റിയാദ്: കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 10 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ ബല്‍വീന്ദര്‍ സിങ് മോചിതനായി. കൊല്ലപ്പെട്ട ഈജിപ്തുകാരന്റെ കുടുംബത്തിന് 2.21 കോടി രൂപ ദയാധനം (ബ്ലഡ് മണി) നല്‍കിയതോടെയാണ് പഞ്ചാബ് മുഖ്തസര്‍ സാബ് മല്ലാന്‍ സ്വദേശി ബല്‍വീന്ദര്‍ സിങിന്റെ മോചനം സാധ്യമായത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ വൈകിട്ട് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇദ്ദേഹം അമൃത്സറിലേക്ക് തിരിച്ചു.
വര്‍ഷങ്ങളോളം റിയാദ് ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും നടത്തിയ പരിശ്രമത്തിലൂടെയാണ് മരണത്തെ മുഖാമുഖം കണ്ട ബല്‍വീന്ദര്‍ ജീവിതം തിരിച്ചുപിടിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ദയാധനം നല്‍കിയാല്‍ മാപ്പ് നല്‍കാമെന്ന് കൊല്ലപ്പെട്ട ഈദ് ഇബ്രാഹീമിന്റെ കുടുംബം സമ്മതിച്ചത്. മോചനം സാധ്യമാക്കാന്‍ സൗദി അധികാരികള്‍ നല്‍കിയ നിരന്തരമായ പിന്തുണക്ക് ഇന്ത്യന്‍ എംബസി എക്സ് (പഴയ ട്വിറ്റര്‍) പ്ലാറ്റ്ഫോമിലൂടെ നന്ദി അറിയിച്ചു.
മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് ഇരയുടെ കുടുംബം അറിയിച്ചതായി അപ്പീല്‍ കോടതിയെ അറിയിച്ചു. ആറ് മാസത്തിനുള്ളില്‍ ദയാധനം നല്‍കിയാല്‍ വധശിക്ഷ ഒഴിവാക്കാമെന്ന് അപ്പീല്‍ കോടതി ഉത്തരവിട്ടതോടെ ഇന്ത്യയില്‍ നിന്ന് പണം മുഴുവന്‍ സ്വരൂപിച്ച് കോടതിയില്‍ അടയ്ക്കുകയായിരുന്നു. മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചുനടത്തിച്ച എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി, സാമൂഹിക പ്രവര്‍ത്തകന്‍ യാക്കൂബ് ഖാന്‍ എന്നിവര്‍ ഇന്നലെ വിമാനത്താവളത്തില്‍ ബല്‍വീന്ദറിനെ യാത്രയാക്കാനെത്തിയിരുന്നു.
റിയാദിലെ അസീസിയയില്‍ താമസസ്ഥലത്തുണ്ടായ അടിപിടിക്കിടെയാണ് ഈദ് ഇബ്രാഹീം കൊല്ലപ്പെട്ടത്. 2013 മെയ് 25നായിരുന്നു സംഭവം. തൊഴിലാളികളെ ഭീഷണിപ്പെടുത്താന്‍ രാത്രി ഒമ്പത് മണിക്ക് ഈദ് ഇബ്രാഹീം കത്തിയുമായി ടോയ്ലെറ്റിന് സമീപം എത്തിയതായിരുന്നു. ഭീഷണിപ്പെടുത്തിയപ്പോള്‍ ബല്‍വീന്ദര്‍ സിങും ബന്ധുവായ ജിതേന്ദര്‍ സിങും ചേര്‍ന്ന് പ്രതികരിച്ചു. തലയിലും ശരീരത്തിലും വടികൊണ്ടുള്ള അടിയേറ്റ് ഈദ് നിലത്ത് വീണു. സഹപ്രവര്‍ത്തകര്‍ ഈദിനെ റൂമില്‍ കൊണ്ടുപോയി കിടത്തിയെങ്കിലും രക്തംവാര്‍ന്ന് മരണപ്പെടുകയായിരുന്നു.
വിചാരണാ കോടതി ബല്‍വീന്ദര്‍ സിങിന് വധശിക്ഷയും ജിതേന്ദര്‍ സിങിന് മൂന്നു വര്‍ഷം തടവും വിധിച്ചു. ജിതേന്ദര്‍ സിങ് ജയില്‍ശിക്ഷ കഴിഞ്ഞ് നാട്ടിലേക്ക് പോയിരുന്നു. മേല്‍ക്കോടതിയും വധശിക്ഷ ശരിവച്ചതോടെ കേസില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബല്‍വിന്ദറിന്റെ ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടാവുന്നത്. രാജസ്ഥാന്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകന്‍ മുഹമ്മദ് യാക്കൂബ് ഖാനെ ബന്ധുക്കള്‍ക്ക് വേണ്ടി കേസിലിടപെടാന്‍ ഇന്ത്യന്‍ എംബസി ചുമതലപ്പെടുത്തി. ബന്ധുക്കള്‍ യാക്കൂബിന്റെ പേരില്‍ പവര്‍ ഓഫ് അറ്റോര്‍ണിയും നല്‍കി.
ഇരയുടെ കുടുംബത്തില്‍ നിന്നുള്ള ദയാഹര്‍ജി ലഭിക്കലാണ് വധശിക്ഷയില്‍ നിന്ന് രക്ഷിക്കാനുള്ള മാര്‍ഗമെന്നതിനാല്‍ യാക്കൂബ് ഇതിനുള്ള ശ്രമമാരഭിച്ചു. ഈജിപ്ഷ്യന്‍ എംബസിയിലെത്തി അറ്റാഷെയുമായി സംസാരിക്കുകയും അവര്‍ ഈദ് ഇബ്രാഹീമിന്റെ കുടുംബത്തെ ബന്ധപ്പെടുകയും ചെയ്തു. 25 ലക്ഷം റിയാലാണ് ദിയാധനമായി ആവശ്യപ്പെട്ടത്. തുടര്‍ചര്‍ച്ചകളിലൂടെ പത്ത് ലക്ഷം റിയാലായി ചുരുക്കാന്‍ കുടുംബം സമ്മതിച്ചു. വിധി നടപ്പാക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെയാണിത്.
ഇന്ത്യന്‍ എംബസി അപ്പീല്‍ കോടതിയെ സമീപിച്ച് ശരീഅത്ത് നിയമപ്രകാരം ഇരയുടെ കുടുംബം മാപ്പ്നല്‍കാന്‍ തയ്യാറാണെന്ന കാര്യം ബോധിപ്പിച്ചു. ആറ് മാസത്തിനുള്ളില്‍ പണം നല്‍കാനും ഇല്ലെങ്കില്‍ ശിക്ഷ നടപ്പാനും 2021 നവംബര്‍ 23ന് ഉത്തരവുണ്ടായി. കോടതിയുടെ സുപ്രധാന വിധി ലഭിച്ചതോടെ നാട്ടില്‍ നിന്ന് പലരില്‍ നിന്നായി പണം സ്വരൂപിച്ച് കോടതിക്ക് കൈമാറി. എന്നിട്ടും പലവിധ കാരണങ്ങളാല്‍ ജയില്‍മോചനം വൈകി. കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസത്തിനു പുറമേ ബല്‍വീന്ദറിന്റെ വിരലടയാളം പതിയാത്തതും വിലങ്ങുതടിയായി. ഇത് പരിഹരിച്ചതോടെ സ്പോണ്‍സര്‍ ഹുറൂബാക്കിയതായി തെളിഞ്ഞു. തൊഴിലുടമയെ കണ്ട് ഹുറൂബ് പിന്‍വലിപ്പിച്ചതോടെയാണ് ഫൈനല്‍ എക്സിറ്റ് വിസ ലഭിച്ചത്.
കേസില്‍ തുടക്കം മുതല്‍ എംബസിയെ പ്രതിനിധീകരിച്ച് യൂസുഫ് കാക്കഞ്ചേരിയും കുടുംബത്തെ പ്രതിനിധീകരിച്ച് യാക്കൂബ് ഖാനുമാണ് കോടതിയിലെത്തിയിരുന്നത്. യാക്കൂബിന് കേസ് കഴിയുന്നത് വരെ കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലേക്ക് തിരിക്കുന്നതിന് റിയാദ് എയര്‍പോര്‍ട്ടിലെത്തിയ ബല്‍വീന്ദര്‍ സിങ് എംബസി അറ്റാഷെ രാജീവ്, ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും എംബസി പോസ്റ്റ് ചെയ്തു.