KeralaNEWS

മലയാള സിനിമയിലെ ചിരിയുടെ തമ്പുരാനായ സംവിധായകന്‍ സിദ്ദിഖ് വിട  വാങ്ങി

    മലയാളികളെ കുടെ കുടെ ചിരിപ്പിച്ച നിരവധി ചിത്രങ്ങൾ ഒരുക്കിയ പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (69) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 10 ന് ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിക്കുകയും, ആരോഗ്യ നില വഷളാവുകയും ചെയ്തു. പിന്നീട് എക്‌മോ സഹായത്തോടെ വെന്റിലേറ്ററില്‍ ചികിത്സ ആരംഭിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല.

1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദിഖ്, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സജീവമായിരുന്നു.

Signature-ad

1954 ഓഗസ്റ്റ് ഒന്നിന് ഇസ്മയില്‍ ഹാജിയുടേയും സൈനബയുടേയും മകനായി കൊച്ചിയിലാണ് സിദ്ദിഖിന്റെ ജനനം. കളമശേരി സെന്റ് പോള്‍സ് കോളേജില്‍ നിന്ന് ബിരുദം നേടി. കൊച്ചിന്‍ കലാഭവനിലൂടെയാണ് കലാരംഗത്തേയ്ക്ക് എത്തുന്നത്. ഭാര്യ: സജിത. മക്കള്‍: സൗമ്യ, സാറ, സുകൂണ്‍.

1983ല്‍ പ്രശസ്ത സംവിധായകനായ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദിഖ് സിനിമാ രംഗത്തേക്കു വരുന്നത്. കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്ന സിദ്ദിഖിനെയും ലാലിനെയും ഫാസിലാണ് കണ്ടെത്തി സിനിമയിലേക്ക് എത്തിക്കുന്നത്. 6 വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ദിഖും ലാലും കൈകോര്‍ത്തതോടെ മലയാള സിനിമയില്‍ ജനപ്രിയമായ കുറേയേറെ ചിത്രങ്ങള്‍ പിറന്നു. വര്‍ഷങ്ങള്‍ക്കുശേഷം കൂട്ടുകെട്ടു പിരിഞ്ഞെങ്കിലും സിദ്ദിഖ് സംവിധാന രംഗത്തുതന്നെ തുടർന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും സംവിധായകന്റെ മേലങ്കി  അണിഞ്ഞ സിദ്ദിഖ് ബോഡി ഗാര്‍ഡിന്റെ ഹിന്ദി പതിപ്പൊരുക്കി ഹിന്ദിയിലും തരംഗം സൃഷ്ടിച്ചു . മലയാള സിനിമാ ചരിത്രത്തില്‍ ഒരു പിടി ഹിറ്റുകള്‍ അവശേഷിച്ചാണ് പ്രിയ സംവിധായകന്‍ വിട പറയുന്നത്

റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലര്‍, ബോഡി ഗാര്‍ഡ്, കാവലന്‍, ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയവയാണു പ്രധാന ചിത്രങ്ങള്‍. നിരവധി ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കുകയും ചെയ്തു. ഇതിനിടെ പല സിനിമകളിലും അഭിനേതാവിന്റെ കുപ്പായവും സിദ്ദിഖ് അണിഞ്ഞു. വിവിധ ടിവി പരിപാടികളുടെ അവതാരകനുമായിരുന്നു. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

Back to top button
error: