IndiaNEWS

തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ എങ്ങനെ അട്ടിമറിക്കാം;  സർവകലാശാല സ്ഥാപിച്ചിരിക്കയാണ് ബിജെപി :കോണ്‍ഗ്രസ് എം.പി

ന്യൂഡല്‍ഹി: ഝാർഖണ്ഡില്‍ ഹേമന്ത് സോറൻ രാജിവെച്ചതിനു പിന്നാലെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ചംപായ് സോറൻ ചുമതലയേല്‍ക്കുന്നത് വൈകുന്നതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്.

ഭൂമി കുംഭകോണക്കേസില്‍ ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഝാർഖണ്ഡ് മുക്തിമോർച്ച ചംപായ് സോറനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.എന്നാല്‍, ഝാർഖണ്ഡില്‍ ഗവർണർ സി.പി. രാധാകൃഷ്ണൻ സർക്കാരുണ്ടാക്കാൻ ചംപായ് സോറനെ ക്ഷണിക്കാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു കോണ്‍ഗ്രസ് എം.പി അഭിഷേക് മനു സിങ്‍വിയുടെ ചോദ്യം.

Signature-ad

അയല്‍ സംസ്ഥാനമായ ബിഹാറില്‍, ആർ.ജെ.ഡിയുമായുള്ള സഖ്യം അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെ ജനതാദള്‍ യുനൈറ്റഡ് നേതാവ് നിതീഷ് കുമാർ ബി.ജെ.പിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി അധികാരമേറ്റു. ഹേമന്ത് സോറൻ എൻ.ഡി.എയില്‍ ചേർന്നിരുന്നുവെങ്കില്‍ മറ്റൊന്നാകുമായിരുന്നു സ്ഥിതി.

 ബി.ജെ.പിയുടെ വാഷിങ് മെഷീനിലിട്ട് അദ്ദേഹത്തെ അലക്കിവെളുപ്പിക്കുമായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ എങ്ങനെ അട്ടിമറിക്കാം, തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച ഒരു പാർട്ടിയെ എങ്ങനെ ന്യൂനപക്ഷമാക്കി മാറ്റാം, ന്യൂനതകളെ എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്ന വിഷയങ്ങളില്‍ പി.എച്ച്‌ഡിയും പോസ്റ്റ് ഡോക്ടറേറ്റുകളും നല്‍കാനായി മാത്രം ഒരു ലോകപ്രശസ്ത സർവകലാശാല സ്ഥാപിച്ചിട്ടുണ്ട് ബി.ജെ.പിയെന്നും അദ്ദേഹം പരിഹസിച്ചു.

ഝാർഖണ്ഡ് നിയമസഭയില്‍ ഭരണപക്ഷത്തിന് 47 അല്ലെങ്കില്‍ 48 എം.എല്‍.എമാരും പ്രതിപക്ഷ എം.എല്‍.എമാരുടെ എണ്ണം 32 അല്ലെങ്കില്‍ 33 ആണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചിട്ടും പുതിയ മുഖ്യമന്ത്രിയെ നിർദേശിച്ചിട്ടും ഗവർണർ കഴിഞ്ഞ 18 മണിക്കൂറായി ഇക്കാര്യത്തില്‍ നിഷ്‍ക്രിയത്വം പാലിക്കുന്നത് എന്താണ്? ബിഹാറില്‍ ബി.ജെ.പിയോട് കൂട്ടുകൂടിയ നിതീഷ് കുമാർ രാജിവെച്ച്‌ മണിക്കൂറിനകം വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. എന്നാല്‍ ഝാർഖണ്ഡില്‍ ഗവർണർ ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുകയാണ്.-സിങ്വി തുടർന്നു.

അയല്‍ സംസ്ഥാനമായ ബിഹാറിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നോക്കൂ. എത്ര പെട്ടെന്നാണ് ‘പാല്‍ത്തു കുമാർ’ സർക്കാരുണ്ടാക്കാൻ ഗവർണർ എല്ലാ തയാറെടുപ്പുകളും നടത്തിയത്. എന്നാല്‍, ഝാർഖണ്ഡില്‍ മുഖ്യമന്ത്രി രാജിവെച്ച്‌ 18 മണിക്കൂർ കഴിഞ്ഞിട്ടും ഒരു അനക്കവുമില്ല.

ഏതുതരത്തിലുള്ള ഐൻസ്റ്റീൻ സമവാക്യത്തിനാണ് ഗവർണർ അവിടെ തയാറെടുക്കുന്നത്. 48= 32 ആക്കാനുള്ള ശ്രമമാണോ? ഈ കാലതാമസത്തിന് എന്തു വിശദീകരണമാണ് നല്‍കാനുള്ളത്. നിങ്ങള്‍ പ്രധാനമന്ത്രിയുടേയോ ആഭ്യന്തരമന്ത്രിയുടേയോ ഓഫിസില്‍ നിന്നുള്ള നിർദേശത്തിന് കാത്തിരിക്കുകയാണോ? അതല്ലെങ്കില്‍ കുതിരക്കച്ചവടത്തിലൂടെ എം.എല്‍.എമാരെ വിലക്കെടുക്കാൻ കാത്തിരിക്കുകയാണോ? അതുമല്ലെങ്കില്‍ ജനാധിപത്യ സർക്കാരിനെ പുറത്താക്കി രാഷ്ട്രപതി ഭരണത്തിനായി കാത്തിരിക്കുകയാണോ?കാരണം ഇതാണ് നിങ്ങള്‍ വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യ.

ഹേമന്ത് സോറന്റെ രാജിക്കു പിന്നാലെയാണ് മുതിർന്ന നേതാവും ഗതാഗത മന്ത്രിയുമായ ചംപായ് സോറനെ ഝാർഖണ്ഡ് മുക്തി മോർച്ച മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. 81 അംഗ നിയമസഭയില്‍ ഭരണസഖ്യത്തിന് 49 പേരുടെ പിന്തുണയുണ്ട്. അതായത്, ഝാർഖണ്ഡ് മുക്തി മോർച്ചക്ക് 29ഉം, കോണ്‍ഗ്രസിന് 16ഉം എൻ.സി.പി, സി.പി.ഐ, ആർ.ജെ.ഡി പാർട്ടികള്‍ക്ക് ഓരോന്നു വീതവും എം.എല്‍.എമാരാണുള്ളത്.

Back to top button
error: