IndiaNEWS

വായു മലിനീകരണം: 20 അധിക സര്‍വീസുകള്‍ ആരംഭിച്ച് ഡല്‍ഹി മെട്രോ, രണ്ട് ദിവസം സ്കൂളുകൾക്ക് അവധി

       വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഡല്‍ഹി മെട്രോ 20 അധിക ട്രെയിന്‍ സര്‍വീസുകള്‍ നടത്തും. ഡല്‍ഹിയിലും സമീപ നഗരങ്ങളിലും പൊതുഗതാഗതം ഉപയോഗിക്കാന്‍ കൂടുതല്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മലിനീകരണ നിയന്ത്രണ ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്താണ് പുതിയ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്.

ഇതിനോടൊപ്പം വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍, സ്വകാര്യ, പ്രൈമറി സ്‌കൂളുകള്‍ക്കും അടുത്ത രണ്ട് ദിവസം അവധി നൽകുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു.

Signature-ad

ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) ഇന്നലെ വൈകുന്നേരം 5 മണിക്ക് 402 ആയിരുന്നു. മലിനീകരണം വര്‍ധിച്ച സാഹചര്യത്തില്‍ ഒക്ടോബര്‍ 25 മുതല്‍ തന്നെ  തിങ്കള്‍ മുതൽ വെള്ളി വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ ഡല്‍ഹി മെട്രോ ഇതിനകം 40 അധിക ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് ഇപ്പോള്‍ 20 സര്‍വീസ് കൂടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ആകെ 60 സര്‍വീസുകളാണ് നടത്തുക.

അതേസമയം മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികള്‍ ദില്ലി സര്‍ക്കാര്‍ നടപ്പാക്കി തുടങ്ങിയിരുന്നു. ഡല്‍ഹിയിലെ  എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെച്ചിരിക്കുകയാണ്. ഡീസല്‍ ട്രക്കുകളുടെ പ്രവേശനവും നിരോധിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇലക്ട്രിക് – സിഎന്‍ജി വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും മെട്രോ സര്‍വീസുകളെ ആശ്രയിക്കാനും നിർദേശം ഉണ്ട്. ഹോട്ടലുകളിലും മറ്റും വിറകും കല്‍ക്കരിയും ഉപയോഗിച്ചുള്ള അടുപ്പുകളും ഉപയോഗിക്കുന്നതിൽ നിരോധനമുണ്ട്.

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്നു. ശൈത്യകാലം ആരംഭിച്ചതോടെയാണ് വായു മലിനീകരണം രൂക്ഷമായത്. അന്തരീക്ഷമലിനീകരണ സൂചിക ഇന്ന് 309 ആയി ഉയര്‍ന്നു. .ഡല്‍ഹിയില്‍ ശനിയാഴ്ച വായുമലിനീകരണ തോത് 173 ആയിരുന്നു. ഒറ്റ ദിവസംകൊണ്ടാണ് മുന്നൂറിന് മുകളിലെത്തിയത്.

ഡല്‍ഹി സര്‍വകലാശാല മേഖലയില്‍ 330, വിമാനത്താവള മേഖലയില്‍ 325 എന്നിങ്ങനെയാണ് മലിനീകരണ തോത് ഇന്ന് രേഖപ്പെടുത്തിയത്. അയല്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കൂടിയതാണ് വായുനിലവാരം ഇടിയാന്‍ കാരണം. വരും ദിവസങ്ങളിലും വളരെ മോശം അവസ്ഥയില്‍ വായുമലിനീകരണ തോത് തുടരുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്.

Back to top button
error: