KeralaNEWS

വർഗീയത പ്രചരിപ്പിക്കുന്നതിൽ എഎൻ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, മിത്ത് വിവാദത്തിൽ നിയമസഭയ്ക്ക് മുന്നിൽ നാമജപ ഘോഷയാത്ര നടത്തുമെന്നും കെ സുരേന്ദ്രൻ

കാസർകോട്: മിത്ത് വിവാദത്തിൽ സംസ്ഥാന നിയമസഭയ്ക്ക് മുന്നിൽ നാമജപ ഘോഷയാത്ര നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിഷയത്തിൽ കോൺഗ്രസ് നിലപാട് ഇരട്ടത്താപ്പാണെന്ന് പറഞ്ഞ അദ്ദേഹം വർഗീയത പ്രചരിപ്പിക്കുന്നതിൽ സ്പീക്കർ എഎൻ ഷംസീറിന്റെ മൂത്താപ്പയാണ് മന്ത്രി പിഎ മുഹമ്മദ് റിയാസെന്നും കുറ്റപ്പെടുത്തി.

പാർട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നത് മുഹമ്മദ്‌ റിയാസാണെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ബോധപൂർവമായ വർഗീയ നീക്കമാണ് നടക്കുന്നതെന്നും എംവി ഗോവിന്ദൻ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്ത് പ്രതികരിക്കും എന്നറിയണം. എഎൻ ഷംസീർ മാപ്പ് പറയുന്നവരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

Signature-ad

പത്താം തിയതി നിയമസഭക്ക് മുൻപിൽ നാമ ജപ ഘോഷയാത്ര നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. എഎൻ ഷംസീറിന്റെ അധ്യക്ഷതയിൽ കോൺഗ്രസ്‌ നിയമസഭ സമ്മേളനത്തിന് കൂടുമോയെന്ന് വ്യക്തമാക്കണം. നിയമ സഭക്കുള്ളിൽ സ്പീക്കറെ ബഹിഷ്കരിക്കുമോയെന്ന് കോൺഗ്രസ്‌ വ്യക്തമാക്കണം. ശബരിമല വിഷയത്തിലും കോൺഗ്രസ്‌ നിലപാട് ഇതായിരുന്നു. ഒരു ഘട്ടത്തിലും കോൺഗ്രസുമായി യോജിച്ച് സമരത്തിനില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

എംവി ഗോവിന്ദൻ സിപിഐഎമ്മിൽ റബ്ബർ സ്റ്റാമ്പ് ആണോയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. എംവി ഗോവിന്ദന്റെ അപ്പുറം പറയാനുള്ള ധാർഷ്ട്യം മുഹമ്മദ് റിയാസിന് എങ്ങനെ കിട്ടുന്നു? മരുമകൻ പറഞ്ഞതാണോ പാർട്ടി സെക്രട്ടറി പറഞ്ഞതാണോ സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: