KeralaNEWS

ഇസ്രയേൽ അതിർത്തി മറികടന്ന് ഹമാസ് നടത്തിയത് പ്രത്യാക്രമണം; ശശി തരൂരിന്റെ നിലപാട് തള്ളി യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ

തിരുവനന്തപുരം: ഇസ്രയേൽ അതിർത്തി മറികടന്ന് ഹമാസ് നടത്തിയത് പ്രത്യാക്രമണമാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഹമാസിനെ ഭീകര സംഘടനയായി ചിത്രീകരിക്കുന്നത് പാശ്ചാത്യ മാധ്യമങ്ങളാണ്. കോൺഗ്രസ് എന്നും പലസ്തീനൊപ്പമാണ് നിലകൊണ്ടത്. അത് ഇന്നത്തെ നിലപാടല്ല, പണ്ട് മുതലേ അതാണ് പാർട്ടി നയമെന്നും ഹസ്സൻ പറഞ്ഞു. മുസ്ലിം ലീഗ് വേദിയിൽ ഹമാസ് ഭീകരരെന്ന ശശി തരൂരിന്റെ നിലപാട് തള്ളുന്നതാണ് യുഡിഎഫ് കൺവീനറും കോൺഗ്രസ് നേതാവുമായ എംഎം ഹസ്സന്റെ നിലപാട്.

പിണറായിയുടെ ബസ് യാത്രയും മോദിയുടെ രഥ യാത്രയും അഴിമതി യാത്രകളാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നേട്ടം വിവരിക്കാൻ ഉള്ള യാത്ര ധൂർത്താണ്. ജന സദസിൽ മുഴുവൻ നടക്കുന്നത് പിരിവാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ക്വോട്ട വെച്ചാണ് പിരിവ്. കേരളീയത്തിനു ടെണ്ടറില്ലാതെ 27 കോടി രൂപയാണ് പൊടിക്കുന്നത്. തലസ്ഥാനത്തെ വെള്ളക്കെട്ട് പോലും പരിഹരിക്കാതെയാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Signature-ad

മുസ്ലിം ലീഗ് വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം അടർത്തിയെടുത്ത് വിവാദമാക്കേണ്ടെന്ന് ശശി തരൂർ വിശദീകരിച്ചതിന് പിന്നാലെയാണ് ഹസൻ ഹമാസിനെ അനുകൂലിച്ച് രംഗത്ത് വന്നത്. ഇന്ന് നടത്തിയ വിശദീകരണ പ്രതികരണത്തിൽ ഹമാസ് ഭീകരസംഘടനയെന്ന നിലപാട് തരൂർ തിരുത്തിയിരുന്നില്ല. വിവാദം ആളിക്കത്താതെ അവസാനിപ്പിക്കാനാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമം. പലസ്തീൻ ഐക്യദാർഢ്യ നിലപാടുകൾ ലോകത്തെവിടെ നടന്നാലും പിന്തുണക്കുമെന്ന് എംവി ഗോവിന്ദൻ പ്രതികരിച്ചു. തരൂർ പറഞ്ഞത് യാഥാർത്ഥ്യമാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാൽ എല്ലാം വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് വിമർശിച്ച് കെ സുരേന്ദ്രനും രംഗത്ത് വന്നു.

Back to top button
error: