ന്യൂഡല്‍ഹി: വായ്പാ പരിധിയില്‍ കേരളത്തിന് ആശ്വാസം. പ്രത്യേക പരിഗണന നല്‍കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേരളത്തിന് ഒറ്റത്തവണ സാമ്പത്തികരക്ഷാ പാക്കേജ് പരിഗണിക്കണം. പ്രത്യേക സാഹചര്യത്തില്‍ ഇളവുനല്‍കുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രീംകോടതി ചോദിച്ചു. തീരുമാനം നാളെ അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. 5000 കോടി ഏപ്രില്‍ ഒന്നിനു നല്‍കാമെന്നു കേന്ദ്രം അറിയിച്ചു.
കേരളത്തിന് ഇപ്പോഴാണ് സാമ്പത്തിക സഹായം ലഭിക്കേണ്ടതെന്നു അടുത്ത പത്തു ദിവസത്തിനുള്ളില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോടു ചോദിച്ചു. കേരളത്തിന് എത്ര തുക നല്‍കാന്‍ കഴിയുമെന്ന് ആലോചിച്ച് നാളെ കോടതിയെ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് വിഷയം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്.
ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന് കൂടുതല്‍ ധനസഹായം ലഭിച്ചേ മതിയാകൂ എന്നാണ് കപില്‍ സിബല്‍ കോടതിയെ അറിയിച്ചത്. നേരത്തേ 13,600 കോടി രൂപ സഹായം നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അതില്‍ 8000 കോടി രൂപ ഇതിനോടകം തന്നെ നല്‍കിയതായി കേന്ദ്രം അറിയിച്ചു. 4500 കോടി രൂപ ഊര്‍ജ മന്ത്രാലയം കൂടി നല്‍കേണ്ടതുണ്ടെന്നാണ് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചത്.
കടമെടുപ്പിനുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണമെന്നാണു ഹര്‍ജിയിലെ മുഖ്യ ആവശ്യം. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന കേന്ദ്ര ഇടപെടലുകള്‍ അവസാനിപ്പിക്കുകയും വേണം. ഈ ആവശ്യവുമായി കേന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യ സംസ്ഥാനമാണു കേരളം. ഇതു കേന്ദ്രത്തെ ചൊടിപ്പിച്ചു.
കേസ് പിന്‍വലിക്കാതെ അര്‍ഹമായ സഹായം പോലും നല്‍കില്ലെന്ന നിലപാട് കേന്ദ്രം കൈക്കൊണ്ടു. നിയമപ്രകാരം, കേരളത്തിനു 11,731 കോടി രൂപ വായ്പയെടുക്കാം. ഇതു കടമെടുപ്പു പരിധിയില്‍ തന്നെ ഉള്‍പ്പെടുന്നു. നിലവിലെ ഹര്‍ജിക്ക് ഈ വായ്പാതുകയുമായി ബന്ധമില്ല. 24,000 കോടി രൂപ വായ്പയെടുക്കാന്‍ അടിയന്തരമായി അനുവദിക്കണമെന്നതാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, ഹര്‍ജി ചൂണ്ടിക്കാട്ടി ഇതു നിഷേധിക്കുകയാണ്.