സൂറിച്ച്: ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി ലോക ചാമ്പ്യൻമാരായാ അർജൻറീന. ലോകകപ്പ് യോഗ്യകാ പോരാട്ടങ്ങളിൽ ഇക്വഡോറിനെയും ബൊളീവിയയെയും തകർത്തതാണ് അർജൻറീനയുടെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഫ്രാൻസ് സൗഹൃദ മത്സരത്തിൽ ജർമനിയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റതും അർജൻറീനക്ക് ഗുണകരമായി. ആദ്യ പത്ത് റാങ്കുകളിൽ മാറ്റമൊന്നുമില്ല.
ബ്രസീൽ മൂന്നാമതും ഇംഗ്ലണ്ട് നാലാമതും ബെൽജിയം അഞ്ചാമതും തുടരുന്നു. ക്രൊയേഷ്യ, നെതർലൻഡ്സ്, പോർച്ചുഗൽ, ഇറ്റലി സ്പെയിൻ എന്നിവരും ആദ്യ പത്തിലുണ്ട്. നാലു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ഓസ്ട്രിയ(25), ഹംഗറി(32) എന്നിവരാണ് റാങ്കിംഗിൽ നേട്ടമുണ്ടാക്കിയ മറ്റ് രണ്ട് ടീമുകൾ. സ്ലോവേനിയക്കും കസാഖിസ്ഥാനുമെതിരെ തോറ്റ നോർത്തേൺ അയർലൻഡാണ് റാങ്കിംഗിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായ ടീം. പത്ത് സ്ഥാനം താഴേക്കിറങ്ങിയ നോർത്തേൺ അയർലൻഡ് പുതിയ റാങ്കിംഗിൽ 74-ാം സ്ഥാനത്താണ്.
അതേസമയം കിംഗ്സ് കപ്പിൽ റാങ്കിംഗിൽ താഴെയുള്ള ലെബനനോട് തോറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. ജൂലൈയിൽ പുറത്തുവിട്ട റാങ്കിംഗിൽ 99-ാം സ്ഥാനത്തായിരുന്ന ഇന്ത്യ പുതിയ റാങ്കിംഗിൽ മൂന്ന് സ്ഥാനം താഴേക്കിറങ്ങി 102 -ാം സ്ഥാനത്താണ്. കിംഗ്സ് കപ്പിൽ ഏകപക്ഷീയമാ ഒരു ഗോളിനാണ് ഇന്ത്യ തോറ്റത്. ഇൻറർനാഷണൽ കപ്പ്, സാഫ് കപ്പ് ടൂർണമെൻറുകളില മികച്ച പ്രകടനങ്ങളാണ് ഇന്ത്യയെ കഴിഞ്ഞ റാങ്കിംഗിൽ ആദ്യ 100ൽ എത്തിച്ചത്. ഇന്ത്യക്ക് പകരം രണ്ട് സ്ഥാനം ഉയർന്ന മൗറിട്ടാനിയ ആണ് പുതിയ റാങ്കിംഗിൽ 99-ാം സ്ഥാനത്ത്. നാലു സ്ഥാനം മെച്ചപ്പെടുത്തിയ കസാഖിസ്ഥാൻ ആണ് 100-ാം റാങ്കിൽ. ഏഷ്യൻ ടീമുകളിൽ ഇന്ത്യ പതിനെട്ടാം സ്ഥാനത്താണ്. വനിതാ ടീം റാങ്കിംഗിൽ ഇന്ത്യ 66-ാമതാണ്.