NEWS

പഴി മുഴുവൻ A1 ക്യാമറക്ക്, നിയമം ലംഘിക്കാത്ത ബൈക്കിന് നിരന്തരം പിഴ: ഒടുവിൽ കാരണം കണ്ടെത്തിയപ്പോൾ A1 ഹീറോ

    മലപ്പുറം: നിയമം ലംഘിക്കാത്ത ബൈക്കിന് നിരന്തരം പിഴ.ഒടുവിൽ വാഹന ഉടമ പരാതി നൽകിയത് പിന്നാലെ കാരണം കണ്ടെത്തി പൊലീസ്. ഇടുക്കി സ്വദേശിയായ യുവാവിന്റെ ബൈക്ക് മലപ്പുറം വണ്ടൂരിലെ A1 ക്യാമറയിലും പതിഞ്ഞിരുന്നു. എന്നാൽ യുവാവ് മലപ്പുറത്ത് പോയിരുന്നുമില്ല. ആദ്യം A1 ക്യാമറയുടെ പിഴവെന്ന് കരുതിയെങ്കിലും സത്യം പുറത്ത് വന്നത് പിന്നീടാണ്.

മലപ്പുറം പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഈ സംഭവത്തിന്റെ യഥാർത്ഥ കഥ പങ്കുവച്ചിരിക്കുന്നത്.

Signature-ad

പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ

ഇവിടെ വില്ലനല്ല, ‘ഹീറോ’യാണ് A1 ക്യാമറ. മലപ്പുറം ജില്ലയിലെ ചേലാമ്പ്രയിൽ ജോലി നോക്കുന്ന ഇടുക്കി സ്വദേശിയുടെ പരാതി ലഭിച്ചതോടെയാണ് കഥയുടെ തുടക്കം. അദ്ദേഹത്തിന്റെ പേരിലുള്ള ബൈക്കിന് തുടർച്ചയായി A1 ക്യാമറ പിഴ ചുമത്തുന്നു എന്നാണ് പരാതി. പക്ഷെ ആ ക്യാമറ പരിധികളിലോ, ഫൈൻ അടിച്ചിരിക്കുന്ന സമയത്തോ അദ്ദേഹം ബൈക്കുമായി ആ സ്ഥലത്തേക്കൊന്നും പോയിട്ടുമില്ല. എന്താല്ലേ…?

ഇക്കാര്യത്തിൽ ആർ ടി ഓഫീസിൽ അടക്കം ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരാതി ഒടുവിൽ ഇമെയിൽ വഴി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ എത്തി.പിന്നീടങ്ങോട്ട് കാര്യങ്ങൾ ശരവേഗത്തിലായിരുന്നു. അദ്ദേഹത്തിന് ലഭിച്ച മുഴുവൻ ഫൈനുകളും പരിശോധിച്ചതിൽ ഒരു ഫൈൻ മാത്രം പരാതിക്കാരന്റെ വാഹനത്തിനു ലഭിച്ചതാണെന്നും, അത് അദ്ദേഹം നേരിട്ട് അടച്ചിട്ടുണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. എങ്കിൽ പിന്നെ മറ്റു ഫൈനുകൾ എങ്ങനെ അദ്ദേഹത്തിന്റെ വിലാസത്തിലേക്ക് എത്തി ?

ഫൈനുകളിൽ ഒരെണ്ണം വണ്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നായതിനാൽ A1 ക്യാമറ പകർത്തിയ ചിത്രം സഹിതം സ്റ്റേഷൻ പരിധിയിൽ അന്വേഷണം ആരംഭിച്ചു. പരാതിക്കാരന്റെ വാഹനത്തിന്റെ എൻജിൻ നമ്പറും, ചെയ്‌സിസ് നമ്പറും അടക്കം എടുത്തായിരുന്നു അന്വേഷണം തുടർന്നത്. ഒടുവിൽ പരാതിക്കാരന്റെ ബൈക്കിന്റെ ‘ഇരട്ട‘ സഹോദരനും ഉടമയും കസ്റ്റഡിയിലായി. എൻജിൻ നമ്പറും, ചെയ്‌സിസ് നമ്പറും പരിശോധിച്ചതിൽ വണ്ടി വേറെയാണെന്നും, പരാതിക്കാരന്റെ വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് ഓടുകയായിരുന്നു  എന്നും മനസ്സിലായി. ഇടുക്കിയിൽ നിന്നും OLX വഴി വാങ്ങിയ ബൈക്ക് ആയിരുന്നു കഥയിലെ വില്ലൻ. പരാതിക്കാരൻ ഇടുക്കിയിൽ ഒരാൾക്ക് വാഹനത്തിന്റെ RC ബുക്ക് പണയം വച്ചിരുന്നു. പണയം വാങ്ങിയ മറ്റൊരു വ്യക്തി ഇതേ RC ഉപയോഗിച്ച്, വാഹനം നമ്പർ മാറ്റി OLX വഴി വിറ്റു. വാങ്ങിയ ആളാകട്ടെ, വാഹനത്തിന്റെ രേഖകൾ പരിശോധിക്കാതെയും, വാഹനം സ്വന്തം പേരിലാക്കാതെയും വാഹനമുപയോഗിച്ച് തുടർച്ചയായി നിയമലംഘനങ്ങൾ നടത്തികൊണ്ടേയിരുന്നു. തുടരന്വേഷണത്തിനായി പരാതി ഇടുക്കിയിലേക്ക് കൈമാറിയിട്ടുണ്ട്. ഇനി നിങ്ങൾ പറയൂ .. A1 ക്യാമറ വില്ലനാണോ ?’

ഗുണപാഠം 1:  വാഹനം വിൽക്കുമ്പോഴും വാങ്ങുമ്പോഴും RC ബുക്കിലെ പേരും വിലാസവും മാറ്റാൻ ശ്രദ്ധിക്കണം.

2: വാഹനത്തിന്റെ രേഖകൾ  യാതൊരു കാരണവശാലും മറ്റൊരാൾക്ക് കൈമാറരുത്.

Back to top button
error: