കാലത്തിന്റെ കണ്ണ് തട്ടാത്ത രചനകൾ വരും തലമുറയ്ക്കായി കരുതി വച്ച പത്മരാജന്റെ ഓർമ്മകൾക്കിന്ന് 33 വയസ്
വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളിൽ സര്‍ഗ്ഗാത്മകതയുടെ ഏറ്റം വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച വ്യക്തിയായിരുന്നു പത്മരാജൻ. പത്മരാജനെ ഇന്നത്തെ തലമുറ അറിയുന്നത് പ്രണയത്തെ ഏറ്റവും മനോഹരമായി അഭ്രപാളിയിൽ ചിത്രീകരിച്ച കലാകാരനായിട്ടാകും.സിനിമയിൽ കാണിച്ച ആ മികവിന്റെ നൂറിരട്ടി തന്റെ പുസ്തകങ്ങളിൽ കൊണ്ട് വരാൻ പത്മരാജന് കഴിഞ്ഞിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ രചനകൾ ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവർക്ക് മനസിലാകും. കാലത്തിന്റെ കണ്ണ് തട്ടാത്ത രചനകൾ വരും തലമുറയ്ക്കായി കരുതി വച്ച പത്മരാജന്റെ ഓർമ്മകൾക്കിന്ന് 33 വയസ്.
പ്രതിഭ എന്ന വാക്കിന്റെ പര്യായമായിരുന്നു പി. പത്മരാജൻ. എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ തുടങ്ങി പ്രവർത്തിച്ച മേഖലകളിലൊക്കെ മുൻനിരയില്‍ ഇടം നേടിയ മനുഷ്യൻ…
മനുഷ്യമനസിന്റെ ആഴങ്ങളിലേക്കു ചെന്നു, അവിശ്വസനീയമെന്നു തോന്നുന്ന പലതും കഥകളിലാക്കി വായനക്കാർക്കു നൽകിയ, നിഗൂഢത തുളുമ്പുന്ന തോന്നലുകൾ ലളിതമായി എഴുതിയവതരിപ്പിച്ചയാൾ. മലയാളത്തിന്റെ എക്കാലത്തേയും മികച്ച കഥയെഴുത്തുകാരനെന്നതിനൊപ്പം നല്ല തിരക്കഥാകൃത്തും സംവിധായകനും…പതിനഞ്ചു നോവലുകൾ, നിരവധി ചെറുകഥകള്‍, 35 തിരക്കഥകൾ, കേരള സാഹിത്യ അക്കാദമി അവാർഡ്, സിനിമയിൽ ദേശീയ രാജ്യാന്തര നേട്ടങ്ങൾ…
1945 മേയ് 23 നു ആലപ്പുഴയിലെ മുതകുളത്തു അനന്തപത്മനാഭ പിളള – ദേവകിയമ്മ ദമ്പതികളുടെ മകനായി പത്മരാജൻ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിൽ പ്രീ യൂണിവേഴ്സ്റ്റി. യൂണിവേഴ്സിറ്റി കോളജിൽ നിന്നു രസതന്ത്രത്തിൽ ബിരുദം. കോളജിൽ പഠിക്കുമ്പോൾ കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായി. പഠന ശേഷം ആകാശവാണിയിൽ ജോലി.
1971 ൽ എഴുതിയ, കുങ്കുമം അവാർഡും മികച്ച നോവലിനുള്ള സാഹിത്യ അക്കാദമി അവാർഡും നേടിയ ‘നക്ഷത്രങ്ങളേ കാവൽ’ പത്മരാജനെ ശ്രദ്ധേയനാക്കി. ഋതുഭേദങ്ങളുടെ പാരിതോഷികം, ഇതാ ഇവിടെ വരെ, രതിനിർവേദം, ജലജ്വാല, നൻമകളുടെ സൂര്യൻ, വാടകയ്ക്ക് ഒരു ഹൃദയം, ശവവാഹനങ്ങളും തേടി, പെരുവഴിയമ്പലം, ഉദകപ്പോള, കള്ളൻ പവിത്രൻ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന നോവലുകൾ.
‘പ്രയാണം’ ആദ്യ തിരക്കഥ. ഇതാ ഇവിടെ വരെ, രതിനിർവേദം, വാടകയ്ക്ക് ഒരു ഹൃദയം, രാപ്പാടികളുടെ ഗാഥ, നക്ഷത്രങ്ങളെ കാവൽ, തകര, ശാലിനി എന്റെ കൂട്ടുകാരി, ലോറി, കരിമ്പിൻ പൂവിന്നക്കരെ, ഒഴിവുകാലം, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയവയാണ് മറ്റു സംവിധായകർക്കായി പത്മരാജൻ എഴുതിയ പ്രധാന തിരക്കഥകൾ.
1979ൽ ‘പെരുവഴിയമ്പലം’ ഒരുക്കി സംവിധാന രംഗത്തേക്കും കടന്നു. കള്ളൻ പവിത്രൻ, ഒരിടത്തൊരു ഫയൽവാൻ, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, നവംബറിന്റെ നഷ്ടം, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികൾ, അപരൻ, മൂന്നാം പക്കം, ഇന്നലെ, ഞാൻ ഗന്ധർവൻ എന്നിങ്ങനെ പത്മരാജന്റെ സംവിധാനത്തിൽ ഒരുങ്ങിയ മിക്ക സിനിമയും ശ്രദ്ധേയങ്ങളായി.
1991 ജനുവരി 24 നു 45 വയസ്സിലായിരുന്നു പത്മരാജന്റെ അന്ത്യം.