NEWS

ജനവിരുദ്ധ സർക്കാരിനെതിരെ ജനകീയ അവിശ്വാസ പ്രമേയം ഇന്ന്; ഓൺലൈൻ പ്രതിഷേധവുമായി യുഡിഎഫ് യുവജന സംഘടനകൾ

തിരുവനന്തപുരം : ജനവിരുദ്ധ സർക്കാരിനെതിരെ യുഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തിൽ ജനകീയ അവിശ്വാസ പ്രമേയം ഇന്ന് നടക്കും. ഒരു ലക്ഷം പേരെ അണിനിരത്തി കേരളത്തിന്റെ സമര ചരിത്രത്തിലെ ഏറ്റവും വലിയ ഓൺലൈൻ പ്രക്ഷോഭത്തിനാണ് യു.ഡി.വൈ.എഫ് ഇന്ന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ 27 ന് നിയമസഭ സമ്മേളനം നടത്താൻ സർക്കാർ തീരുമാനിക്കുകയും അതെ ദിവസം അവിശ്വാസ പ്രമേയത്തിന് യു.ഡി.എഫ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.എന്നാൽ അവിശ്വാസ ചർച്ചകളിൽ ഭയന്ന് നിയമസഭ സമ്മേളനം ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് സർക്കാരിനെതിരെ ജനകീയ അവിശ്വാസ പ്രമേയം നടത്തുന്നത്. ഈ ഒളിച്ചോട്ടത്തിനു കൊറോണയെ പോലും സർക്കാർ ആയുധമാക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്വർണ്ണക്കടത്ത് പോലുള്ള രാജ്യദ്രോഹ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ടതിന്റെ തെളിവുകൾ അനുദിനം പുറത്ത് വരുന്നു. മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ വിശ്വസ്തനായ ഉദ്യോഗസ്ഥൻ സംശയനിഴലിൽ നിൽക്കുന്ന അതീവ ഗുരുതര സാഹചര്യം.പിഞ്ച് കുഞ്ഞുങ്ങൾ പീഡനത്തിനിരയാകുമ്പോൾ പ്രതികളെ രക്ഷിക്കാൻ വേണ്ടിയുള്ള സർക്കാർ ഇടപെടലുകൾ പാലത്തായി കേസിലൂടെ പുറത്ത് വന്നിരിക്കുന്നു. ലക്ഷക്കണക്കിന് ചെറുപ്പക്കാർ പി.എസ്.സിയിൽ വിശ്വാസമർപ്പിച്ചു പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു ജോലിക്കായി കാത്തിരിക്കുമ്പോൾ പിൻവാതിൽ നിയമനവും അനധികൃത നിയമനവും നടത്തി ഏറ്റവും വലിയ യുവജന വിരുദ്ധ സർക്കാരായി പിണറായി സർക്കാർ മാറിയെന്നും യു.ഡി.വൈ.എഫ് നേതാക്കൾ ആരോപിച്ചു. കൊറോണകാലത്ത് വൻ വീഴ്ചകൾ നടത്തിയ സർക്കാർ വെറും പി.ആർ. ഏജൻസികളിലൂടെ നില നിന്നു പോവുകയാണെന്നും സർക്കാരിന്റെ ജനപിന്തുണ പൂർണ്ണമായും നഷ്ട്ടപ്പെട്ട ഈ സാഹചര്യത്തിലാണ് വലിയൊരു ജനകീയ പ്രക്ഷോഭത്തിന്‌ യുവജന സംഘടനകൾ തയ്യാറെടുത്തിരിക്കുന്നത്.

Signature-ad

സമരത്തിന്റെ ആദ്യ ഘട്ടമായി പ്രധാന യുഡിഎഫ് നേതാക്കൾ മുതൽ ബൂത്ത്‌ തലം വരെയുള്ള പ്രവർത്തകർ വരെ അവരുടെ പ്രൊഫൈൽ ഫോട്ടോകൾ സർക്കാരിനെതിരെയുള്ള ജനകീയ അവിശ്വാസ പ്രമേയത്തിന്റെ പ്രചാരണ വേദിയാക്കി മാറ്റിക്കഴിഞ്ഞു. ഇന്ന് ഒരു ലക്ഷത്തോളം പ്രവർത്തകർ അവിശ്വാസ പ്രമേയം സാമൂഹിക മാധ്യമങ്ങൾ വഴി അവതരിപ്പിച്ചു വ്യത്യസ്തമായ ഈ ഓൺലൈൻ പ്രക്ഷോഭത്തിൽ പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു.

Back to top button
error: