അടുത്ത മാസം മധ്യത്തോടെ അറബിക്കടലില്‍ ന്യൂനമര്‍ദത്തിനും ചുഴലിക്കാറ്റിനും സാധ്യത ഉരുത്തിരിഞ്ഞതാണ് മഴപ്രതീക്ഷ വാനോളം ഉയര്‍ത്തിയത്.ഇടിയോടുകൂടിയ ശക്‌തിയേറിയ മഴ രണ്ടാഴ്‌ചയോളം പെയ്യുമെന്ന് ഗവേഷകർ പറയുന്നു.
ഓണത്തിനോട് തുടര്‍ന്നുള്ള ദിവസങ്ങളിലും പരക്കെ മഴ ലഭിക്കുമെങ്കിലും ദുര്‍ബലമായിരിക്കും. എന്നാല്‍, അടുത്ത മാസം ആദ്യത്തോടെ ഒറ്റപ്പെട്ട കനത്ത മഴ സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും പെയ്യും. ഇതു തുടര്‍ന്നുള്ള ദിവസങ്ങളിലുമുണ്ടാകും. രണ്ടാം വാരത്തോടെ അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമുണ്ടാകുന്ന കാലാവസ്‌ഥാ മാറ്റങ്ങളോടെ മഴ ശക്‌തമാകുമെന്നും ഗവേഷകര്‍ വ്യക്‌തമാക്കുന്നു.
ഒന്നരമാസത്തെ ഇടവേളയ്‌ക്കുശേഷമുണ്ടാകുന്ന മഴയില്‍ കൂമ്ബാരമേഘ(കുമുലോ നിംബസ്)ങ്ങളുടെ സാന്നിധ്യമുണ്ടാകും. ഇടിയും മിന്നലും സൃഷ്‌ടിക്കുന്നതിനൊപ്പം അതിതീവ്രമഴയ്‌ക്കും ഇതു കാരണമാകും. കൂമ്ബാരമേഘ മഴ കടുത്താല്‍ ലഘുമേഘവിസ്‌ഫോടനത്തിനും ഇടവരുത്തും.
അറബിക്കടല്‍ സാധാരണയിലും രണ്ടു ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടിയ അവസ്‌ഥയിലാണിപ്പോള്‍. ഇത് മണ്‍സൂണില്‍ ന്യൂനമര്‍ദ സാധ്യത കൂട്ടിയിട്ടുണ്ട്. ന്യൂനമര്‍ദം ശക്‌തിപ്രാപിച്ച് സെപ്‌റ്റംബര്‍ രണ്ടാം വാരത്തില്‍തന്നെ അറബിക്കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുള്ളതായി കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ വിഭാഗം മേധാവി ഡോ. എസ്. അഭിലാഷ് ചൂണ്ടിക്കാട്ടി.
ചുഴലിക്കാറ്റുണ്ടായാല്‍ കനത്ത മഴ പ്രതീക്ഷിക്കാം. തീരത്തോട് അടുത്താണെങ്കില്‍ അതിതീവ്ര മഴയാകും ഫലം. പസഫിക്ക് മേഖലയില്‍ കടല്‍ ചൂട് കൂട്ടുന്ന എല്‍നിനോ പ്രതിഭാസമാണ് ഈ സീസണിലെ മഴയ്‌ക്ക് കനത്ത തിരിച്ചടിയാകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.