ഉടന്‍തന്നെ തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണംപോലും സംഭവിക്കാവുന്ന പ്രശ്നമാണ് സൂര്യാഘാതം. നമ്മുടെ തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗമാണ് ശരീരത്തിലെ താപനില ഒരു നിശ്ചിത പരിധിക്കുള്ളില്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ കഠിനമായ ചൂടിനെ തുടര്‍ന്ന് ആന്തരിക താപനില ക്രമാതീതമായി ഉയരുമ്പോള്‍ ശരീരത്തിലെ ഈ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകുന്നു.
സൂര്യാഘാതമുണ്ടായാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കുന്നതിന് ആവശ്യമായ തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണനിരക്ക് 60-75 ശതമാനം വരെയാകാം. സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുപോലും 20 ശതമാനത്തിനും തലച്ചോറില്‍ സ്ഥായിയായ വൈകല്യമുണ്ടാകാനിടയുണ്ട്. ഓര്‍മക്കുറവ്, നാഡീഞരമ്പുകളുടെ തളര്‍ച്ച എന്നിവ കൂടാതെ വൃക്ക തകരാറുകളും തുടരാനിടയുണ്ട്.
സൂര്യാഘാതത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ:
- അന്തരീക്ഷത്തിൽ ഉയർന്ന ഈർപ്പം
- കഠിനമായ ചൂടുള്ള കാലാവസ്ഥ
- അണുബാധ
- Thyrotoxicosis
- മദ്യ ലഹരിക്കടിപ്പെട്ട അവസ്ഥ
- വാര്‍ദ്ധക്യം
- പൊണ്ണത്തടി
- അനുയോജ്യമല്ലാത്ത വസ്ത്രധാരണരീതി
സൂര്യാഘാതത്തിന്‍റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍ (Warning signs)
- വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം
- ക്ഷീണം
- ഓക്കാനവും ചെറിയ തലകറക്കവും
- സാധാരണയിലധികമായി വിയര്‍ക്കുക
- ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്
- ആഴം കുറഞ്ഞ, എന്നാല്‍ വേഗം കൂടിയ ശ്വാസമെടുപ്പ്
- പേശികളുടെ കോച്ചിപ്പിടുത്തം
ഈ ലക്ഷണങ്ങള്‍ എന്തെങ്കിലും തോന്നിയാല്‍, ഉടനെ അടുത്തുള്ള തണലില്‍/ തണുപ്പുള്ള സ്ഥലത്തുപോയി വിശ്രമിക്കണം. ഉപ്പും പഞ്ചസാരയും ലയിപ്പിച്ച വെള്ളം ധാരാളം കുടിക്കണം. അരമണിക്കൂര്‍ കഴിഞ്ഞും ബുദ്ധിമുട്ടുകള്‍ മാറുന്നില്ലായെങ്കില്‍ ഡോക്ടറെ കാണണം.
ഉടനെ ചികിത്സ ലഭ്യമാക്കേണ്ട അവസരങ്ങള്‍
- ചര്‍മ്മം ഒട്ടും തന്നെ വിയര്‍ക്കാത്ത അവസ്ഥ, ഒപ്പം ചൂടുള്ളതും വരണ്ടതും ചുവന്നതും ആണെങ്കില്‍
- സ്ഥലകാല വിഭ്രാന്തി, ബോധക്ഷയം, അപസ്മാരം, കാഴ്ച മങ്ങുക
- വിങ്ങുന്ന തലവേദന
- ചര്‍ദ്ദില്‍
- ശ്വാസം മുട്ടല്‍
- ശരീര ഊഷ്മാവ് 40 ഡിഗ്രി സെൽഷ്യസിലും കൂടുതലാകുക
- കൃഷ്ണമണി സങ്കോചിക്കുക
പ്രഥമ ശുശ്രൂഷ
- ആഘാതമേറ്റയാളെ ഉടന്‍തന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റണം
- ശരീരത്തിലെ വസ്ത്രങ്ങൾ ഊരിമാറ്റുക
- മൂക്കിലോ വായിലോ ഒക്കെ പറ്റിപ്പിടിച്ചിരിക്കുന്ന തുപ്പലും പതയുമൊക്കെ ഉണ്ടെങ്കില്‍ തുടച്ചുമാറ്റുക
- ശരീരം പച്ചവെള്ളത്തിലോ തണുത്ത വെള്ളത്തിലോ തുടക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും
- തുടര്‍ന്ന് ശക്തിയായി വീശുകയോ ഫാന്‍ കൊണ്ട് ദേഹം തണുപ്പിക്കുകയോ ചെയ്യുക
- കൈകാലുകള്‍ തിരുമ്മിക്കൊടുക്കുന്നത് താപനഷ്ടത്തെ പ്രോത്സാഹിപ്പിക്കും
- ധാരാളം ജലം കുടിക്കാനായി നൽകുക
- ആവശ്യമെങ്കിൽ കൃത്രിമ ശ്വാസോച്ഛ്വാസം നൽകുക
- എത്രയും പെട്ടെന്ന് സൗകര്യമുള്ള ആശുപത്രിയിലെത്തിക്കുക
പ്രതിരോധ മാര്‍ഗങ്ങൾ
നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. തിളപ്പിച്ചാറിയ വെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കാം. തണുത്ത വെള്ളത്തിനായി വീട്ടിൽ ഫ്രിഡ്ജിൽ കുപ്പികളിൽ സൂക്ഷിക്കുന്ന വെള്ളവും തിളപ്പിച്ചാറിയതു തന്നെ വേണം.
- ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം. ഇവ താല്‍ക്കാലികമായി ദാഹശമനം വരുത്തുമെങ്കിലും തുടര്‍ന്ന് അമിത ദാഹമുണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യാം.
- പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. മാംസാഹാരം മിതമാക്കുക. തണ്ണിമത്തൻ, പപ്പായ, മാങ്ങ, പേരക്ക, ഓറഞ്ച് മുതലായവ വേനക്കാലത്ത് വിശേഷപ്പെട്ടവയാണ്. വേവിക്കാതെ കഴിക്കാവുന്ന കത്തിരിക്ക മുതലായ പച്ചക്കറികളും നന്ന്. തൊലികളഞ്ഞുപയോഗിക്കാത്ത മുന്തിരി പോലുള്ള പഴങ്ങൾ കഴിക്കുന്നതിന് അര മണിക്കൂർ മുമ്പെങ്കിലും നന്നായി കഴുകി ഉപ്പ് ചേർത്ത ജലത്തിലിടുന്നത് കീടനാശിനിയുടെ അംശം കളയാൻ സഹായിക്കും.
-
- അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം കായിക
- പരിശീലനം തുടങ്ങിയവ ഒഴിവാക്കുക.
- രാവിലെ പതിനൊന്ന് മണിമുതല്‍ ഉച്ചക്ക് മൂന്നുമണി വരെയുള്ള വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം.
- കുട, തൊപ്പി, ഫുൾ കൈ ഷർട്ടുകൾ എന്നിവ ഉപയോഗിക്കുന്നത് സൂര്യാതപത്തെ തടയാൻ സഹായിക്കും.
- നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്.
- അടിവസ്ത്രങ്ങളും കോട്ടൺ കൊണ്ടുള്ളവ തന്നെയാണ് വേനൽക്കാലത്ത് നല്ലത്. ഷർട്ടിന് താഴെ കോട്ടൺ ബനിയനുകൾ ധരിക്കുന്നത് വിയർപ്പ് ആഗിരണം ചെയ്യുന്നതിന് സഹായകമാവും.
- രണ്ട് നേരം തണുത്ത വെള്ളത്തിൽ കുളിക്കുന്നത് വിയർപ്പകറ്റാനും ചർമ്മ സംരക്ഷണത്തിനും നല്ലതാണ്. വേനൽക്കാലത്ത് അടിവസ്ത്രങ്ങൾ രണ്ട് നേരം മാറ്റുകയും വേണം.
- പനിയോ വിട്ടുമാറാത്ത ക്ഷീണമോ ഉണ്ടായാല്‍ വൈദ്യസഹായം തേടുക.
- വേനൽച്ചൂടിൽ അമിതമായി ഉണ്ടാവുന്ന വിയർപ്പ് ചൂട് കുരു, ഫംഗസ് ബാധ എന്നിവക്ക് കാരണമാകും. സൂര്യാതപം തടയാൻ സൺ സ്ക്രീൻ ലോഷനുകൾ ഉപയോഗിക്കാം. ഫംഗസ് ബാധക്കെതിരായി ആന്റി ഫംഗൽ ലേപനങ്ങൾ ഉപയോഗിക്കുമ്പോൾ സ്റ്റിറോയിഡ് അടങ്ങിയവ ഒഴിവാക്കണം.
- കുട്ടികളോ പ്രായമായവരോ വീട്ടിലുണ്ടെങ്കില്‍ അവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
- അമിത ചൂടില്‍ തുറസ്സായ സ്ഥലത്തെ അധ്വാനം കായിക