KeralaNEWS

ഏക സിവില്‍ കോഡിലെ നിലപാടുകൾ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ബുധനാഴ്ച കെപിസിസി നേതൃയോഗം

തിരുവനന്തപുരം: ഏക സിവില്‍ കോഡിലെ നിലപാടുകൾ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ബുധനാഴ്ച കെപിസിസി നേതൃയോഗം ചേരുമെന്ന് റിപ്പോർട്ട്. എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, പോഷകസംഘടന അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ ജനവിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടത്തിന് കോണ്‍ഗ്രസ് നേതൃയോഗം രൂപം കൊടുക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു.

ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസിലും മുസ്ലിം ലീഗിലും ഭിന്നസ്വരമാണെന്ന് പുറത്തുവരുന്ന പരാമർശങ്ങൾ സൂചിപ്പിക്കുന്നു. ഹൈക്കമാന്റ് തീരുമാനം അറിയിക്കട്ടെയന്ന് കെ സുധാകരൻ പറഞ്ഞെങ്കിലും സിവിൽ കോഡ് നടപ്പാക്കരുതെന്നാണ് വിഡി സതീശൻ പ്രതികരിച്ചത്. സിപിഎം നിലപാടിനെ ലീഗ് ജനറൽ സെക്രട്ടറി സ്വാഗതം ചെയ്തെങ്കിലും ആത്മാർത്ഥതിയില്ലാത്ത നിലപാടാണ് ഇടത് പാർട്ടിയുടേതെന്ന് എം കെ മുനീർ വിമർശിച്ചു.

Signature-ad

ഏക സിവിൽ കോഡ് വിഷയം സജീവമാക്കാനുള്ള സിപിഎം നീക്കത്തെ ശക്തമായി വിമർശിച്ച് കെ സി വേണുഗോപാലും വിഡി സതീശനും രംഗത്തെത്തിയിരുന്നു. കേരള സർക്കാരെടുത്ത പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലെ കേസുകൾ പിൻവലിച്ചിട്ട് പോരെ പുതിയ സമരമെന്ന് കോൺഗ്രസ് നേതാക്കൾ ചോദിച്ചു. കേരളത്തിലെ രാഷ്ട്രീയം ഏക സിവിൽ കോഡിനെ ചുറ്റിപ്പറ്റി ചൂട് പിടിക്കുന്നത് തിരിച്ചറിഞ്ഞാണ് കെ സി വേണുഗോപാലിന്റെയും വിഡി സതീശന്റെയും പ്രതികരണം. എന്നാൽ ഇക്കാര്യത്തിൽ കെപിസിസിക്ക് മാത്രമായി നിലപാട് പറയാനാകില്ലെന്ന് കെ സുധാകരൻ പറഞ്ഞതോടെ കോൺഗ്രസിലെ ആശയക്കുഴപ്പം പ്രകടമായിട്ടുണ്ട്.

അതേസമയം, വിഷയത്തിൽ ലീഗ് നേതാക്കളുടെ പ്രതികരണങ്ങളിലും ഭിന്നതയുണ്ട്. സിവിൽ കോഡിൽ സിപിഎം നയിക്കുന്ന പ്രതിഷേധത്തെ പിഎംഎ സലാം സ്വാഗതം ചെയ്തപ്പോൾ സിപിഎമ്മിനെ പൂർണ്ണമായും തള്ളുകയാണ് എം കെ മുനീർ. ആത്മാർത്ഥതയുണ്ടെങ്കിൽ പിണറായി വിജയൻ സിഎഎ കേസ് പിൻവലിച്ച് വരട്ടെയെന്ന് മുനീർ ആവശ്യപ്പെട്ടു. ഏക സിവിൽ കോഡ് മുസ്ലിം വിഷയമാണെന്ന് സിപിഎം ചിത്രീകരിക്കുന്നു. ബി ജെ പി യും അതാണ് ആഗ്രഹിക്കുന്നത്. മുസ്ലിം സമുദായത്തിൽ മാത്രമല്ല ഇത് ബാധിക്കുക. എല്ലാ സാമുദായിക നേതാക്കളെയുമാണ് സിപിഎം കൂട്ടായ്മക്ക് വിളിക്കേണ്ടത്. ഇപ്പോൾ അവർ തെരെഞ്ഞെടുക്കപ്പെട്ട ആളുകളെ മാത്രം വിളിക്കുന്നുവെന്നും മുനീർ വിമർശിച്ചു.

Back to top button
error: