലെങ്കിലും എതിർക്കപ്പെടുന്നത് ?

താന്ധതയിലമർന്ന ഒരു ജനക്കൂട്ടമാണ് വടക്കേഇന്ത്യയിലേത്.നിരക്ഷരരുടെ എണ്ണമാണ് ഇന്നും അവിടെ കൂടുതൽ.അവരോട് നിങ്ങൾക്ക് റേഷനരി കൃത്യമായി കിട്ടുന്നുണ്ടോ നിങ്ങളുടെ വീടുകളിലെല്ലാം വൈദ്യുതിയും കുടിവെള്ളവുമുണ്ടോ, നിങ്ങളുടെ കുട്ടികൾക്ക് പോകാൻ അടുത്ത് സ്കൂൾ ഉണ്ടോ എന്നൊക്കെ ചോദിച്ചാൽ അവർക്കതൊരു തമാശ മാത്രമായിരിക്കും.
നേരെ മറിച്ച് നിങ്ങൾ ഒരു കിലോ പോത്തിറച്ചിയുമായി അതുവഴി ഒന്നുപോയി നോക്കൂ.ജയ്ശ്രീറാം വിളികളോടെ നിങ്ങളെ അവർ തല്ലിക്കൊല്ലും.14 വർഷക്കാലം വനവാസം നടത്തിയ ആളാണ് ശ്രീരാമൻ.അവിടെ ദാലും തവറൊട്ടിയും കിട്ടുകയില്ലെന്ന് എല്ലാവർക്കുമറിയാം.കാട്ടുമൃഗങ്ങളെ വേട്ടയാടിത്തന്നെയാവണം അവരും കഴിഞ്ഞിരുന്നത്.
പശു,കാള,കുതിര,പോത്ത്..എന്നിവയെ ഇന്ദ്രൻ ഭക്ഷിച്ചിരുന്നു(ഋഗ്വേദം 6/17)
 ഭക്ഷിക്കാവുന്ന ഏതു മൃഗങ്ങളുടെയും മാംസം മനുഷ്യന് ഭക്ഷിക്കാവുന്ന താണ് (മനുസ്മൃതി-അധ്യായം അഞ്ച്, ശ്ലോകം മുപ്പത്)
 പൗരാണിക കാലങ്ങളിൽ പശുവിറച്ചി കഴിക്കാത്തവരെ ഉത്തമ ഹിന്ദുക്കളായി കണക്കാക്കിയിരുന്നില്ല(സ്വാമി വിവേകാനന്ദൻ-സമ്പൂർണ്ണ കൃതികൾ,പുറം-536)
 ബൃഹദാരണ്യകോപനിഷത്തിലാകട്ടെ സന്താനലാഭത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് വാഗ്മിയും ഭരണനിപുണനത്തിനും വേദങ്ങളിൽ പ്രാവീണ്യമുള്ളവനുമായ പുത്രനുണ്ടാകാൻ ദമ്പതിമാർ ചോറും കാളയുടെ മാംസം നെയ് ചേർത്ത് കഴിക്കാനും ഉപദേശിക്കുന്നുണ്ട്.മദ്യവും മാംസവും വച്ചു പൂജിക്കുന്ന എത്രയോ ഹിന്ദു ഭവനങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്.
 പിന്നെ എന്നുമുതലാണ് ഹൈന്ദവരിൽ ഒരു ഭാഗമെങ്കിൽ ഒരു ഭാഗം(കൂടുതലും വടക്കെ ഇന്ത്യക്കാർ) മാംസാഹാരം വർജ്ജിച്ചതെന്ന് ചോദിച്ചാൽ ബുദ്ധിസത്തിന്റെ കടന്നു വരവോടെയാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.മൃഗബലിയെയും മൃഗഹത്യയെയും ജൈനമതവും എതിർത്തിരുന്നു.ഇതിൽ നിന്നുതന്നെ വ്യക്തമാണല്ലോ ഇന്ത്യയിൽ ഗോഹത്യ നിലനിന്നിരുന്നുവെന്നത്(ഇല്ലാത്ത ഒരു കാര്യത്തെ ആർക്കും എതിർക്കേണ്ടതില്ലല്ലോ!) ബൗദ്ധ-ജൈന വീക്ഷണങ്ങളിൽ പ്രാമുഖ്യമുണ്ടായിരുന്ന അഹിംസാ സിദ്ധാന്തമാണ് മാംസാഹാരത്തെ  വർജ്ജിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചതും മൃഗങ്ങളെ കൊല്ലരുത് എന്ന ആശയത്തെ ഇന്ത്യയിൽ ശക്തിപ്പെടുത്തിയതും.അല്ലാതെ ഒരു
ഗോസംരക്ഷകന്റെയും ശ്രമഫലമായിട്ടല്ല.
