ഉദ്ദേശശുദ്ധിയുള്ള കര്‍മ്മത്തിന്റെ വൈശിഷ്ട്യമാണ് നല്ല ജീവിതം സാധ്യമാക്കുന്നത്
വെളിച്ചം
വലിയ ഈശ്വരവിശ്വാസിയായ അയാൾ തന്റെ പ്രിയപ്പെട്ട തത്തയേയും പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചിരുന്നു. ഒരുദിവസം പൂച്ച ഒറ്റയടിക്ക് ആ തത്തയെ കൊന്നു. ഇത് കണ്ട് അയാള്‍ കരച്ചിലായി. അയാളുടെ സങ്കടം കണ്ട് അയല്‍വാസി ഒരു പുതിയ തത്തയെ വാങ്ങിക്കൊടുക്കാം എന്ന് വാഗ്ദാനം നൽകി.
അയാള്‍ പറഞ്ഞു:
“തത്ത പോയതിലല്ല എനിക്ക് വിഷമം , മരണസമയത്ത് ചൊല്ലേണ്ട ഒരു പ്രാര്‍ത്ഥന ഞാന്‍ ആ തത്തെയ പഠിപ്പിച്ചിരുന്നു. പൂച്ചയുടെ അടികിട്ടിയപ്പോള്‍ അതെല്ലൊം മറന്ന് ഉറക്കെകരഞ്ഞുകൊണ്ടാണ് ആ തത്ത ചത്തത്. ഞാന്‍ അതിനെ പഠിപ്പിച്ചത് വെറുതെയായിപ്പോയല്ലോ എന്നോര്‍ത്താണ് കരഞ്ഞത്….”
ഇത് കേട്ട് അയല്‍ക്കാരന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞുനടന്നു.
ഏര്‍പ്പെടുന്ന കര്‍മ്മത്തിന്റെ ഉദ്ദേശശുദ്ധിയാണ് ആ കര്‍മ്മത്തിന്റെ വൈശിഷ്ട്യം നിര്‍ണ്ണയിക്കുന്നത്. ഒരേ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന പലര്‍ക്കും ഉദ്ദേശം വ്യത്യസ്തമാണ്. ദാനം ചെയ്യുന്നതില്‍ സുകൃതം ലക്ഷ്യമാക്കുന്നവരും പെരുമ ലക്ഷ്യമാക്കുന്നവരുമുണ്ട്. ആദര്‍ശത്തിന് വേണ്ടിയും ആദരവ് നേടാന്‍ വേണ്ടിയും കര്‍മ്മരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമുണ്ട്.
ഇടക്കാലാശ്വാസത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ മിനിമം കാര്യങ്ങളില്‍ തങ്ങളുടെ വ്യവഹാരങ്ങള്‍ അവസാനിപ്പിക്കും.
എല്ലാവരുടേയും ദൃഷ്ടിപതിയുന്ന പൊടിക്കൈകളിലായിരിക്കും അവരുടെ ശ്രദ്ധ.
തൊഴില്‍ നേടാന്‍ പഠിക്കുന്നതും പരീക്ഷ ജയിക്കാന്‍ പഠിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഏതു പ്രവൃത്തിയുടേയും അവസാനലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ ചില ഉപലക്ഷ്യങ്ങളുടെ സഫലീകരണമുണ്ടായിരിക്കണം. അവസാനനിമിഷം എന്തു ചെയ്തു എന്നതിനേക്കാള്‍ പ്രധാനമാണ് അത് വരെ എന്തുചെയ്തു എന്നത്. നല്ല മരണം നേടാനല്ല, നല്ല ജീവിതം സാധ്യമാക്കാനാണ് നാം സ്വയം പരിശീലിക്കേണ്ടത്.
ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ.
ചിത്രം: നിപു കുമാർ