എല്ലാത്തരം മണ്ണിലും റംബുട്ടാൻ വളരുമെങ്കിലും നല്ല നീർവാർച്ചയും, പശിമരാശിയും ഉള്ള മണ്ണാണ് നല്ല വളർച്ചയ്ക്കും, മികച്ച വിളവിനും അനുയോജ്യം. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ കൃഷി ഒഴിവാക്കേണ്ടതാണ്.ചരിവുള്ള സ്ഥലങ്ങൾ റംബുട്ടാൻ കൃഷിയ്ക്ക് അനുയോജ്യമാണ്. സൂര്യപ്രകാശം നന്നായി കിട്ടുന്ന സ്ഥലത്ത് റംബുട്ടാൻ കൃഷി ചെയ്യുവാൻ ശ്രദ്ധിക്കുക.
ജനുവരി,ഫെബ്രുവരി മാസങ്ങളിൽ റംബുട്ടാൻ പൂത്തു തുടങ്ങും. റംബുട്ടാൻ പൂക്കുന്ന സമയത്ത് പൂവിനു ചുറ്റും രാവിലെ ധാരാളം ചെറു പ്രാണികളും, തേനിച്ചകളെയും കാണാം. റംബുട്ടാൻ കൃഷി ചെയ്യുന്ന സ്ഥലത്ത് തേനീച്ചയില്ലെങ്കിൽ തേനീച്ച പെട്ടി പറമ്പിൽ കൊണ്ടുവന്ന് വച്ച് തേനീച്ചയെ വളർത്തുക. ഇത് നന്നായി കായ് പിടിക്കുന്നതിന് സഹായിക്കും.
റംബുട്ടാൻ വിളവെടുപ്പിന് ശേഷം ഉടൻ തന്നെ കമ്പുകോതണം. കമ്പുകോതിയ ശിഖരങ്ങളിൽ തളിർപ്പുകൾ വരുകയും അടുത്ത സീസണിൽ നന്നായി പൂക്കുകയും ചെയ്യും. റംബുട്ടാൻ മരങ്ങൾ ഉയരത്തിൽ വളരുന്ന തിനേക്കാൾ നല്ലത് പടർന്ന് പന്തലിക്കുന്നതാണ് ഇതിനായി ചെറുപ്രായത്തിൽ തന്നെ ചെടികളെ രൂപപ്പെടുത്തിയെ ടുക്കേണ്ടത് ആവശ്യമാണ്. ചെടികൾ ഏകദേശം 4 അടി ഉയരം എത്തുമ്പോൾ ശാഖകൾ മുളക്കാൻ തക്കവണ്ണം 2.5 -3 അടി ഉയരത്തിൽ മുറിച്ചു നിർത്താം. തുടർന്ന് വരുന്ന ശാഖകൾ ചെടികൾപടർന്ന് വളരുന്നതിന് വളരുന്നതിന് സഹായിക്കും.
കാര്യമായ കീട – രോഗബാധകൾ ഒന്നും തന്നെ റംബുട്ടാനെ ആക്രമിക്കുന്നതായി കാണുന്നില്ല. നീരൂറ്റി കുടിക്കുന്ന പ്രാണികളുടെ ശല്യത്തെ ഒഴിവാക്കാൻ ജൈവരീതിയിൽ നിംബിഡിൻ, നിംബിസി ഡിൻ തുടങ്ങിയവ 4 ml ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിക്കുക. റംബുട്ടാൻ പഴങ്ങളുടെ കൊഴിഞ്ഞു പോകൽ തടയുന്നതിനും, ഗുണമേന്മയുള്ള പഴങ്ങൾ കിട്ടുന്നതിനും 6 ml സ്യൂഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യുക.
റംബുട്ടാൻകായ് പഴുത്തു തുടങ്ങുമ്പോൾ അണ്ണാൻ, പക്ഷികൾ എന്നിവയുടെ ഉപദ്രവം കണാറുണ്ട് ഇത് ഒഴിവാക്കാൻ മരം മുഴുവൻ മൂടത്തക്കവിധം വല ഉപയോഗിച്ച് മൂടുക.