1870-ൽ സിഖ് മതത്തിലെ ചില വിഭാഗങ്ങൾക്കൊപ്പം പഞ്ചാബിൽ ആരംഭിച്ച സംഘടിത ഹിന്ദു ഗോസംരക്ഷണ പ്രസ്ഥാനമാണ് പശുവിന്റെ പേരിൽ രാജ്യത്ത് ആദ്യം പ്രക്ഷോഭം നടത്തിയത്.1882-ൽ ദയാനന്ദ സരസ്വതി ആരംഭിച്ച ഗോസംരക്ഷിണി സഭ ഇതിന് കൂടുതൽ ശക്തി പകർന്നുകൊണ്ട്  മുസ്ലീങ്ങൾക്കെതിരെ തിരിയുകയും 1880-90 കാലഘട്ടത്തിനുള്ളിൽ ഒട്ടനവധി വർഗ്ഗീയകലാപങ്ങൾ നടത്തുകയും ചെയ്തു.ഒപ്പം വിശാലമായ ഒരു ജനവിഭാഗത്തെ സംഘടിപ്പിക്കുന്നതിനായി പശുവിനെ അവർ അതിസമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു.അതുതന്നെയാണ് ഇന്നത്തെ ബിജെപി സർക്കാരും പിന്തുടരുന്നത്.
 ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലെ സൂക്തത്തിൽ ഇന്ദ്രൻ ഇങ്ങനെ പറയുന്നു:അവർ(ഋഷിമാർ) എനിക്കായി മുന്നൂറോളം പശുക്കളെ അറുത്തു ഹോമിച്ചു.പത്താം മണ്ഡലത്തിലെ തന്നെ മറ്റൊരു സൂക്തം: വാളുകൊണ്ട് അറുത്തോ മഴുകൊണ്ട് വെട്ടിയോ കൂടം കൊണ്ട് ഇടിച്ചോ വേണം യജ്ഞത്തിനായി ഗോക്കളെ കൊല്ലാൻ!
 ഗോമാതാവിന്റെ പാൽ നമുക്കു വേണം.തൈരും നെയ്യും വേണം.അതിന്റ തോലുകൊണ്ട് ഉണ്ടാക്കുന്ന ബാഗും ബെൽറ്റും ചെരുപ്പും വേണം.എല്ലുപൊടി ഒന്നാന്തരം വളവുമാണ്.പക്ഷെ കൊല്ലാൻ പാടില്ല! കറവ പറ്റിയ പശുക്കളെ ഗോരക്ഷർ പിന്നീട് എ.സി റൂമിലിട്ട് വളർത്തുകയാണോ ചെയ്യുന്നത്? ബാധ്യത ഏറ്റെടുക്കാൻ വയ്യാത്തതുകാരണം അവരും അതുങ്ങളെ  റോഡിലേക്കു തന്നെയല്ലേ അഴിച്ചു വിടുന്നത്?അങ്ങനെ പുറന്തള്ളപ്പെടുന്നവയിൽ ഭൂരിഭാഗവും വണ്ടി ഇടിച്ചു ചാകുകയുമല്ലേ ചെയ്യുന്നത്?
കന്യകുമാരി മുതൽ കാശ്മീർ വരെ ട്രെയിനിൽ ഒന്നു സഞ്ചരിച്ചാൽ മതി ട്രെയിനിടിച്ച് ചത്ത ആയിരക്കണക്കിന് പശുക്കളുടെ ജഡം നമുക്ക് കാണുവാൻ സാധിക്കും.കഴുകൻ ആഹാരിച്ചശേഷം എല്ലും കൊമ്പും മാത്രം അവശേഷിച്ചവ.എത്രയോ പശുക്കൾ ദിനംപ്രതി തീറ്റയും വെള്ളവുമില്ലാതെ, അല്ലെങ്കിൽ പ്ലാസ്റ്റിക് തിന്നു ചാവുന്നു.കന്നുകാലികളുടെ മേച്ചിൽപ്പുറങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്തുകൊണ്ട് അതുങ്ങളെ തെരുവിലേക്ക്, വണ്ടിയിടിച്ചും മറ്റും ചാകാനുള്ള സാധ്യതയിലേക്ക് തള്ളിവിടുന്ന സർക്കാർ തന്നെയാണ് ഗോസംരക്ഷണം എന്ന മുദ്രാവാക്യം ഉയർത്തുന്നതെന്നതും ഇവിടെ ശ്രദ്ധേയം.അവർക്കറിയാം മനുഷ്യരാൽ സാധ്യമാവാത്തത് മൃഗങ്ങളാൽ സാധ്യമാവുമെന്ന്!
ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന ആദ്യത്തെ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.യോഗി ആദിത്യനാഥിന്റെ സംസ്ഥാനമായ യുപിയിലെ കുർജയിലും ബുലന്ത്ഷഹറിലും മീററ്റിലും അലിഗഢിലുമൊക്കെ ഒന്നു പോയി നോക്കൂ.നമ്മുടെ നാട്ടിലെ ലോട്ടറി കടകൾ പോലെയാണ് അവിടെ ബീഫ് സംസ്കരണ ശാലകൾ.മുംബെയിലും ഗുജറാത്തിലുമുള്ള ബീഫ് എക്സ്പോർട്ടിങ് കമ്പനികളിലൂടെ അവ വിദേശികളുടെ തീൻമേശയെ സമൃദ്ധമാക്കുന്നു..!
റാഞ്ചിയിൽ ഈ അടുത്തിടെയാണ് മുന്നൂറ്റമ്പതോളം പശുക്കൾ പട്ടിണി കിടന്ന് ചത്തത്.മസനഗുഡി ഗ്രാമത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഏകദേശം മൂവായിരത്തോളം കാലികളാണ് അൽപ്പം കുടിനീരില്ലാതെ    ചത്തൊടുങ്ങിയത്.യുപിയിലെ കനൂജ് ജില്ലയിലുള്ള ഒരു ഗോശാലയിൽ പട്ടിണിമൂലം പതിനഞ്ചോളം പശുക്കൾ ചത്തതും ഈയിടെയാണ്.ചത്തീസ്ഗഢിൽ ദുർഗ് ജില്ലയിലുള്ള റായ്പ്പൂരിൽ ബിജെപി നേതാവ് ഹരീഷ് ശർമയുടെ സ്വന്തം ഗോശാലയിൽ പട്ടിണി കിടന്ന് ചത്തത് ഇരുന്നോറോളം പശുക്കളും!
ശബരിമലയിലെ ഗോശാലയിൽ നിന്നുപോലും നമ്മൾ ഇത്തരം വാർത്തകൾ കേട്ടു.നടനും ബിജെപി  എംപിയുമായ സുരേഷ് ഗോപി  അംഗമായുള്ള തിരുവനന്തപുരത്തെ ഒരു സ്വകാര്യ ട്രസ്റ്റിന്റെ(പൈതൃക സംരക്ഷണ സമിതി) കീഴിലുള്ള ഗോശാലയിൽ വേണ്ട അളവിൽ ഭക്ഷണവും വെള്ളവും കിട്ടാതെ പട്ടിണിക്കോലങ്ങളായി മാറിയിരിക്കുന്ന പശുക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും സജീവമാണ്.ഈ ഗോശാല നടത്തുന്ന ട്രസ്റ്റിന്റെ പ്രധാനികളിൽ ഒരാളാണ് സുരേഷ് ഗോപി. അവിടെയൊന്നുമില്ലാത്ത ഗോസംരക്ഷരുടെ ‘മാത്യ’ സ്നേഹം പാവം പിടിച്ച ദലിതനോ മുസ്ളീങ്ങളോ തങ്ങളുടെ ഉപജീവനത്തിനായി മാത്രം ചെയ്യുമ്പോൾ ഉയരുന്നത് എന്തുകൊണ്ടാണ്? അവിടെയാണ് വ്യക്തമായ അജണ്ടകളോടെയുള്ള ഇന്നത്തെ ഇന്ത്യയിലെ പശു രാഷ്ട്രീയത്തിന്റെ അകംപൊരുൾ  നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നത്.
 ജനാധിപത്യ രാജ്യത്ത് ഒരു പൗരൻ തന്റെ സ്വത്വം ഒഴിവാക്കി ജീവിക്കണമെന്നു പറയുന്നതു ഫാസിസമാണ്.ജനനം എന്ന ആകസ്മികതയാൽ നാം ഓരോ രാജ്യത്തും ഓരോ ദേശത്തും ഓരോ കുലത്തിലും ജനിക്കുന്നു.അതിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ആചാരങ്ങളും വിശ്വാസങ്ങളും വെച്ചുപുലർത്തുന്നവരുടെ സ്വത്വത്തെ അധിക്ഷേപിക്കുകയും അവരെ ശത്രുക്കളാക്കി നാടുകടത്തുകയും വേണമെന്ന വാദഗതി മാനവികതയ്ക്കും മതനിരപേക്ഷതയ്ക്കും ആധുനികതയ്ക്കും ഒട്ടും യോജിക്കുന്നതല്ല.ഓരോ സമൂഹത്തിനും സ്വന്തമായ ഭക്ഷണക്രമങ്ങളുണ്ട്.അതിനെ തടയുവാൻ ആർക്കും അധികാരമില്ല.തന്നെയുമല്ല, കാലാകാലങ്ങളായി ശീലിച്ചു വന്ന രുചിഭേദങ്ങൾ പൊടുന്നനെ മാറ്റുക അസാധ്യവുമാണ്.
ബഹുസ്വരതയ്ക്ക് പേർകേട്ട നമ്മുടെ രാജ്യത്ത് എന്നുമുതൽക്കാണ് ഭക്ഷണങ്ങളുടെ മേൽ നിയന്ത്രണങ്ങളായി തുടങ്ങിയത്? പായസവും ബിരിയാണിയുമൊക്കെ എന്നുമുതലാണ് ഈ രാജ്യത്ത് ‘മതഭക്ഷണ’ങ്ങളായി മാറിയത്!നമുക്കൊക്കെ അറിയാം,നമ്മുടെ പൂർവികർ/ആദിമമനുഷ്യർ  വേട്ടയാടിയും മൃഗങ്ങളെ കൊന്നുതിന്നുമാണ് ജീവിച്ചുപോന്നിരുന്നതെന്ന്.മിക്ക വിശുദ്ധ ഗ്രന്ഥങ്ങളിലും മൃഗബലിയെപ്പറ്റിയും മാംസാഹാരം കഴിച്ചിരുന്നതിനെപ്പറ്റിയും സൂചനകളുണ്ട്.ആസാമിലെ കാമാഖ്യ ക്ഷേത്രം പോലെ മൃഗബലി നടക്കുന്ന സ്ഥലങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്.അവിടുത്തെ പൂജാരികളും മറ്റുള്ള
ക്ഷേത്ര ഭാരവാഹികളുമൊക്കെയാണ് ആ ഇറച്ചി പങ്കിട്ടെടുക്കുന്നതും.ബ്രാഹ്മണർ വേദകാലഘട്ടത്തിൽ ഇറച്ചി കഴിച്ചിരുന്നു എന്നു മാത്രമല്ല,കാളകൾ, പശുക്കൾ എന്നിങ്ങനെ എന്തിനെയെല്ലാം ബലി നൽകുകയും ചെയ്തിരുന്നു!
 പറയുമ്പോൾ എല്ലാം പറയണമല്ലോ -വടക്കെ ഇന്ത്യയിലെ പല ഗ്രാമങ്ങളുടെയും അവസ്ഥ ഇന്നും പരിതാപകരമാണ്.ഒരു പരിഷ്കൃത ജനിധിപത്യ രാജ്യത്ത് നടക്കേണ്ട സംഗതികളല്ല അവിടെ ഇന്നു നടക്കുന്നത്.ഇസ്ലാമിനെയും ദളിതനേയും എതിർക്കാനായി മാത്രം പശുരാഷ്ട്രീയം കളിക്കുന്നവരാണ് ഇന്ന് ഇന്ത്യയിലും കൂടുതൽ.ജനങ്ങൾ എന്തു കഴിക്കരുതെന്ന് പറയുമ്പോൾ ജനങ്ങൾക്ക് എന്തെങ്കിലും കഴിക്കാനുണ്ടോ എന്നു ചോദിക്കേണ്ട ബാധ്യതയും ഗവൺമെന്റിനുണ്ട്.
ബി ജെ പിയും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയവും ഇന്ത്യയിൽ
 രാഷ്ട്രീയാധികാരം നേടിയതോടെ ഈ പ്രശ്നം കൂടുതൽ
 രൂക്ഷമാവുകയുമാണ്.ഹിന്ദുത്വ രാഷ്ട്രീയത്തിൽ അധിഷ്ഠിതമായ ഒരു
 മതാത്മക രാജ്യമായാണ് അവർ ഇന്ത്യയെ പുനഃസംഘടിപ്പിക്കുന്നത്.
തെക്കേ ഇന്ത്യ വിത്യസ്തമാകുന്നത് ഇവിടെയാണ്.ഇതുകൊണ്ടാണ് തെക്കേ ഇന്ത്യ ഒരിക്കലും ബിജെപിക്ക് അനുകൂലമാകാത്തതും. ഇന്ത്യയെ അതിന്റെ
വൈജാത്യങ്ങൾക്കും വൈവിധ്യങ്ങൾക്കും ഉപദേശീയതകൾക്കും അവയുടെ സ്വയം ഭരണാവകാശത്തിനും ഇടമുള്ള ഒരു സ്ഥലമായല്ല ഹിന്ദുത്വ രാഷ്ട്രീയം കാണുന്നത്.

 ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും അതിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത നടപടിയിലെ തർക്കത്തിൽ പറഞ്ഞ വിധിയിൽ സുപ്രീം കോടതി ആദ്യത്തെ പ്രശ്നം പ്രകടമായും  രണ്ടാമത്തേത് ഒഴിഞ്ഞുമാറിയും ശരിവെച്ചതോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള നിലനിൽപ്പ് തന്നെ അപകടത്തിലായിക്കഴിഞ്ഞു.
എന്നാൽ ഇത്തരത്തിലുള്ള ആക്രമണങ്ങൾക്ക് ഹിന്ദുത്വ രാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തെക്കേ ഇന്ത്യയിൽ ആധിപത്യം നേടാൻ കഴിയാത്തതാണ്. രാഷ്ട്രീയാധികാര തലത്തിലേക്ക് കയറാൻ കഴിയാത്ത വിധത്തിൽ, കർണാടകയിലെ ഇടവേളകളൊഴിച്ചാൽ, തെക്കേ ഇന്ത്യ ഇതുവരെയെങ്കിലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബാലികേറാമലയാണ്. അതേസമയം തെക്കേ ഇന്ത്യയെ ഒഴിച്ചുനിർത്തി ഹിന്ദി പ്രദേശത്തെ സീറ്റുകളും വോട്ടും കൊണ്ട് മൊത്തം ഇന്ത്യയെയും ഭരിക്കാൻ ബി ജെ പിക്ക് കഴിയുന്നുമുണ്ട്. പശുവും അയോധ്യയിലെ ക്ഷേത്രവുമൊക്കെ അതിന് കാര്യകാരണങ്ങളാണ്.അതിലുപരി ആ ജനതയുടെ നിരക്ഷരതയും!
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു രാഷ്ട്രീയ, സാമൂഹ്യ പരിസരം സൃഷ്ടിച്ചു എന്നതാണ് ഇവിടെ എടുത്ത് പറയേണ്ടത്.അതിന് കാരണം, കോർപ്പറേറ്റ് കൊള്ളയുടെയും മുതലാളിത്ത ചൂഷണ സംവിധാനത്തിന്റെയുമൊക്കെ കാര്യത്തിൽ നാം ഒരുപിടി മുന്നോട്ടു പോയെന്നതാണ്.എല്ലാ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ ഒരുപോലെയെന്നല്ല, എന്നാൽ അതിന്റെ അടിത്തട്ടിൽ ചില പൊതുഘടകങ്ങൾ കാണാം.
ജനസംഖ്യാ വർധനവിനെ പിടിച്ചുനിർത്തിയത്, സാക്ഷരതാ നിരക്ക്, ആരോഗ്യരംഗത്തെ മുന്നേറ്റം, വടക്കേ ഇന്ത്യയെ അപേക്ഷിച്ച് മെച്ചപ്പെട്ട ഭരണസംവിധാനം എന്നിവയെല്ലാം ഇതിലുണ്ട്. എന്നാൽ ഇത്തരം നേട്ടങ്ങളെല്ലാം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയാവകാശങ്ങൾക്ക് വിലങ്ങുതടിയാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
 ഭരണഘടനാപരമായി സംസ്ഥാനങ്ങളുമായി നികുതിവരുമാനം പങ്കുവെക്കാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥമാണ്.എന്നാൽ ധനകാര്യ കമീഷൻ വെച്ച മാനദണ്ഡങ്ങളെല്ലാം മേൽപ്പറഞ്ഞ സൂചികകളിൽ മുന്നിൽ നിൽക്കുന്ന തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം  വെട്ടിക്കുറയ്ക്കാനുള്ള മാർഗമായി മാറുകയാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ  മൂന്നിലൊന്നും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്. എന്നാൽ അവർക്ക് തിരിച്ചു കിട്ടുന്ന നികുതിവിഹിതം നാൾക്കുനാൾ കുറഞ്ഞുവരികയാണെന്നതാണ് യാഥാർത്ഥ്യം.
കേന്ദ്രം സംസ്ഥാനങ്ങൾക്ക് സംസ്ഥാനങ്ങൾ പിരിക്കുന്ന മൊത്തം നികുതി പിരിവിൽ നിന്നും തിരികെ നൽകുന്ന തുക 15-ാം ധനകാര്യ കമീഷൻ 41% മായി ഉയർത്തി. എന്നാൽ ഫലത്തിൽ ഇപ്പോഴുമത് 32% മായി കറങ്ങിത്തിരിഞ്ഞു നിൽക്കുകയാണ്. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതമായി ലഭിക്കേണ്ട തുകയും ഭീമമായി കുറയുകയാണ്.
 ഉദാഹരണത്തിന് തമിഴ്നാട് ഒരു രൂപ കേന്ദ്രത്തിന് നികുതി പിരിച്ചുനൽകുമ്പോൾ കേന്ദ്രം അതിന്റെ വിഹിതമായി മടക്കിനൽകുന്നത് 29 പൈസയാണ്. കേരളത്തിന്റെകാര്യത്തിൽ ഇത് 57 പൈസയും കർണാടകത്തിന് 15 പൈസയും തെലങ്കാനയ്ക്ക് 43 പൈസയുമാണ്.

ഇനി ഹിന്ദി ഭൂപ്രദേശത്തെ, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കിട്ടുന്നത് അറിയുമ്പോഴാണ് ഈ സംവിധാനം ഇങ്ങനെ സമാധാനപരമായി മുന്നോട്ടുപോകാനുള്ള സാധ്യതയില്ലെന്ന് നമുക്ക് മനസിലാവുക. ഒരു രൂപ നികുതി പിരിച്ചു നൽകിയാൽ മധ്യപ്രദേശിന്‌ 2.42 രൂപയും ഉത്തർ പ്രദേശിന് 2.73 രൂപയും രാജസ്ഥാന് 1.33 രൂപയും ബിഹാറിന് 7.06 രൂപയുമാണ് കേന്ദ്രം തിരികെ നൽകുന്നത്. നേരത്തെക്കണ്ട ജനസംഖ്യ, സാമ്പത്തിക പിന്നാക്കാവസ്ഥ എന്നിവയടക്കമുള്ള പല കാരണങ്ങളും ഇതിനു പിൻബലമായി കേന്ദ്രം പറയും.പക്ഷെ അത്തരത്തിലൊരു സേവനത്തിന് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ നിര്ബന്ധിക്കുന്നതിനു ചരിത്രപരമായ ന്യായമില്ല എന്നതാണ് വസ്തുത.


 
എന്നാൽ നിർഭാഗ്യവശാൽ ഇന്ത്യ അതിന്റെ ചരിത്രാസ്തിത്വത്തിലെ ഏറ്റവും നിർണ്ണായകമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അത് തുടങ്ങിയിട്ടേയുള്ളൂ എന്നതുകൊണ്ടാണ് നമുക്കിപ്പോൾ അത് അത്ര കണ്ട് രൂക്ഷമായി മനസിലാകാത്തത്.
 
പൂർണ്ണമായും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ കയ്യിലേക്ക് പോകാവുന്ന രീതിയിൽ ലോക്സഭാ മണ്ഡലങ്ങളുടെ പുനഃക്രമീകരണം നടക്കാൻ പോവുകയാണ്. 2026-ൽ ഇതിനുള്ള പ്രക്രിയ ആരംഭിക്കുമെന്നാണ് സർക്കാർ പറയുന്നത്. ഈ ‘പശു’ ഭൂമിയിൽ നിന്നാണ് ബി ജെ പി അവരുടെ 80% സീറ്റും നേടുന്നത് എന്നോർക്കണം. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ കടുത്ത എതിർപ്പുകൂടി കണക്കിലെടുത്താണ് 1976-ൽ ലോക്സഭ മണ്ഡലങ്ങളുടെ പുനഃക്രമീകരണം 2001 വരെ നിർത്തിവെക്കാൻ നിശ്ചയിച്ചത്. 2001-ൽ വീണ്ടും ഇതേ ആകുലതകളും എതിർപ്പും മുൻനിർത്തി 84-ാം ഭരണഘടനാ ഭേദഗതിയിലൂടെ പുനഃക്രമീകരണ പ്രക്രിയ 2026 വരേക്ക് നീട്ടി. നിലവിലെ ഈ അവസ്ഥ മാറാൻ പോവുകയാണ്. അതോടെ ഇപ്പോൾ ലോക്സഭയിൽ 42%-മുള്ള ഹിന്ദി മേഖലയുടെ പ്രാതിനിധ്യം 48%-ത്തിനു മുകളിലേക്കാകും. തെക്കേ ഇന്ത്യയുടെ നിലവിലെ 24% എന്ന പ്രാതിനിധ്യം 20%-മാകും.
ഇത്തരത്തിലൊരു ഇന്ത്യയിൽ എന്തുതരം നിലനിൽപ്പായിരിക്കും തെക്കേ ഇന്ത്യയുടേത് എന്നത് ഹിന്ദുത്വ രാഷ്ട്രീയത്തെ ഭരണാധികാരത്തിൽ നിലനിർത്തുന്ന വടക്കേ ഇന്ത്യയുടെ സമ്പൂർണ്ണാധിപത്യവുമായി ചേർത്തുവായിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.
 
ഒരു രാഷ്ട്രീയ നിർമിതിയായാണ് ഒരു ആധുനിക ദേശരാഷ്ട്രം സൃഷ്ടിക്കപ്പെടുന്നത്. അത് കേവലമായ വൈകാരികതയുടെ അടിസ്ഥാനത്തിൽ നിലനിൽക്കില്ല. അത് ഒരു ആശയം എന്ന നിലയിൽ വികസിക്കുന്നത് ശൂന്യതയിൽ നിന്നല്ല. മൂർത്തമായ രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളിൽ നിന്നുമാണ്. ഒരു ആധുനിക ദേശ- രാഷ്ട്രത്തിനെ  സാധ്യമാക്കുന്ന ഘടകങ്ങളിലൊന്നാണ് ദേശീയത. എന്നാൽ അത്തരത്തിലൊരു ദേശീയതയെ നിർമിച്ചെടുക്കുന്ന ചരിത്ര, രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റം ബിജെപി ഒരിക്കലും ആഗ്രഹിക്കുന്നില്ല.കാരണം അതവരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ് !

ശക്തമായ ഭരണവ്യവസ്ഥയിലൂടെ സാമൂഹികനീതിയും സമത്വവും ഉറപ്പുവരുത്താൻ  ഒരു ഗവൺമെന്റിന് കഴിയണം.ജനങ്ങളോട് വിവേചനം കാണിക്കാതെ ഉയർന്ന നീതിബോധത്തോടെ പ്രവർത്തിക്കുന്നവരാകണം ഭരണാധികാരികൾ.അധികാരം അടിച്ചമർത്തലിനായി ഉപയോഗിക്കരുത്.അങ്ങനെ ചിന്തിച്ച് ഭരണാധികാരികൾക്കൊന്നും ജനമനസ്സുകളിൽ സ്ഥാനമുണ്ടായിരുന്നില്ലെന്നതിനു ചരിത്രം സാക്ഷി.രാജ്യം പുരോഗതി കൈവരിക്കണമെങ്കിൽ ഇവിടെ മാനവികതയും ജനാധിപത്യവും തുടർന്നും നിലനിൽക്കേണ്ടിയിരിക്കുന്നു.
 
 

Back to top button
error: